Sunday, October 01, 2006

അബ്ര, ബ്രാക്കറ്റില്‍ കാദബ്ര

മരുന്നില്ലാത്ത ഒരു മാരകരോഗമാണ്‌ ചിലര്‍ക്ക്‌ കൌമാരം.

പതിമൂന്നാം വയസ്സിന്റെ തുടക്കത്തിലെ തല്ലിത്തകര്‍ത്തു മഴ പെയ്ത ഒരു ഞായറാഴ്ചയാണ്‌ അബ്ര തന്റെ ആദ്യത്തെ പ്രണയലേഖനം എഴുതിത്തീര്‍ത്തത്‌.അടച്ചു പൂട്ടിയ തന്റെ മുറിയില്‍ അകാരണമായുയര്‍ന്ന ഭയാശങ്കകളേയും പതുങ്ങിയിരിക്കുമ്പോള്‍ പിടികൂടാറുള്ള കഠിനമായ മൂത്രശങ്കയേയും അതിജീവിച്ചും അനുരാഗത്തിന്റെ തിരത്തള്ളലുകളെ നിയന്ത്രിക്കാനാവാതെ ശ്വാസം കഴിക്കാന്‍ മറന്നും നീണ്ട മൂന്നു മൂന്നര മണിക്കൂര്‍ ഏടുത്താണ്‌ പത്തിരുപത്‌ വരികളുള്ള ആ അപേക്ഷാഫോറം അവന്‍ പൂര്‍ത്തിയാക്കിയത്‌.
എന്നിട്ട്‌ തന്റെ പുതിയ പാഠപുസ്തകത്തിന്റെ നടുപ്പേജിലേക്ക്‌ മുഖമാഴ്‌ത്തി പ്രണയത്തിന്റേയും ഗൃഹാതുരതയുടെയും ഗന്ധം ആവോളം വലിച്ചെടുത്തു. പ്രേമത്തെ കുറിച്ച്‌ പിന്നീട്‌ തിരുത്താനിടയില്ലാത്ത ദാര്‍ശനികമായ രണ്ട്‌ കണ്ടുപിടുത്തങ്ങള്‍ നടത്തി. കൂടുതല്‍ ആത്മവിശ്വാസമാര്‍ജിച്ച്‌, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ വേര്‍തിരിച്ചറിയാനാവാത്ത കാരണങ്ങളാല്‍ ചെറുനാരങ്ങയുടെ ഗന്ധത്തോടൊപ്പം എപ്പോഴും ഓര്‍മിക്കപ്പെട്ട കെമിസ്റ്റ്രി ടീച്ചറിനുള്ളതടക്കം വേറെ മൂന്ന് പ്രേമലേഖനങ്ങള്‍ കൂടി എഴുതി പൂര്‍ത്തിയാക്കി.

പക്ഷേ, പിന്നീട്‌ അത്ര തന്നെ എളുപ്പമായിരുന്നില്ല സംഗതികള്‍. നിഴല്‍ പോലെ അവനെ പിന്തുടര്‍ന്ന നശിച്ച വിറയലും വിധിയുടെ അനുപമായ ആകസ്മികതയും കാര്യങ്ങള്‍ അപ്പാടെ കുഴച്ചു മറിച്ചു. ഇനിയും അല്‍പനേരത്തേക്കിത്‌ തുടര്‍ന്നാല്‍ താന്‍ മരിച്ചു പോയേക്കുമെന്ന് ഭയന്ന്, വെള്ളം കെട്ടിനില്‍ക്കുന്ന ഇടവഴിയിലൂടെ പാവാടത്തുമ്പ്‌ പാദസരം വരെ ഉയര്‍ത്തി താളം വിടാതെ കണക്ക്‌ ട്യൂഷനുപോയിരുന്ന പെണ്‍കുട്ടിയെ കാത്ത്‌ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി വളവ്‌ തിരിഞ്ഞ്‌ ജലദോഷം മൂര്‍ച്‌ഛിച്ച്‌ വായും മൂക്കും എക്കാലത്തേക്കുമായി ചുവന്നുപോയ വെളുത്ത പെണ്‍കുട്ടി വന്നു.

പലപ്പോഴും പേരുമാറിയ പ്രണയലേഖനവുമായി നിന്ന് അവന്‍ അടിമുടി വിറച്ചു...

അത്രയും ഹൃദയാലുവായ ഒരു പയ്യനെ എങ്ങനെ ഗുണദോഷിക്കുമെന്നറിയാതെ പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ കുഴങ്ങി.

അബ്ര സുന്ദരനായിരുന്നു. അവന്‍ കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ എന്തെങ്കിലിലും ഒന്ന് പിടിച്ചുനില്‍ക്കാന്‍ തോന്നി. കണ്ണുകളില്‍ വിചാരമുളള, മെലിഞ്ഞു കൊലുന്നനെയുളള പെണ്‍കുട്ടികള്‍ അവനെ ഒരിക്കലും വെറുത്തില്ല. തങ്ങളുടെ ഊഴം വരുമ്പോഴെങ്കിലും അവന്‌ ഉറച്ചുനിന്ന് തങ്ങളുടെ പേരില്‍ തന്നെയുള്ള കത്ത്‌ തരാന്‍ ധൈര്യം കൊടുക്കണേയെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. ഏഴു വയസ്സുള്ള കുഞ്ഞു പെണ്‍കുട്ടികളുടെ ഗൃഹാതുരതയോടെയാണ്‌ അവര്‍ അവനെയോര്‍ത്തത്‌. ജീവിതകാലം മുഴുവന്‍ അവനോടൊത്ത്‌ എത്ര സുന്ദരവും നിഷ്‌കളങ്കവുമായി ജീവിക്കുമായിരുന്നുവെന്നോര്‍ത്ത്‌ അവര്‍ തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞു. മുതിര്‍ന്നപ്പോള്‍ നീണ്ട വിരലുകളും സംസാരിക്കുമ്പോള്‍ കഴുത്തിന്‌ കുറുകെയോടുന്ന ഇളം പച്ച ഞരമ്പുകളും ഓര്‍മയിലവശേഷിപ്പിച്ച്‌ അവര്‍ വിസ്മൃതിയിലേക്ക്‌ വിവാഹിതരായിപ്പോയി.

മുതിര്‍ന്ന സ്ത്രീകളുടെ, പിന്‍ഭാഗം താഴ്ത്തി വെട്ടിയ ബ്ലൌസിന്‌ മുകളിലെ മാംസളതയില്‍ - തന്നെപ്പോലെയുള്ള കുഞ്ഞു കവികളുടെ ഭാവന വിഹരിക്കുന്ന തുറസ്സില്‍ - ചൂണ്ട്‌ വിരലു കൊണ്ട്‌ ഇങ്ഗ്ലീഷ അക്ഷരമാലയിലെ ചെറിയക്ഷരം 'ജി' എഴുതിക്കൊടുക്കുന്ന അത്യാകര്‍ഷകമായ ഒരു പദ്ധതിയുമായാണ്‌ അബ്ര പിന്നീട്‌ വന്നത്‌. അസംതൃപ്തരായ കുടുംബിനികളുടെ മേല്‍ സമയത്തിന്റെ ധൂര്‍ത്തില്ലാതെ ആയാസരഹിതമായി പ്രയോഗിക്കാവുന്ന ഒരൊറ്റമൂലിയെന്ന നിലയില്‍ അവരുടെ മാര്‍ഗദര്‍ശികളായ കുടുംബ വാരികകളിലേതെങ്കിലുമൊന്നിന്റെ മുഴുവന്‍ പേജും അപഹരിക്കാന്‍ പോന്ന ഒരു പുത്തന്‍ സ്കൂപ്പ്‌.

