Thursday, July 20, 2006

സ്ത്രീ- ഒരു വിദൂര ദൃശ്യം

സ്ത്രീ.
ഒറ്റനക്ഷത്രമുള്ള ഒരാകാശം കണ്ണില്‍ നിറച്ചു
എന്റെ മുന്നിലിരുന്നു.
അവളുടെ കൈപ്പിടിയിലല്ലാത്ത ഒരു നക്ഷത്രം പോലും
എനിക്കു കണ്ടെത്താനായില്ല.

അവളുടെ വിരലുകള്‍ക്കവസാനമില്ലെന്നു ഭയന്നു
ഞാന്‍ മുഖമുയര്‍ത്തി.
അവളുടെ കൂര്‍ത്ത നോട്ടമേറ്റ്‌
ഞാന്‍ പിന്നോട്ടു തെറിച്ചു വീണു.

സ്ത്രീ
ഉറക്കങ്ങളുടെയും വിശ്രമങ്ങളുടെയും അധിപ.
ഇവ രണ്ടുമില്ലാതെ താണ്ടിയ ഉയരങ്ങളിലും ആഴങ്ങളിലും
പിന്നെയും സ്വപ്നങ്ങളാണു ഞങ്ങള്‍ക്കു കണ്ടെത്താനായത്‌.
അട്ടിയും തുന്നലും ഇളകിയവ.

ശേഷം, അവളെഴുന്നേറ്റു.
അവള്‍ പൂര്‍ണ നഗ്നയായിരുന്നു.
എന്റെ ശരീരം ഹൃദയം പോലെ മിടിച്ചു.
"അടുത്തേക്കു വരണമെന്നില്ല". ഞാന്‍ പറഞ്ഞു.

ദൂരെ നിന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന
ഒരു ദ്രാവകമാണു സ്തീ.
----------------

39 comments:

mariam said...

സ്ത്രീ- ഒരു വിദൂര ദൃശ്യം

Inji Pennu said...

ഈ മറിയം ഒരു ആണ്‍കുട്ടിയാണൊ? ഇതു വായിച്ചിട്ടെനിക്കങ്ങിനെ ഒരു തോന്നല്‍...

സു | Su said...

അല്ല. സ്ത്രീ ഒരു തൊട്ടാവാടിയാണ്. വാടുമെന്നറിഞ്ഞിട്ടും തലോടല്‍ കൊതിക്കുന്ന തൊട്ടാവാടി.

സ്ത്രീ ഒരു സീരിയലാണ്. ;)

ദില്‍ബാസുരന്‍ said...

തലോടിയാല്‍ സ്ത്രീ വാടും?
എല്‍ ജീ, ഈ ഒരു പോസ്റ്റ് വെച്ച് മറിയത്തിനെ പുരുഷന്‍ എന്ന് പറയുന്നതിനെ ഞാന്‍ തീവ്ര സ്ത്രീപക്ഷ വിഘടന വാദമായി ആരൊപിക്കുന്നു.

ആരും തെരയണ്ട.ഞാന്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നു.

viswaprabha വിശ്വപ്രഭ said...

മറിയം,

നീ വെറുതെ പുകഞ്ഞുതുടങ്ങിയേ ഉള്ളൂ?

അതോ നീ പൊട്ടിയൊഴുകുന്ന ലാവയാണോ എന്റെ കാലുകളെ ചുട്ടുപൊള്ളിക്കുന്നതിപ്പോള്‍?
താഴ്‌വാരങ്ങളില്‍ എനിക്കു പോവാനുള്ള ചവിട്ടടിപ്പാടുകള്‍ നീ ഉരുക്കിക്കളഞ്ഞു തുടങ്ങിയിരിക്കുന്നു...

മറിയമേ, ഹേ സ്ത്രീയേ, നീ പുരുഷാരത്തിനെ ഈ ജ്വാലാമുഖികളെക്കൊണ്ട് ജ്ഞാനസ്നാനം കഴിപ്പിക്കുന്നതെന്തിനു?

ഏതു വാഗ്ദത്തഭൂമിയിലേക്കു നീ ഞങ്ങളെ വഴി നടത്തിക്കും...!?