'ജി' അതിന്റെ അവസാന വളവെടുത്ത്‌ മുകളിലേക്കുയരുമ്പോഴേക്കും ഏതൊരു തറവാടിയായ സ്ത്രീയും നിര്‍വൃതിയുടെ നെറുകയിലിടിച്ച്‌ തളര്‍ന്നു വീണുപോകുമായിരുന്നു.

പക്ഷേ, ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിലും അഞ്ചു മിനുട്ടിലധികം എടുക്കാത്ത സാമൂഹിക ഇടപെടലുകളിലും അത്തരം അസംതൃപ്തി പരിഗണിക്കപ്പെട്ടതേയില്ല. പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര സാവകാശം കിട്ടാത്തതിലുള്ള വെപ്രാളം. കൈവിരലിലേക്ക്‌ തന്റെ ഏകാഗ്രത സന്നിവേശിപ്പിക്കുമ്പോഴുണ്ടാകുന്ന വിറയല്‍.
അവന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നാന്‍ ഇവ ധാരാളമായിരുന്നു.

പേരറിയാവുന്നവരുടെ ഇടിയേറ്റ്‌ അവന്‍ ഇരുന്ന് പോയി. പിടിച്ചെഴുന്നേല്‍പ്പിച്ച്‌ അവനെ നേരെ കൊണ്ട്‌പോയത്‌ നഗരത്തിലെ പ്രശസ്ത മനോരോഗ വിദഗ്ദ്ധന്റെ അടുത്തേക്കാണ്‌. അയാളുടെ മരുന്ന് കഴിച്ച്‌ അവന്റെ കണ്‍പോളകള്‍ തൂങ്ങി ശരീരം നന്നായി തടിച്ചു. ബൌളിംഗ്‌ ആക്ഷന്‍ കൂടുതല്‍ സങ്കീര്‍ണമായി. ഒട്ടും സഹായകരമല്ല്ലാത്ത പ്രതലത്തില്‍ നിന്ന് പോലും ടേണ്‍ ലഭിച്ച്‌ തുടങ്ങിയതോടെ ലോക്കല്‍ ടൂര്‍ണമെന്റുകളിലെ ഏറ്റവും അപകടകാരിയായ സ്പിന്‍ ബൌളറായി മാറി. ഇടക്ക്‌ എന്‍ജിനീയറിംഗ്‌ പഠനത്തിനായി തൃശ്ശൂര്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ പോയ ഒന്നര വര്‍ഷം മാത്രമാണ്‌ അബ്രയുടെ കൌമാരത്തില്‍ നിന്ന് ഞങ്ങള്‍ നാട്ടുകാരുടെ ഓര്‍മകളില്‍ രേഖപ്പെടുത്താതെ പോയത്‌. ആഴ്ച്ചയില്‍ മൂന്ന് മണിക്കൂറുള്ള ഇലക്ട്രിക്കല്‍ ലാബുകളില്‍ ഒരു വര്‍ഷത്തോളം ഷോക്കടിക്കാതെ കഴിച്ചുകൂട്ടുകയെന്ന മഹത്തായ നേട്ടം കൈവരിച്ചതിനു ശേഷം അവന്‍ തന്റെ പഠനവും കൌമാരവുമവസാനിപ്പിച്ച്‌ ഞങ്ങളുടെ സ്മൃതിമണ്ഡലങ്ങളിലേക്ക്‌ തിരികെ പോന്നു.

ചരിത്രം ഒരുവനെ മഹത്വമാരോപിച്ച്‌ തന്നിലേക്കെടുക്കുമ്പോള്‍ ഏറെ ഇഷ്ടവും ആദരവും തോന്നിയ നിമിഷങ്ങള്‍ കൊണ്ട്‌ അവനെക്കുറിച്ചുള്ള ഓര്‍മകളെ ശുദ്ധീകരിച്ചെടുക്കാറുണ്ട്‌. ആധികാരികത നിറഞ്ഞ അത്തരമൊരു ദുശ്ശീലത്തിന്റെ ശാഠ്യങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും ഞങ്ങളുടെ സ്മൃതിമണ്ഡലങ്ങള്‍ തൂത്ത്‌ വൃത്തിയാക്കപ്പെട്ടിരുന്നു. പകരം സുവര്‍ണ ലിപികളാല്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "ബാലനായ അബ്ര കൂട്ടുകാരോടൊത്ത്‌ ഒരു കുന്നിന്‍ചെരുവില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് അതിവേഗം ഇഴഞ്ഞു പോകുന്ന ഒരു ചെറിയ പാമ്പ്‌ അവരുടെ ദൃഷ്ടിയില്‍ പെട്ടു. വികൃതികളായ കുട്ടികള്‍ കല്ലുകളുമെടുത്ത്‌ അതിനു പിറകേ ഓടി. പക്ഷെ, അത്ര വേഗതയും പെട്ടെന്ന് ദിശ മാറ്റാന്‍ കഴിവുമുള്ള ഒരു ജീവിയെ വീഴ്ത്താന്‍ വെറും മത്സരബുദ്ധിയും സഹജമായ ഉന്നവും മാത്രം പോരായിരുന്നു. അബ്ര ഒരു ചെറിയ കല്ലെടുത്ത്‌ കണ്ണിനു നേരെ ഉയര്‍ത്തി. മറുകണ്ണടച്ച്‌ പാമ്പിനെ നോക്കി. വളഞ്ഞുയരുന്ന ഒരു കാറ്റിന്റെ അനായാസതയോടെ ഒന്നു കൈവീശി. കല്ല് പാറിച്ചെന്ന് പാമ്പിന്റെ തലയില്‍ ജീവനിരിക്കുന്നിടത്ത്‌ തന്നെ കൊണ്ടു. എന്തോ മറന്നതു പോലെ പാമ്പ്‌ പെട്ടെന്നു നിന്നു. നാവ്‌ ചേര്‍ത്ത്‌ എരിവു വലിച്ച്‌ നുണഞ്ഞതിനു ശേഷം മരിക്കും മുന്‍പ്‌ പാമ്പ്‌ അബ്രയെ ആദരവോടെ നോക്കി.
'നൂറ്റാണ്ടിന്റെ ഏറായിരുന്നു അത്‌'.
പശ്ചാത്താപ വിവശനായ അവന്‍ പിന്നീട്‌ ഒരു ഉറുമ്പിനെപ്പോലും നോവിച്ചില്ല. കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ്‌ ഏകനായിരുന്നവന്‍ ധ്യാനത്തില്‍ മുഴുകി".
അബ്ര വാഹനങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌ സാവധാനമാണ്‌. ഒരിക്കല്‍ കണ്ട വണ്ടിയെപ്പോലും മുഖം കണ്ടും ശബ്ദം കേട്ടും അയാള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഭാരം വലിക്കുന്ന വലിയ വണ്ടിക്ക്‌ ആശ്വാസമേകുന്ന ആലിംഗനസമാനമായ ഒരു തലോടല്‍. സ്ത്രൈണത തുളുമ്പുന്ന കാറുകളുടെ പിന്‍ഭാഗത്ത്‌ വിറക്കുന്ന ഒരു കൈവിരല്‍ സ്പര്‍ശം. സഹജീവികളൊടെന്നവണ്ണമാണ്‌ അയാള്‍ അവയോട്‌ പെരുമാറിയത്‌. സൈക്കിളുകള്‍ ഫോസിലുകളെപ്പ്പ്പോലെ കാണപ്പെടുന്നതിലെ ദൃഷ്ടാന്തം അയാളെ അതിശയപ്പെടുത്തി. ഭൂമിയുടെ അവസാനനാളുകളില്‍ മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താന്‍ ഒരിടത്ത്‌ നിന്നും മറ്റൊരിടത്തേക്ക്‌ പായുന്നത്‌ ഒരുപക്ഷേ, സൈക്കിളുകളിലായിരിക്കും.

റോഡിന്‍ വശത്തായി കുറ്റിക്കാടുകള്‍ക്കിടയിലൂടെ താഴേക്കിറങ്ങി ചീട്ട്‌ കളിക്കാന്‍ പോയ ആരെയോ കാത്ത്‌ മഴ നനഞ്ഞിരിക്കുന്ന ഒരു പച്ച സൈക്കിളിന്റെ ഓര്‍മ അയാളെ ആജീവനാന്തം അലട്ടി. ആകാശം മുട്ടെ വൈക്കോല്‍ നിറച്ച്‌ വന്ന ഒരു ലോറിയുടെ ഓര്‍മയില്‍ നിന്ന് അയാളുടെ മനസ്സിലേക്ക്‌ വിഭൂതി പൊടിഞ്ഞു.

വിശ്വസിക്കുക, വാഹങ്ങളുടെ പരമമായ സത്യം അയാള്‍ കണ്ടുപിടിച്ചുപോകുമായിരുന്നു.

ഒരിക്കല്‍ വാഹനത്തോട്‌ തീരെ ആദരവില്ലാത്ത ഒരുവനോടിക്കുന്ന ബസ്സില്‍ അബ്രക്ക്‌ യാത്ര ചെയ്യേണ്ടി വന്നു. അയാള്‍ വശത്തേക്ക്‌ തിരിഞ്ഞ്‌ ഉറക്കെ സംസാരിക്കുകയും അലസമായി ഗിയറില്‍ പിടിച്ച്‌ വലിക്കുകയും തുടരെ തുടരെ ഹോണ്‍ മുഴക്കുകയും ചെയ്തു. യാത്ര ദുസ്സഹമായപ്പോള്‍ അബ്ര എഴുന്നേറ്റു. തന്റെ അച്ചന്റെ പ്രായമുള്ള ഡ്രൈവറോട്‌ "കുഞ്ഞേ, ഓടുന്ന വണ്ടിക്കൊരു സത്യമുണ്ടെ" ന്ന് പറഞ്ഞിട്ട്‌ ഇറങ്ങിപ്പോയി.
വണ്ടി ആ യാത്ര മുഴുമിപ്പിച്ചില്ല. രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കം ഏഴു പേരുടെ ജീവനപഹരിച്ചു കൊണ്ട്‌ അത്‌ അമ്പാട്ട്‌കാവിനടുത്തുള്ള പാടത്തേക്കു മറിഞ്ഞു.

അതിനു ശേഷമാണ്‌ ആളുകള്‍ അബ്രയെത്തേടി വന്നു തുടങ്ങിയത്‌.

വണ്ടിക്കച്ചവടക്കാരൂം ബ്രോക്കര്‍മാരും ആയിരുന്നു വന്നവരിലേറെയും. തങ്ങളുടെ വാഹനങ്ങളെ കുറിച്ചുള്ള ഒരഭിപ്രായത്തിനായി അവര്‍ ക്ഷമയോടെ കാത്തുനിന്നു.അബ്രയുടെ വീടിനു മുന്‍വശത്തെ വലിയ ഹാളിലെ തണുത്ത്‌ മിനുസമേറിയ തറയിലുടെ അവര്‍ പൂച്ചകളെപ്പോലെ ശബ്ദമുണ്ടാക്കാതെ പതുങ്ങിനടന്നു.

കണിയാന്‍കുന്നിന്റെ മുകളില്‍നിന്ന് എഞ്ചിന്‍ ഓഫ്‌ ചെയ്തതിന്‌ ശേഷം താഴേക്കുരുട്ടുന്ന വണ്ടിയില്‍ ഇരുന്ന് അതിന്റെ ആന്തരികാവയവങ്ങളുടെ താളത്തിനു കാതോര്‍ക്കും എന്നിട്ട്‌ തന്റെ പഴയ പ്രണയലേഖനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സ്വന്തം കവിതകളോ ഇഷ്ടകവികളുടെ ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന നാലുവരി കവിതയൊ സന്ദര്‍ഭമനുസരിച്ച്‌ ചൊല്ലും. നാട്ടിലെ വിദഗ്ദ്ധരായ മെക്കാനിക്കുകള്‍ "പ്രാകൃതം" എന്നു പരിഹസിച്ച ഇത്തരമൊരു രീതിയാണ്‌ അബ്ര വാഹനങ്ങളുടെ തീര്‍പ്പിനായി അവലംബിച്ചത്‌.

ഈ നാലുവരി കവിതയില്‍ കവിയുടെ ഉദ്ദേശ്യമെന്തെന്നറിയാന്‍ കച്ചവടക്കാരും ബ്രോക്കര്‍മാരും പരസ്പരം നോക്കി. ബാറുകളിലും ചായക്കടകളിലുമിരുന്ന് തങ്ങളുടെ വാഹനങ്ങളെ കുറിച്ചുള്ള എന്തെങ്കിലും സൂചനകള്‍ക്കായി അവര്‍ കവിതകളെ തലനാരിഴ കീറി. കൂട്ടത്തില്‍ പലരും ചെറിയ ക്ലാസ്സുകളില്‍ പഠിച്ച പദ്യശകലങ്ങല്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

"ഉണരുവിന്‍ ഗുണമുണരുവിന്‍
സ്വരഗുണമോലും ചെറുകിളിക്കിടാങ്ങളെ
ഉണര്‍ന്നു നോക്കുവിനുലകിതുള്‍ക്കാമ്പില്‍..."സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും കവികള്‍ ഇത്രയേറെ ആദരണീയരായിരിക്കുന്നതെന്തെന്ന് അവര്‍ക്ക്‌ മനസ്സിലായി.

ഇത്തരം നൂലാമാലകള്‍ക്ക്‌ ഒരു പരിഹാരമായാണ്‌ P.S.K കൌത്ത എത്തിച്ചേര്‍ന്നത്‌.
"കാറ്റടി കീറിപ്പൊളിച്ച കുപ്പായവും കൂട്ടിപ്പിടിച്ച്‌
കടിച്ചു പറിക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച്‌
ആത്മാവിലെ തീക്കട്ട മാത്രമെരിച്ച്‌" ... ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ട ഒരു ബസ്സിന്‌ പെര്‍മിറ്റടക്കം മൂന്ന് ലക്ഷത്തി അമ്പത്തയ്യായിരം വിട്ടു പോകില്ലെന്ന വ്യാഖ്യാനിക്കത്തക്ക കണിശതയോടെയാണ്‌ കൌത്ത വന്നത്‌.