ഉള്ളുരുക്കുന്ന സത്യങ്ങളില്‍ നീ വിരല്‍ പായിക്കുമ്പോള്‍ എനിക്കറിയണ്ട നിന്റെ ജനുസ്സും ജെന്‍ഡറും...

നീ ആരായാലും വെറുതെ മറിയമായിരുന്നാല്‍ മതി....

സ്വാര്‍ത്ഥന്‍ said...

അടുക്കുംതോറും അറിയുന്നു, ആ ദ്രാവകം ആസിഡ് ആണെന്ന്, അളന്നെടുത്ത കുഞ്ഞു കുഞ്ഞു പാത്രങ്ങളെ ദ്രവിപ്പിച്ചു കളയുന്ന വീര്യമുള്ള ആസിഡ്!!
ദില്‍ബാ, ഞാന്‍ പിന്നാലെ...

kumar © said...

മറിയം
ദാരിദ്ര്യവും, കറുത്തതോക്കും ഒക്കെ വായിച്ചു.
വിരലിലെണ്ണാവുന്ന വരികളിലൂടറിഞ്ഞു, ഒരു പ്രതിഭയുടെ തിരനോട്ടം. ഇനി ആട്ടം നടക്കട്ടെ. തിരി ആളട്ടെ. തിരശ്ശീലകള്‍ക്ക് തീ പിടിക്കട്ടെ,
ദൂരെ നിന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ടളന്നെടുക്കാന്‍.

സങ്കുചിത മനസ്കന്‍ said...

മറിയ ആണല്ല, പെണ്ണല്ല....

ഒരു വ്യവസ്ഥിതിയാണ്‌....

സംഭവാമി യുഗേ യുഗേ ആണ്‌......

സിബു::cibu said...

എനിക്കും അങ്ങനെ തോന്നി എല്‍ജി. (ആരായിരുന്നാലും എനിക്കൊന്നുമില്ലട്ടോ)

btw, സൂവിന്റെ വാചകം സൂപ്പറ്.

പെരിങ്ങോടന്‍ said...

നാലഞ്ചാവര്‍ത്തി വായിച്ചു, ഇനിയും വായിക്കണമെന്നു തോന്നുന്നു. ഈ വഴി വീണ്ടും വരാം.

ഗന്ധര്‍വ്വന്‍ said...

സ്ത്രീ ഒരു ഏക നക്ഷത്രമാണ്‌- ശരി
എന്നാല്‍ ആ തിളക്കം ക്രമം തെറ്റിയ അറ്റോമിക്‌ ഘടനയുടേത്‌.
അവളുടെ ഔടര്‍ ഓര്‍ബിറ്റിന്റെ പ്രോടോണ്‍ ത്വരയെ പൂര്‍ണമാക്കുന്ന പുരുഷനു മുന്‍പില്‍ അവള്‍ ഇനേര്‍ട്‌ ആകുന്നു. തിളക്കം നഷ്ടപ്പേട്ടു പ്രതികരണ ശേഷി നഷ്ടപ്പെട്ടു ഒതുങ്ങുന്നു. ഹീലിയം പോലെ - ഒന്നും പങ്കുവക്കാനില്ലാതെ.
വരികളുടെ സന്ദിഗ്തത കൂടുന്നു മറിയമെ, അല്‍പം കട്ടി കുറച്ചുകൂടെ.

നിന്റെ പ്രതിഭാംഗുരം ഞാന്‍ എന്നേ ദര്‍ശിച്ചിരിക്കുന്നു

Anonymous said...

പലരും പറഞ്ഞ പോലെ പ്രതിഭയൊ, പ്രതിമയൊ ഒക്കെ ഉണ്ടെന്ന് തോന്നുന്നു...

എന്നാല്‍ എവിടെയൊക്കെയൊ വെച്ച് പ്രകടമായ ഒരു അഹങ്കാരത്തിന്റെ സ്‌ഫുരണം ഈ പ്രതിഭയെ മനസ്സു തുറന്ന്‌ അഭിനന്ദിക്കുന്നതില്‍ നിന്നെന്നെ വിലക്കുന്നു.

എങ്കിലും പറയട്ടെ-നന്നായിരിക്കുന്നു.

ഒരല്പം വിനയം ഒരിക്കലും പ്രതിഭകള്‍ക്ക് ഉയരാന്‍ തടസ്സമാകില്ല എന്നോര്‍മ്മിപ്പിക്കട്ടെ.