ഓര്‍മ വെക്കുമ്പോള്‍ കൌത്ത എസ്‌.എസ്‌.എല്‍.സി ക്ക്‌ പഠിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നീടുള്ള അയാളുടെ ചരിത്രപരമായ ഇടപെടലുകളുടെ നൈരന്തര്യം പരിശോധിക്കുമ്പോള്‍ പത്തില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചറിനെ ചാണകമെറിഞ്ഞ്‌ സ്കൂളില്‍ നിന്ന് പുറത്താകുന്നത്‌ വരെ അവന്‍ നിശബ്ദനായി എന്തെടുക്കുകയായിരുന്നു എന്നതിശയിക്കേണ്ടിവരുമായിരുന്നു.

അവന്റെ ഉള്ളില്‍ ഒരു സാഹസികനുണ്ട്‌. കുരുത്തം കെട്ടവന്‍. പതിമൂന്ന് സെക്കന്റില്‍ നൂറു മീറ്റര്‍ ഓടിത്തീര്‍ക്കുന്നവന്‍. തലക്കു മുകളിലൂടെ മൂളിപ്പായുന്ന പന്തുകളില്‍ നിന്ന് ഒരു നിമിഷത്തിന്റെ കീഴ്‌മേല്‍ മറിച്ചിലില്‍ തന്റെ ടീമിന്‌ ഗോള്‍ നേടിക്കൊടുക്കുന്നതവനാണ്‌. തങ്ങളുടെ നാടകത്തിന്‌ ഒന്നാം സമ്മാനം ലഭിക്കാത്തതിന്‌ വിധികര്‍ത്താക്കളിലൊരാളായ കുഞ്ഞമ്മ ടീച്ചറിന്റെ ദേഹത്ത്‌ ചാണകവെള്ളം ഒഴിച്ചതും അതേ അവനായിരുന്നു.

സാഹചര്യങ്ങളുടെ സമ്മര്‍ദം സഹിക്കാനാവാതെ അവന്‍ പഠനമവസാനിപ്പിച്ച്‌ നേരെ പോയി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.ത്യാഗോജ്വലങ്ങളായ സ്വാതന്ത്ര്യ സമരകഥകള്‍ അവനെ പുളകമണിയിച്ചു. രാഷ്ട്രീയത്തിലാണ്‌ തന്റെ ഭാവി എന്ന് അവന്‍ ഉറച്ച്‌ വിശ്വസിച്ചു. 1984 ഒക്ടോബര്‍ 31 വരെ ഞങ്ങളും അങ്ങനെയാണ്‌ കരുതിയത്‌. അന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഓഫീസിലേക്ക്‌ പോകുകയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മാറിലേക്ക്‌ അവരുടെ അംഗരക്ഷകര്‍ മൂന്നു റൌണ്ട്‌ നിറയൊഴിച്ചു.

വീണത്‌ കൌത്തയായിരുന്നു. അന്ന് സന്ധ്യ വരെ രഘുവിന്റെ ചാരായ ഷാപ്പില്‍ കിടന്ന ശേഷം രാത്രി കടുങ്ങല്ലൂര്‍ കവലക്ക്‌ നടുവില്‍ ഇട്ടിരുന്ന ടാര്‍ വീപ്പയുടെ മുകളില്‍ കയറി നിന്ന് ഒന്നൊന്നര മണിക്കൂര്‍ നീണ്ട, തെറിവാക്കുകള്‍ മാത്രമടങ്ങുന്ന ഒരു വിടവാങ്ങല്‍ പ്രസംഗം നടത്തി. രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ്‌ ഏഴും എട്ടും വയസുള്ള ബുദ്ധിമാന്മാരായ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളോട്‌ കവലയില്‍ വെച്ച്‌ കൌത്ത എന്താണ്‌ പറഞ്ഞതെന്ന് ചോദിച്ചു. കാലാകാലങ്ങളായി പിതൃ-പുതൃബന്ധങ്ങളില്‍ അനുവര്‍ത്തിച്ചു പോന്ന മര്യാദകളെയും മുന്‍കരുതലുകളേയും അല്‍പം പോലും അവഗണിക്കാതെ കൂടുതല്‍ വിശദീകരിച്ച്‌ തങ്ങളുടെ ഉറക്കത്തിന്‌ ഭംഗം വരുത്താന്‍ കൂട്ടാക്കാതെ അവര്‍ ആ പ്രസംഗത്തെ തങ്ങളുടെ കുട്ടികള്‍ക്കായി രണ്ടോ മൂന്നോ വാക്കുകളിലേക്ക്‌ സംഗ്രഹിച്ചു.
"ഇനിയാര്‍ക്കും ഒരു കോപ്പുമില്ല."

പിന്നീടയാള്‍ ആലുവ-എറണാകുളം റൂട്ടില്‍ മത്സരിച്ചോടുന്ന ബസ്സുകളിലൊന്നിലെ ഡോറാപ്പീസറായി സ്ഥാനമേറ്റു. തികഞ്ഞ മനസ്സാന്നിധ്യവും രക്തസമ്മര്‍ദത്തിനടിമപ്പെടാത്ത ഒരു മൂളിപ്പാട്ടുമായി കൌത്ത മുന്‍വശത്തെ ഡോറില്‍ വെന്നിക്കൊടി പാറിച്ചു. മുകളിലെ കമ്പിയില്‍ ഒറ്റക്കയ്യില്‍ തൂങ്ങിനിന്ന് പെണ്‍കുട്ടികള്‍ അവനെ പാളിനോക്കി ചിരിച്ചു. അയാള്‍ കൃഷ്ണമണികള്‍ ഒരേ സമയം രണ്ട്‌ ദിശയിലേക്ക്‌ ചലിപ്പിച്ചു. അയാള്‍ക്ക്‌ വയറെക്കിപ്പിടിച്ച്‌, നെഞ്ചിടിപ്പ്‌ അഞ്ച്‌ മിനുട്ടിലധികം നിറുത്തിക്കളയാന്‍ കഴിയുമായിരുന്നെന്നാണ്‌ പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്‌. സംശയമുള്ള പെണ്‍കുട്ടികള്‍ അയാളുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ചെവിവെച്ചു നോക്കി.
എന്തൊരതിശയം. ആ യാത്രകള്‍ അവര്‍ക്ക്‌ ഓര്‍മകളേക്കാള്‍ സുന്ദരമായിരുന്നു.

മത്സരയോട്ടത്തിനിടയിലൊരിക്കല്‍ അടുത്ത ബസ്സിലെ ഡ്രൈവറെ, അല്‍പം പിന്നോട്ട്‌ വളഞ്ഞ്‌"ഇതാ,ഇത്‌ നീ സൌജന്യമായി എടുത്തുകൊള്‍ക" എന്ന ശ്ലീലമല്ലാത്ത ഒരു വിക്ഷേപത്തിന്‌ ശേഷം ആളുകള്‍ കൂട്ടം ചേര്‍ന്ന് ധൃതി പിടിച്ചുള്ള ഒരരമണിക്കൂറിനിടയില്‍ പെട്ട്‌ കൌത്തയുടെ ഇടതുകാല്‍ പൂര്‍വസ്ഥിതി ഊഹിച്ചെടുക്കനാവാത്ത വിധം തകര്‍ന്നുപോയി.

ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശം അക്ഷരംപ്രതി അനുസരിക്കുകയാണെന്ന മട്ടില്‍ കൌത്ത ആശുപത്രിയില്‍ നിന്ന് നേരെ വന്നത്‌ അബ്രയുടെ അടുത്തേക്കായിരുന്നു.അതോടെ കാര്യങ്ങള്‍ക്ക്‌ ഒരടുക്കും ചിട്ടയുമായി. അബ്രയുടേത്‌ ഒരുന്മാദിയുടെ വെറും ജല്‍പനങ്ങളല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കൌത്ത ഏറ്റെടുത്തു. ആര്‍ക്കും എപ്പൊഴും കയറി വരാവുന്ന ഒരവസ്ഥയില്‍ നിന്ന് അബ്ര പതുക്കെ ഉയരാന്‍ തുടങ്ങി. ദര്‍ശനത്തിനായി മുന്‍കൂട്ടി ചീട്ടെടുത്ത്‌ ക്യൂ നില്‍ക്കേണ്ടി വന്നു.

അതിനു ശേഷമാണ്‌ ഞങ്ങളുടെ നാട്‌ നിന്നിടത്തു നിന്ന് പെരുകാന്‍ തുടങ്ങിയത്‌. മൂന്ന് കാലില്‍ നിന്ന് അടയാളമിട്ടിട്ട്‌പോയ ശുനകന്‍മാര്‍ തിരികെ വരുമ്പോള്‍ വഴിയറിയാതെ നിന്നു പകച്ചത്‌. രാവിലെ ഉറക്കമുണരാന്‍ അല്‍പം വൈകിയവര്‍ക്ക്‌ പോലും ഞങ്ങളുടെ നാട്‌ അപരിചിതമാവാന്‍ തുടങ്ങിയത്‌. യാത്ര പോയിരുന്നവര്‍ തിരികെ വരുമ്പോള്‍ നാടിന്റെ വളര്‍ച്ച കണ്ട്‌ അന്തംവിടും. പഞ്ചായത്ത്‌ കിണറിനടുത്ത്‌ കളിക്കുന്ന കുരുത്തം കെട്ട പിള്ളാരോട്‌ ചോദിക്കും:"ദെന്തൂട്ട്‌റദ്‌?".

ഞങ്ങള്‍ ഗ്രാമവാസികള്‍ ജീവിതത്തിലൊരിക്കലെങ്കിലും കാണാനും തൊടാന്‍ പോലും ആഗ്രഹിച്ച വലിയ ആളുകള്‍ ഞങ്ങളുടെ നിരത്തുകളിലും കവലകളിലും പതിവുകാരെപ്പോലെ നിന്നു. അസ്സയ്നാരിക്കായുടെ കടയില്‍ നിന്നു ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന സിഗരറ്റ്‌ വലിക്കുകയും ചെയ്തു.
കാലാകാലങ്ങളായി മനുഷ്യന്‍ യന്ത്രങ്ങളോട്‌ ചെയ്ത്‌കൂട്ടിയ കൊടിയ ക്രൂരതകളെല്ലാം നിശിതമായി അപലപിക്കപ്പെട്ടു. അത്യന്താധുനിക സങ്കേതികത്തികവോടെയുള്ള ഒരു കൂറ്റന്‍ വാഹന വര്‍ക്‍ഷോപ്‌ മന്ത്രിമാരാല്‍ മത്സരിച്ചുത്‌കാടനം ചെയ്യപ്പെട്ടു. ആദ്യത്തെ വിമുഖത മാറിയപ്പോള്‍ ജനനേതാക്കളും സാംസ്കാരികനായകരും കാര്യങ്ങള്‍ ബൊദ്ധ്യപ്പെട്ട്‌ കൂടുതല്‍ കൂടുതല്‍ ഉത്ബുദ്ധരായി.

പാസ്സ്‌പോര്‍ട്‌ സൈസ്‌ ഫോട്ടോയിലെ ഒരു പൊട്ടിച്ചിരിയായി അത്‌.

കാറ്റില്‍ പറന്നുയരുന്ന ഒരു കടലാസ്‌ കണക്കെ പെട്ടെന്ന് പറന്നുയര്‍ന്ന് കൂടുതല്‍ അനുയോജ്യമായൊരിടം നോക്കി പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഞങ്ങളുടെ നാടിനെ അതിവേഗ ട്രെയിനുകളോടുന്ന ഒരു റെയില്‍പ്പാത ഉപയോഗിച്ച്‌ ഭൂമിയുമായി തുന്നിച്ചേര്‍ത്തു. തെക്കുംഭാഗം, വടക്കുംഭാഗം എന്നു രണ്ടായി തിരിച്ച്‌ നാടിനു നടുവിലൂടെ ഒരു നാലുവരിപ്പാത അതിവേഗത്തില്‍ പാഞ്ഞുപോയി.വര്‍ധിച്ചുവരുന്ന വിശ്വാസികളുടെ സൌകര്യത്തിനായി കൌത്തയുടെ മേല്‍നോട്ടത്തില്‍ പ്രഭാവലയ വ്യാപനത്തിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചു.

അബ്ര ആത്മസംസ്കരണത്തിന്റെ ഓരോ പടികള്‍ താണ്ടുമ്പോഴും കൌത്ത ഒരുടപ്പിറപ്പിനെപോലെ കൂടിരുന്നു. മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്കുള്ള പരിണാമഘട്ടങ്ങളിലൊരിക്കല്‍ പോലും അസ്വാഭാവികതയോ അപരിചിതത്വമോ തോന്നാതിരിക്കാന്‍ എല്ലാം തയ്യാറാക്കപെട്ടിരുന്നു. പ്രഹര്‍ഷോന്മാദത്തിന്‌ ശേഷമുള്ള വിവശതയില്‍ ഒരു കല്ലുസോഡ കുടിക്കണമെന്നുള്ള ആഗ്രഹം പോലും നിറവേറ്റപ്പെട്ടു.

പഞ്ചഭൂതങ്ങള്‍ അബ്രക്ക്‌ വഴിപ്പെടുന്നതിനു മുന്‍പായിരിക്കണം ഓര്‍മകള്‍ മാത്രം പെയ്ത ഒരു മഴ വന്നു. നാലു ദിവസം വിശ്രമമില്ലാതെ പെയ്ത മഴ.

മഴ തോര്‍ന്ന ദിവസം.