Anonymous said...

അനോണിമസ്‌ ഒന്നാമനേ
ഒരല്‍പ്പമോ? ഫലവൃക്ഷത്തിന്റെ ശിഖരങ്ങല്‍ താഴോട്ടു ചാഞ്ഞേ ഇരിക്കൂ എന്ന വേദവാക്യം അറിയില്ലേ?. ഭൂമിയോളം താഴ്ന്നാലേ മനസ്സു തുറക്കൂ. സ്വന്തം മകന്‍ മുരുകന്റെ മുന്നില്‍ മഹാദേവന്‍ മുട്ടുകുത്തി കൈക്കുമ്പിള്‍ നീട്ടി, പുതുതായി ഒന്നറിവാന്‍.

ആ എളിമയാണു മഹത്വം. ആ എളിമയാണു വലിപ്പം.

വെറും ഞാന്‍ എന്ന തിരിചറിവ്‌ എന്നെ വലുതാക്കട്ടെ. എന്തൊരു ഞാന്‍ എന്നാലോചിച്ച്‌ ഞാന്‍ ചുരുങ്ങാതിരിക്കട്ടെ.
അനോണി 2

Inji Pennu said...

അയ്യേ! ഷേം ഷേം പപ്പി ഷേം..
ഈ അനോണിമസ് ചേട്ടന്മാര്‍ക്ക് ഇത്ര പേടിയൊ സ്വന്തം പേരു വെക്കാന്‍? അയ്യ്!..അതു ഒരു കിളുന്തു മറിയ -ത്തിന്റെ ബ്ലോഗില്‍? ഹിഹിഹി...

മുല്ലപ്പൂ || Mullappoo said...

ശ്വാസം മുട്ടിക്കുന്ന രചനകളാണ് ...
അതിലും ഒരു സുഖം ഉണ്ടല്ലേ...

എല്ലം എനിക്കു മന്‍സ്സിലായോ..!!?? ഇല്ലായിരിക്കും അതായിരിക്കാം ഇങ്ങനെ...

ജ്യോതിര്‍മയി said...

അടുത്തുചെല്ലാന്‍ പേടിയാണല്ലേ? കുട്ടീ നീ നീന്തല്‍ പഠിയ്ക്കൂ, എന്നിട്ട്‌, പുഴയിലിറങ്ങി നീന്തി നീന്തി കടലോളം ചെന്നെത്തൂ,കടലമ്മയുടെ വാത്സല്യം നുകരൂ, മുത്തുകള്‍ വാരിക്കളിയ്ക്കൂ.
നീണ്ട ഒരു വാലുണ്ടെങ്കിലും ഈ കുഞ്ഞുസ്പൂണ്‍ കൊണ്ട്‌ അളന്നുതീരില്ലല്ലോ.

(അഭിപ്രായം ഇരുമ്പുലക്കയല്ല:-)) വായിച്ചു വായിച്ചു കൂടുതല്‍ മനസ്സിലായാല്‍ അപ്പോള്‍ വീണ്ടു വന്നെയ്ക്കും, ക്ഷമിയ്ക്കൂ)

ബിരിയാണിക്കുട്ടി said...

മറിയത്തിന്റെ കയ്യില്‍ കളഞ്ഞു കിട്ടിയ ഒരു കറുത്ത തോക്കുണ്ട്.. അത് കൊണ്ട്‌ പേടിച്ചിട്ടാ എല്‍ജി..

ഇനിയിപ്പൊ അതൊന്നും നോക്കിയിരുന്നാ ശരിയാവില്ല. ആദ്യത്തെ അനോണി ഞാനാ..(എന്റെ ഒരു ധൈര്യം!!) രണ്ടാമി/മന്‍ സത്യമായും ഞാനല്ല.

എന്റെ വീടിനു ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Inji Pennu said...

ഹഹഹ.എന്റെ ബിരിയാണിക്കുട്ട്യെ..ഇത്രെം പൊട്ടിയായിപ്പോയല്ലൊ..കക്കാന്‍ പഠിച്ചാ പോരാ നിക്കാനും പഠിക്കണ്ടെ? ഹിഹി..
എന്നാലും ആ സത്യസന്ധ്യതക്ക് മുന്നില്‍..എന്റെ ഗദ്ഗദ്..