ആകാശത്തെ വിഷാദം മുഴുവന്‍ വാര്‍ന്നു തീരാത്ത മേഘക്കീറുകള്‍ക്കിടയില്‍ നിന്ന് ഒരു മഞ്ഞ ജനല്‍വെളിച്ചം വീണ്‌ സായാഹ്നം പ്രസന്നമായി. ദൂരെ കളിസ്ഥലത്ത്‌ നിന്നുയരുന്ന കുട്ടികളുടെ ആഹ്ലാദത്തിമിര്‍പ്പും സന്തോഷാധിക്യത്താലുള്ള ഓരിയിടലുകളും അബ്ര കേട്ടു. വര്‍ഷങ്ങല്‍ താണ്ടിയെത്തും പോലെ അവ തീരെ ദുര്‍ബലവും പുരാതനവുമായി തോന്നി. പ്രാചീന സ്മൃതികളുടെ ഒരുണര്‍ത്തുപാട്ട്‌ പോലെ തോന്നിയ അവ കാതോര്‍ക്കും തോറും കൂടുതല്‍ ദയനീയവും വിഷാദാത്മകവുമായിത്തീര്‍ന്നു. അയാള്‍ കിടക്ക വിട്ടെഴുന്നെറ്റിരുന്നില്ല.രണ്ട്‌ മൂന്ന് ദിവസങ്ങളായി ഓര്‍മകളല്ലാതെ കാര്യമായൊന്നും താന്‍ കഴിട്ടില്ലെന്നു അയാളോര്‍ത്തു. വിങ്ങുന്ന തലയും വീങ്ങിയ കണ്ണുകളുമായി അയാള്‍ പതുക്കെ എഴുന്നേറ്റു. മട്ടുപ്പാവിലേക്ക്‌ വേച്ച്‌ നടന്നു. അവിടെ എത്തുമ്പോഴേക്കും അയാള്‍ ഒരു പുതിയ വേഗവും പുതുമയും കൈവരിച്ചിരുന്നു. ചുറ്റുമുള്ള തണുത്ത വായു അയാളെ ഉന്മത്തനാക്കി.

ആ മട്ടുപ്പാവിന്റെ ഉയരത്തില്‍ നിന്ന് ലോകത്തുള്ള സകലമാന ജീവജാലങ്ങളും കേള്‍ക്കെ അയാള്‍ക്ക്‌ ഉറക്കെ കരയാന്‍ തോന്നി. കാരണമില്ലാതെ കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍ വന്ന് അയാളുടെ വായും മൂക്കും നനച്ചു.
ഏറെനാള്‍ കൂടി അയാള്‍ ആകാശം കാണുകയായിരുന്നു.കാറ്റിലാടുന്ന മരങ്ങളെയും പുഴകളേയും പെണ്‍കുട്ടികളേയും. എല്ലാം അയാള്‍ മറന്നിരുന്നു.

അരമതിലില്‍ കൈകളൂന്നി ഒരു വീര്‍പ്പെടുത്തുയരുമ്പോള്‍ ബാല്യത്തില്‍ കണ്ടിരുന്ന മൂന്ന് നക്ഷത്രങ്ങള്‍ ആകാശത്ത്‌ നേര്‍രേഖയില്‍ ദൃശ്യമായി.ദൈവികമായ ഒരു തിരിച്ചറിവില്‍ അയാളുടെ ആത്മാവ്‌ പതഞ്ഞ്‌ തൂവി. അകംപുറം മറിയാതിരിക്കാനായി കണ്ണുംവായും പൂട്ടി അയാള്‍ എറെനേരം അങ്ങനെ നിന്നു.

കാറ്റും മഴയും അടങ്ങി.മഴവെള്ളം കുത്തിയൊലിച്ച വിള്ളലുകളില്‍ വേരുകള്‍ നഗ്നരായി.

തനിക്ക്‌ ചുറ്റുമായി നിയന്ത്രണാതീതമായി പടര്‍ന്ന് പന്തലിച്ച ആശകളുടേയും പ്രതീക്ഷകളുടേയും നിബിഡാന്ധകാരത്തിലേക്ക്‌ ഒരിലക്കീറിന്റെ വാവട്ടത്തില്‍ ഒരുതുള്ളി വെളിച്ചം.രണ്ടാമതൊരിക്കല്‍ കൂടി അതുണ്ടായേക്കില്ല.

അയാള്‍ കൌത്തയെ വിളിച്ചു. ബാല്യകാലത്ത്‌ കൂട്ടുകാരനോടൊത്ത്‌ സംസാരിച്ചു നടക്കുമ്പോള്‍ പൊന്തകള്‍ക്കിടയില്‍ ഒളിച്ച്‌ അവന്‍ അയാളെ ഒറ്റപ്പെടുത്തിയിരുന്നത്‌ പോലെ ജീവിതത്തില്‍ അയാള്‍ അയാളെത്തന്നെയും ഒറ്റപ്പെടുത്തിയിരിക്കുന്നു. തിരിച്ചു നടന്ന് ഏതു പൊന്തയിലാണ്‌ ജീവിതത്തിന്റെ എല്ലാ ഒളിച്ചേ കണ്ടേ കളികളുടെയും രസങ്ങളുമായി താന്‍ പതുങ്ങിയിരിക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പുതിയ തീര്‍പ്പുകളുടെയും തീരുമാനങ്ങളുടേയും തായമ്പക തീരുമ്പോള്‍ ഏറെനാളായി അയാളുടെ ശരീരത്തിന്റെ ഇറുക്കങ്ങളിലെവിടെയോ തടഞ്ഞുനിന്നിരുന്ന ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്ന് സ്വതന്ത്രമായി.
കൌത്ത തയ്യാറാക്കിയ ഒരു ഗ്ലാസ്സ്‌ പാലും കുടിച്ച്‌ ഉറങ്ങാന്‍ കിടന്നു.
അടുത്ത ദിവസം ഉറക്കമുണരാനാവാതെ, മടങ്ങിയിരിക്കുന്ന വലതു കൈയിലേക്ക്‌ ശരീരം കയേറ്റീവ്ച്ച്‌ മുകളില്‍നിന്ന് താഴേക്ക്‌ വീണവനെപ്പോലെ കമിഴ്ന്ന് കിടന്ന് മരിച്ചു പോയി.

(അഡ്വക്കറ്റ്‌ ജനറലിന്റെ ശക്തമായ ശിപാര്‍ശയോടെ തിരുശരീരം പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നൊഴിവാക്കണമെന്ന കൌത്തയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. എന്തെന്നാല്‍, നിത്യ ചൈതന്യത്തിലേക്ക്‌ നീരാവി പോലുയരുന്ന ജീവന്‍ ശരീരത്തില്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കുന്നില്ല.)

27 comments:

mariam said...

അബ്ര ബ്രാക്കറ്റില്‍ കാദബ്ര

പെരിങ്ങോടന്‍ said...

കുറച്ചധികം നാളുകള്‍ക്കു ശേഷം വീണ്ടും ബ്ലോഗില്‍ എഴുതിക്കാണുന്നതില്‍ സന്തോഷം.

ദില്‍ബാസുരന്‍ said...

ആ ബ്രാ(മോനേ)അതാ ബ്രാ..എന്നല്ലേ ശരിക്ക്.. :-)

(ഓടോ: പോസ്റ്റ് വായിക്കട്ടെ)

വേണു venu said...

'നൂറ്റാണ്ടിന്റെ ഏറായിരുന്നു ഇത്‌'.

ഒരാവര്‍ത്തി വായന ബാക്കി കിടക്കുന്നു.

ദില്‍ബാസുരന്‍ said...

മറിയം,
രസികന്‍ ശൈലി.

ആ തെക്കും ഭാഗം, വടക്കും ഭാഗം പ്രയോഗം വി.കെ.എന്‍ ന്റെ ഒരു രസികന്‍ ചെറുകഥയെ ഓര്‍മ്മിപ്പിച്ചു. :-)

ചില നേരത്ത്.. said...

ഒരു പ്രത്യേക കഥ.
ഒരു പ്രത്യേക അനുഭവവും.