പിന്നേയ്...ഈ അനോണിമസ് എന്ന് പറയുന്നത് ഒരു വമ്പന്‍ തട്ടിപ്പാണെന്റെ കുട്ടിയെ,
ആരാണെന്ന് മനസ്സിലക്കാന്‍ ഒരു സ്വിച്ച് ഞെക്കിയാല്‍ മതീന്നെ...അതോണ്ട് അതിലൊന്നും കാര്യമില്ല..

ബിന്ദു said...

സ്ത്രീ കാറ്റാണ്‌, കൊടുംകാറ്റാവാതെ നോക്കിയാല്‍ മതി. (ഞാനും എന്തെങ്കിലും പറയന്‍ പറ്റുമോന്നു നോക്കട്ടെ ;) )

ബിക്കുവേ.. കല്യാണം പ്രമാണിച്ചാണോ പോലീസ്‌ പ്രൊട്ടെക്ഷന്‍? :)

Adithyan said...

പൂര്‍ണ്ണത എന്ന മിഥ്യ
അതിനെത്തേടി പുരുഷന്‍ അലയുന്ന മരുഭൂമികള്‍
അവിടവിടെ കാണുന്ന മരീചികകള്‍
അതല്ലേ ഈ പ്രതിപാദ്യം?

അകലെ നില്‍ക്കുമ്പോള്‍ അടുക്കാനും
അടുത്തു കഴിഞ്ഞ് ആ തീപ്പൊള്ളലില്‍ നിന്ന് എങ്ങനെയും രക്ഷപെടാനും തോന്നിപ്പിയ്ക്കുന്ന അത്ഭുത പ്രതിഭാസം....

ഓഫ്: രണ്ടാം പാദത്തിലെ ‘കസേര‘ മുഴച്ചു നില്‍ക്കുന്നില്ലെ?


(എല്‍ജ്യേ, ബിന്ദ്വേ, എങ്ങനെയുണ്ട്? എങ്ങനെയുണ്ട്? മറിയത്തിന്റെ പോസ്റ്റില്‍ ഇടാന്‍ മാത്രം കൊള്ളാമോ ഈ കമന്റ്? ;))

Inji Pennu said...

ആദീക്കുട്ടീ,
എന്റെ ചുണ്ടുകളില്‍ മുകുളങ്ങള്‍ വിരിഞ്ഞത്,
പിന്നെയത് നിലത്ത് ടൈല്‍ ഇട്ട തറയില്‍
പൊട്ടിച്ചിതറി..
കാര്‍പെറ്റായിരുന്നു തറയിലെങ്കില്‍ --
ആ മുകുളങ്ങള്‍ പൊട്ടാതെയെങ്കിലും
ഇരുന്നെനെ..

ബിന്ദു said...

എന്തിനാ എല്ജീസെ വായും പൊളിച്ചിരുന്നത്‌, അതല്ലെ മുകുളങ്ങള്‍ നിലത്തു വീണു പൊട്ടിച്ചിതറിയത്‌..
ആദിയേ.. അവസാനം ശ്വാസം പോവുമോ? :)

സു | Su said...

ഈശ്വരാ, എന്റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ ഇവിടേം ഓഫ് ടോപ്പിക്ക് തുടങ്ങിയോ? നിങ്ങളെ മറിയം രക്ഷിക്കട്ടെ.

mariam said...

ആഹാ!
എന്റെ ബ്ലോഗൊരു കല്യാണവീടു പോലെ ആക്കിയതിനു നന്ദി. എല്ലാവര്‍ക്കും.

ആദിത്യന്‍,
ശരിയാണ്‌. കസേര നന്നായി മുഴച്ചു നില്‍ക്കുന്നുണ്ടു.(കസേര "മുഴച്ചു" നില്‍ക്കുന്നതു ഞാനാദ്യമായി കാണുകയാണ്‌. :-D ). ഞാനതു ഒഴിവാക്കുകയാണ്‌. നന്ദി, കവിത നന്നായി വായിച്ചതിന്‌.