പാര്‍വതി said...

മ്മ്...എന്തോ ഒരു പ്രത്യേകത..എന്താന്നറിയില്ല,വിവരണമാണോ,അതോ പ്രമേയമാണൊ..

എനിക്ക് തോന്നിയത് നാട്ടിലെ കൈ തോട്ടില്‍ വെള്ളം ഒഴുകുന്നത് കണ്ട് നിന്നപോലെ..

-പാര്‍വതി.

അഗ്രജന്‍ said...

കല്ല് പാറിച്ചെന്ന് പാമ്പിന്റെ തലയില്‍ ജീവനിരിക്കുന്നിടത്ത്‌ തന്നെ കൊണ്ടു. എന്തോ മറന്നതു പോലെ പാമ്പ്‌ പെട്ടെന്നു നിന്നു. നാവ്‌ ചേര്‍ത്ത്‌ എരിവു വലിച്ച്‌ നുണഞ്ഞതിനു ശേഷം മരിക്കും മുന്‍പ്‌ പാമ്പ്‌ അബ്രയെ ആദരവോടെ നോക്കി.

മറിയം, നല്ല ശൈലി.


===================
ഒന്നുകൂടെ വായിക്കേണ്ടതുണ്ട്.

അഡ്വ.സക്കീന said...

ഇന്നലെ "അബ്ര ബ്രാക്കറ്റില്‍ കാദബ്ര" എന്ന ചെറുകഥ വായിക്കാന്‍ നീളുമെന്നതിനാല്‍
പ്രിന്ടെടുത്തു വീട്ടില്‍ കൊണ്ടു പോയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല ഇങ്ങനെയൊരു
കുറിപ്പെഴുതേണ്ടി വരുമെന്ന്. അതുകൊണ്ടല്ലേ, പണ്ടാരാണ്ടും പറഞ്ഞത്,
"ആശിച്ച പോലൊക്കെ ആടാന്‍ കഴിയാത്ത ജീവിതമാണെന്നും നാടകമെന്ന്", അല്ല, തിരിഞ്ഞു പോയി.

ഇത്തിരിവെട്ടം|Ithiri said...

മനോഹരമായ ഒരു പുതിയ ശൈലി.

ആനക്കൂടന്‍ said...

ഒറ്റ കഥാപാത്രത്തിന്റെ നേര്‍മ്മയില്‍ ഒഴുകി നീങ്ങുന്ന ഇറാനിയന്‍ സിനിമയുടെ പശ്ചാത്തലം അബ്രയിലൂടെ കടന്നു പോയപ്പോള്‍ എനിക്കു തോന്നി. എന്നാല്‍ കൌത്തയിലെത്തിയ നിമിഷം അത് മറ്റൊരു വഴിക്കു തിരിഞ്ഞു. അതു വരെയുണ്ടായിരുന്ന ഏകാഗ്രതയില്‍ നിന്നും ഭാഷ അല്പം വ്യതിചലിച്ചു പോയതു പോലെ.

നന്നായിട്ടുണ്ട്...

പെരിങ്ങോടന്‍ said...

I create as I speak (അബ്രകാദബ്രാ) എന്ന ഇന്ദ്രജാലക്കാരന്റെ വചനം പോലെ ഓരോ വരിയിലും പാത്രസൃഷ്ടി നിറഞ്ഞു നില്‍ക്കുന്നു. ഈയടുത്ത കാലത്തു വായിച്ചവയില്‍ ഏറ്റവും സ്പര്‍ശിച്ചൊരെഴുത്തു്.

സുഭാഷ് ചന്ദ്രന്റെ നാട്ടുകാരനാണല്ലേ, കടുങ്ങല്ലൂരിനു വാഴ്വും വാഴ്‌ത്തും.

തണുപ്പന്‍ said...

ഇതൊരു കഥയല്ല. ഒരു ദേശത്തിന്‍റെ മഹാകാവ്യം അബ്രയിലൂടെ ഒഴുകുകയാണ്, കൌത്തയിലൂടെ നിറയുകയാണ്.

അടുത്തകാലത്തായി ബൂലോഗത്തില്‍ വന്ന കഥകളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടേണ്ട കഥകളിലൊന്നാണിത്.

ദിവ (diva) said...

ചില നേരത്തും പെരിങ്ങോടനും തണുപ്പനും പറഞ്ഞതിനോടു യോജിക്കുന്നു.

വളരെയധികം ഇഷ്ടപ്പെട്ടു ഈ കഥ. മനോഹരമായ രചന. ആവേശജനകമായ വായന.

ഇത്തരം കഥകള്‍ തീര്‍ച്ചയായും (ബ്ലോഗിലെങ്കിലും) പോപ്പുലര്‍ ആകേണ്ടതാണ്‍. കമന്റുകളുടെയും പോസ്റ്റുകളുടെയും പെരുവെള്ളപ്പാച്ചിലില്‍ ഈ കഥ മറഞ്ഞുപോകാതിരിക്കട്ടെ.

മറിയം, ആശംസകള്‍. ഇനിയുമിനിയും എഴുതുക

ലാപുട said...

ഗംഭീരമായിരിക്കുന്നു മറിയം....
വായിച്ചുപോകുമ്പോള്‍ ഒന്നു ചിരിച്ചാലോ എന്നു തോന്നിപ്പിക്കുമ്പോഴേക്കും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഏകാന്തതയുടെയും ശൈഥില്യങ്ങളുടെയും പിന്നെ എനിക്കറിയാവുന്ന എല്ലാ കനപ്പെട്ട സങ്കടങ്ങളൂടെയും ഭാരങ്ങള്‍ അതിനെ അമര്‍ത്തിക്കളഞ്ഞു എല്ലായ്പ്പോഴും...
വാക്കുകളില്‍ നിങ്ങള്‍ ഒടി വെച്ചിരിക്കുന്നു....
നന്ദി....
അഭിനന്ദനങ്ങള്‍....

ബാബു said...

മറിയം, കുറച്ചുനാളായി എഴുതാതിരുന്നതിന്റെ കേടുതീര്‍ത്തു ഈ പോസ്റ്റ്‌. കലക്കി.

കണ്ണൂസ്‌ said...

വളരെ നന്നായിരിക്കുന്നു. വെയില്‍ കത്തി നില്‍ക്കുമ്പോള്‍ തന്നെ പാറി വീഴുന്ന തണുത്ത മഴ പോലെ തോന്നി പല സന്ദര്‍ഭങ്ങളും.

ഡാലി said...

ഭാഷയുടെ മായജാലങ്ങള്‍ക്കും, ആശയങ്ങളുടെ കുത്തൊഴിക്കിലും പെട്ട് ശ്വാസം മുട്ടി താണ് പോകാതെ എപ്പോഴും ഉയര്‍ന്ന് പൊന്തി കിടക്കുന്ന കഥാപാത്രം “അബ്ര,ബ്രാക്കറ്റില്‍ കാദബ്ര”!

വിസ്മയകരമായ കഥപാത്രത്തിനു ചാഞ്ഞിറങ്ങി ട്വിസ്റ്റ് കൊടുക്കാന്‍ കൌത്ത ആശ്ചര്യ ചിഹ്നത്തിനും ചോദ്യ ചിഹ്നത്തിനും ഇടയില്‍ (എനിക്ക്‌)!?