വിശ്വം, ഗന്ധര്‍വന്‍
നിങ്ങളെന്റെ മുന്‍പില്‍ വന്നു കമന്റു പറയുമ്പോള്‍, "അഹങ്കാരി"യാണെങ്കിലും ഞാനറിയാതെ തിരിഞ്ഞു നോക്കി പോകുന്നു. എന്റെ പിന്നില്‍ ആരാണു നില്‍ക്കുന്നതെന്നറിയാന്‍. :-D

ബിരിയാണി,
സത്യം പറഞ്ഞാല്‍ ഞാന്‍ വെറും പാവമാണു. പക്ഷെ ഈയിടെയായി ആരും സത്യം പറയുന്നില്ല.
(കണ്ണൂസ്‌ ചാപ്റ്ററില്‍ ഞാന്‍ തെറ്റിധരിക്കപെട്ടതാണു.പിന്നെ, പെരിങ്ങൊടന്‍സ്‌ ചാപ്റ്റര്‍ . അതു ഞാന്‍ പെരിങ്ങൊടനോടു ലാലു അലക്സിയതാണു.("പേെഴ്സണലായിട്ടു പറഞ്ഞതാണു.!. )).ബാക്കി ഒരു ശൈ ലിയായി കണക്കാക്കിയാല്‍ പോരെ..?

lg,
ചുണ്ടിലെ മലയാളം മുകുളങ്ങള്‍
തറയിലെ ഇങ്ഗ്ലിഷ്‌ ടെയിലില്‍ വീണതു
എനിക്കിട്ടൊരു "താങ്ങു" പോലെ തോന്നി.ഇനി അല്ലായിരിക്കുമോ.?..

-മറിയം-

ചില നേരത്ത്.. said...

ഓ മറിയം..
കവിതയില്‍ തിളക്കുന്ന ചിന്തകള്‍, കോരിയെടുത്ത് പടിയിറങ്ങുന്നു..അവ കനലുകളായെന്റെ ഹൃത്തടത്തില്‍ എരിയുന്നു.

സസ്നേഹം ഇബ്രു

ദേവന്‍ said...

ഹഹ ബിരിയാണിക്കുട്ടിയെ മാനസാന്തരപ്പെടുത്തി മുഖം മൂടിയൂരിച്ചത്‌ കലക്കി. നമ്മടെ പല്ലി പറയുന്നതു പോലെ സത്യമേവ ജയതേ, ജയതേ, ജയജയജയ ജയഹേ! എന്നാലും അനോണുന്നത്‌ പാപമൊന്നുമല്ലന്ന് എനിക്കു തോന്നുന്നു. ഇവിടത്‌ വേണ്ടെങ്കില്‍ മറിയം ആ ഓപ്ഷന്‍ എടുത്തു കളയുമായിരുന്നല്ലോ.

mariam said...

ജ്യോതി,
അമ്മ ആദ്യത്തെ സ്ത്രീയാണു.
ആ വകുപ്പില്‍ പെട്ട എറ്റവും ലളിത രൂപം.
അമ്മ, സ്ത്രീകളിലേക്കുള്ള ഒരു പരസ്യമാണ്‌.
പുരുഷനെ ഗോദയിലേക്കൂര്‍ത്തി വിടുന്ന ദൈവത്തിന്റെ കള്ളച്ചിരി.

(ഇതു കാലക്കേടിന്റെ തോന്നലുകളാണ്‌. അവസാന വാക്കുകള്‍ അല്ല. എന്റെ ഉമ്മ എനിക്കേറ്റവും പ്രിയപ്പെട്ട സ്ത്രീയാണ്‌. :-D
കുഞ്ഞു സ്പൂണിനെ കലി ബാധിച്ചിരിക്കുന്നു.)

ഇബ്രു.,
നന്ദി

-മറിയം-

Inji Pennu said...

ഈശ്വരാ‍ാ...ഞാന്‍ മര്യാദക്ക് നാല് വരി എഴുതിയാ ആര്‍ക്കും മനസ്സിലാവാണ്ട് വമ്പന്‍ ഫ്ലോപ്പാവുന്നു....
ചുമ്മാ ഒരു കമന്റ് വെച്ചപ്പൊ ദേ മറിയക്കുട്ടി അതില്‍ ഉത്തരയേയും ആദിയേയും ഒക്കെ കൊണ്ട് വരുന്നു.. :)

ആക്ചുവലി, ഈ മുകുളങ്ങള്‍ എന്ന് പറഞ്ഞാല്‍ മൊട്ടുകള്‍ എന്നല്ലെ?? ഇനി വേരെ മീന്‍ ഹെ ക്യാ?

പ്രിന്‍സി said...

സത്യത്തിന്റെ മുഖം എന്നും വികൃതമായിരുന്നു....
വിദൂരത്ത് നിന്നുള്ള കാഴ്ച്ച ഒരു പക്ഷെ അടുത്തെത്തുമ്പോള്‍ തെറ്റായിരുന്നെന്നറിയും..

ദില്‍ബാസുരന്‍ said...

മറിയം,
സ്ത്രീ ഒരു ദ്രാവകം തന്നെയാണ്. എടുക്കുന്ന പാത്രത്തിനനുസരിച്ച് രൂപം മാറുന്ന ദ്രാവകം. തുളുമ്പിയാല്‍ കൈ പൊള്ളും.

ഇടിവാള്‍ said...

ഈ ഡയലോഗ് ഇന്നു രാവിലേയും ആരോ ചാറ്റു ചെയ്യുന്നതിനിട്റ്റയില്‍ പറാഞ്ഞ കേട്ട പോലെ തോന്നി !

ദില്‍ബാസുരന്‍ said...

ഇടിവാള്‍ മാഷേ,
വേണ്ട,വേണ്ട!

പോസ്റ്റില്‍ വിവാദം കൊഴുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.:-)

ഇടിവാള്‍ said...

ന്നെ കണ്ടാല്‍ കിണ്ണം കട്ട പോലെ തോന്നുമോ ദില്ലു ?? ;)

Adithyan said...

അതെന്നാ പണിയാ മറിയമേ ഈ കാണിച്ചെ?

ഞാനിങ്ങനെ ‘ഗവേഷണം’ ചെയ്ത് ഒരു സംഭവം പൊക്കിക്കോണ്ടു വരുമ്പോ നിങ്ങള്‍ അതു ‘അര്‍ഹിയ്ക്കുന്ന അവജ്ഞയോടെ’ തള്ളും എന്നല്ലേ ഞാന്‍ വിചാരിച്ചേ... ഇതൊരുമാതിരി... വേണ്ടായിരുന്നു...

എല്‍ജ്യേച്ച്യേ, കണ്ടല്ലോ... ഞാന്‍ മറിയത്തിന്റെ കവിതയില്‍ ഒക്കെ ‘ക്രിയാത്മകമായി’ അഭിപ്രായം പറഞ്ഞു തുടങ്ങി. ഇനിയിപ്പോ എനിക്ക് ഓഫ് ഒക്കെ അടിച്ചു നടക്കാന്‍ നേരം കിട്ടീന്നു വരില്ല...

kuzhoor wilson said...

എന്റെ ശരീരം ഹൃദയം പോലെ മിടിച്ചു.
emikku ishttapetta vari.

സ്ത്രീ ഒരു ശരീരം koodiyanu.

mariam said...

ശരിയാണു വിശാഖം.
പക്ഷെ, സ്ത്രീയുടെ ശരീരവും സ്ത്രീയിലെക്കുള്ള ഒരു പരസ്യം മാത്രമാണു. :-D

-മറിയം-

കണ്ണൂസ്‌ said...

മറിയം, നന്നായിരിക്കുന്നു.

വേണു venu said...

കണ്ണുനീര്‍ തുള്ളിയേ സ്ത്രീയോടുപമിച്ച.......
കാവ്യ ഭാവനേ....
നീ ഒരിക്കലും ഒരു പുരുഷനേ കണ്ണീര്‍തുള്ളിയുടെ ആല്‍മാവായി കാണാന്‍ ശ്രമിച്ചില്ലല്ലോ.
വേണു.

. said...

വായന ലിസ്റ്റിലൂടെ കണ്ട് വെറുതെ എത്തിനോക്കാന്‍ വന്നതാ ഉറങ്ങാന്‍ പോയ ഈ ഞാന്‍.

-ദൂരെ നിന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന
ഒരു ദ്രാവകം-

ഈ വരിയില്‍ ശ്വാസം ഉടക്കി നില്‍ക്കുന്നു.

വീണ്ടും കാണും വരെ,
ശ്വാസമേ!

anon.