കുറേയേറെയുള്ള ബിംബങ്ങള്‍ ആദ്യവായനയുടെ ഒഴുക്കു തടഞ്ഞെങ്കിലും, മൂന്നും നാലും ആവര്‍ത്തി വായനയ്ക്കു ശേഷം ഒരു വായന കൂടി മുഷിയില്ല എന്ന അഭിമാനം.

മറിയം, ഇടയ്ക്ക് ഇവിടെ പുതിയ പോസ്റ്റ് വന്നോ എന്ന് എത്തി നോക്കി നിരാശയോടെ പോയി. അവസാനം കിട്ടിയത് ഏറെ ഹൃദ്യം.

അത്തിക്കുര്‍ശി said...

മറിയമേ,

എന്താണുപറയുക! ഓരാവര്‍ത്തി ധൃതിയില്‍ വായിച്ചു. അബ്രയും കാത്തയും മന്‍സ്സില്‍ മായാതെ നില്‍ക്കത്തക്കവണ്ണം ഗംഭീരമായ രചന, പാത്ര സൃഷ്ടി! ഓരോ വരികളൂം വാക്കുകളും ഇഷ്ടമാകത്തക്ക വിധം സൂക്ഷ്മതയോടെ കോറിയിട്ടിരിക്കുന്നു!
മരിക്കും മുമ്പെ ആ പാമ്പു നോക്കിയ ആദരവിന്റെ നോട്ടവും, നൂറ്റാണ്ടിന്റെ ഏറും ! പുതിയ ഒരു വായന)നുഭവം!
പുനര്‍വായനക്കു ശേഷം തിരിച്ചു വരാം.

mariam said...

വായിച്ചഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദിയോട് നന്ദി.
-മറിയം-

Ragesh said...

അബ്ര ബ്രാക്കറ്റില്‍ കാദബ്ര

Nannayi ezhuthirikkunnu mariyam.... randu thavana vayichu, muzhuvan manasilakkuvan, pakshe innalum muzhuvan manassilayilla

പൊന്നപ്പന്‍ - the Alien said...

അബ്ര.. കദബ്ര.. കഥയിലൂടെ നടന്നു പോകാന്‍ കഴിയുന്നു.. വായിക്കാനായതില്‍ സന്തോഷം .

മുരളി വാളൂര്‍ said...

ഞാന്‍ ബ്ലോഗിലിന്നുവരെ വായിച്ചതില്‍ ഏറ്റവും നല്ല രചന. ഓരോ പുനര്‍വായനയ്ക്കും പുനര്‍ജ്ജനിക്കുന്ന കഥ. വീണ്ടും വീണ്ടും വായിക്കുമ്പോഴും ആദ്യം വായിച്ച അതേ ഫ്രഷ്നസ്‌. വാക്കുകളുടെ മാന്ത്രികത. മറ്റൊരു ലോകത്തെത്തിപ്പെട്ട പ്രതീതി. പ്രിയ മറിയം, താങ്കള്‍ വളരെ കുറച്ചെഴുതിയാല്‍ മതി, പക്ഷെ ആ എഴുതുന്നത്‌ ഇങ്ങിനെയുള്ളവയാണെങ്കില്‍ ഒരുപാടുപേര്‍ കാത്തിരിക്കുന്നു. അബ്രയുടെ ജീവിതം മുഴുവന്‍ മാസ്മരികമായി വരച്ചിട്ടിരിക്കുന്നു. ഈ കഥ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചോ എന്നറിയില്ല. ബ്ലോഗര്‍ക്കുപരി മുഴുവന്‍ വായനക്കാര്‍ക്കും കിട്ടേണ്ട കഥയാണിത്‌. എങ്കിലും എന്റെ ശുഷ്കജ്ഞാനത്തില്‍ തലക്കെട്ട്‌ പിടികിട്ടിയില്ല. വളരെ നീണ്ട വാചകങ്ങളാണ്‌ കൂടുതലെങ്കിലും വികാരം ചോര്‍ന്നുപോകാതെ ഭാവത്തെ തീവ്രമായിത്തന്നെ പിടിച്ചുനിര്‍ത്തുന്ന അസാമാന്യ കയ്യടക്കം. സമൂഹത്തെ അടുത്തുനിന്നു കാണുന്ന പലേ വരികളും ഇതില്‍ വായിക്കാം. ബൂലോഗര്‍ക്കായി വായനയുടെ വസന്തത്തെ വിരിയിച്ച മറിയം, നന്ദി.

വിഷ്ണു പ്രസാദ് said...

ഈ തലക്കെട്ട് ഞാന്‍ മുന്‍പ് കേട്ടിട്ടുണ്ട്.ഈ പേരില്‍ ഒരു പുസ്തകമുണ്ടോ...?കുറേ കാലത്തിന് ശേഷം
ഒരു കഥ വായിക്കുകയാണ്.അതിമനോഹരം.
ഇതെഴുതിയ കഥാകൃത്തിന് മലയാളത്തിലെ ഒന്നാം നമ്പര്‍ എഴുത്തുകാരിയാവാനുള്ള അടയാളങ്ങള്‍ കാണിക്കുന്നുണ്ട് ഈ കഥ.നന്ദി,ഈ വായനാനുഭവത്തിന്.

mariam said...

രാഗേഷ്,പൊന്നപ്പന്‍,മുരളി, വിഷ്ണുപ്രസാദ് ഏവര്‍ക്കും നന്രി.
വിഷ്ണു, അബ്ര ബ്രാക്കറ്റില്‍ കാദബ്ര എന്ന തലക്കെട്ടാണെങ്കില്‍ ശരിയാണ്. ഇതു ഒരു തവണ പ്രസിദ്ധീകരിച്ച കഥയാണ്.

Inji Pennu said...

അപ്പൊ ഇങ്ങിനെയൊക്കെയാണാല്ലെ ശരിക്കും മലയാളത്തില്‍ എഴുതാ ? (തലേല്‍ ഇടാന്‍ ഒരു മുണ്ട് കിട്ടുവൊ?) :-)

എനിക്കിതില്‍ കൌത്ത വരുന്നിടം വരെ വളരെ നല്ലോണം രസിച്ചു. അബ്രേടെ പ്രഭാവം കൊണ്ടാണൊ കൌത്തക്ക് അധികം പിക്കപ്പില്ലാന്നൊരു തോന്നല്‍.അതോ ഇനി അങ്ങിനെ എഴുതിയതാണൊന്ന് അറിയില്ല. ഇനിയും ഇതുപോലെയുണ്ടങ്കില്‍ വേഗം എഴുതിയിടണേ...

ഈ മാ‍ധ്യമം എന്നൊരു പത്രമല്ലാണ്ട് വാരികയും ഉണ്ടോ? അതോ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു എന്നു പറയുന്നത് മീഡിയാ എന്ന അര്‍ത്ഥത്തില്‍ ആണൊ?

mariam said...

ഇന്‍ജി,
വായിച്ചതിനു നന്ദി.
അപ്പൊ മതര്‍തെരേസ ഏത് കഥ വായിച്ചിട്ടാവും തലയില്‍ മുണ്ടിട്ടത്? ;-)
മാധ്യമം പത്രമല്ലാതെ ആഴ്ച്ചപ്പതിപ്പും ഉണ്ട്.