ഒന്ന്
ജോലിത്തിരക്കില്ലാത്ത സമയങ്ങളില്‍, അല്‍പനേരത്തെ പൂര്‍വജ്ഞാനത്തിന്റെ അപൂര്‍വസിദ്ധി നല്‍കി ആദരിച്ചതിനു ശേഷം മാത്രമാണ് മരണം തന്റെ ഏറ്റവും പ്രിയപ്പെട്ട ഇരകളുടെ മേല്‍ കൈവെക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ബാക്കിയുള്ളവരുടെ ശബ്ധം താഴ്ത്തിവെച്ചും ചലനം പരിമിതപ്പെടുത്തിയും സ്വയം ആദരവ് പിടിച്ചുപറ്റാനും അതിനറിയാം.
മുറിയില്‍, കാര്യമായി എന്തെങ്കിലും സംഭവിക്കുന്നതുവരെ ആര്‍ക്കും ഒന്നും ചെയ്യേണ്ടതില്ലാത്ത വിധം അങ്ങനെ എല്ലാം ക്രമീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
രൂപങ്ങള്‍ അതിരുകളുടെ മൂര്‍ച്ച നഷ്ടപ്പെട്ട് അവയുടെ പശ്ചാത്തലവുമായി പഴകി ത്രിമാനസ്വഭാവം കൈവിട്ട് പകച്ച് നില്‍കെ, കട്ടിലിന് ചുറ്റും കാത്തുനിന്ന ബന്ധുജനങ്ങളുടെ അറിവിലേക്കായി മൂപ്പീന്ന് അവസാനമായി കണ്ണുതുറന്നു. കദീശുമ്മയ്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ തന്റെ കണ്ണടയാവശ്യപ്പെട്ടു. എന്നിട്ടതിലൂടെ, തന്റെ മുഖത്തിന് മുകളിലേക്ക് ശ്രദ്ധയോടെ ചാഞ്ഞുവന്ന കദീശുമ്മയെ നോക്കി, കൃഷ്ണമണി ശ്രമപ്പെട്ട് മേലേക്ക് ചലിപ്പിച്ചു.
സ്വസ്ഥത താരതമ്യേന വളരെ കുറവായിരുന്ന, അവരുടെ വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യജീവിതത്തിനിടയില്‍, താനനുഭവിച്ച മാനസികപീഢനങ്ങളെയെല്ലാം ഒരൊറ്റ ഞൊടിയിടയില്‍ വിസ്മൃതിയില്‍ മുക്കിക്കളഞ്ഞ തീരെ ദുര്‍ബലമായ ആ വിക്ഷേപം തനിക്ക് ഒരിക്കലും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് ഇപ്പോള്‍ തങ്ങള്‍ക്കിടയിലേക്ക് ഈ ഭൂതക്കണ്ണാടിയെടുത്ത് വെക്കപ്പെട്ടതെന്ന് കദീശുമ്മയ്ക്ക് തീര്‍ച്ചയായിരുന്നു.
ഹൃദയത്തില്‍ നിന്ന് ദ്രവരൂപത്തിലുള്ള ഒരു തേങ്ങല്‍ അവരുടെ ചുണ്ടുകളിലേക്ക് തികട്ടി വന്നു.
കൊച്ചുമകന്‍ സുഹെയിലിന് തന്റെ വലിഞ്ഞു മുറുകിയ കാല്‍വിരലില്‍ നിന്ന് മരണത്തിന്റെ തണുപ്പ്, തിരക്കിന്റെ കണ്ണുവെട്ടിച്ച് ഇടക്കിടെ സ്പര്‍ശിച്ചറിയാന്‍,
വര്‍ഷങ്ങളോളം തമ്മില്‍ പിണക്കത്തിലായിരുന്ന മൂത്തമകന്‍ അബ്ദുല്‍കരീമിന് ഇളയ സഹോദരന്‍ റസയോട് മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ "സമയമെന്തായെടാ.."യെന്ന് ചോദിച്ച് പിണക്കമവസാനിപ്പിക്കാന്‍,
വിശിഷ്യ, കദീശുമ്മയ്ക്ക് നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മക്കളേയും മരുമക്കളെയും കൊച്ചുമക്കളെയും ഒരുമിച്ച് കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദം പങ്കിടാന്‍,
അങ്ങനെ പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഏറെ അനന്തരഫലങ്ങളുടെ ഒരു കാരണമായി മൂപ്പീന്നിന്റെ ജീവിതമവസാനിക്കുമ്പോള്‍ അയാള്‍ അവസാനം പുറപ്പെടുവിച്ച ഒരു ദയനീയശബ്ദത്തിന്റെ മാറ്റൊലി കണക്കെ വിയര്‍പ്പുണങ്ങിയ കൈ പ്ലാസ്റ്റിക് കവറിനു മുകളിലൂടെ വലിക്കുന്ന ഒരു ശബ്ദം ദൂരെ പലയിടങ്ങളിലായി മാറിത്താമസിക്കുന്ന മക്കളുടെയെല്ലാം വീട്ടില്‍ ഒരേ സമയം മുഴങ്ങിക്കേട്ടു.
ആ സമയം മുക്രി കൊച്ചുണ്ണി, മൂപ്പീന്നിന്റെ നാസാരന്ധ്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നൂല്‍ തൂക്കിയിട്ട് ക്ഷമനശിച്ച ഒരു ചൂണ്ടക്കാരനെപ്പോലെ മരണം കാത്തിരിക്കുകയായിരുന്നു. വിളറിയ ദോലകചലനങ്ങളാല്‍ വിരസമാക്കപ്പെട്ടിരുന്ന വെളുത്ത നൂല്‍ വീര്‍പ്പടക്കി നിന്നു. മയങ്ങിപ്പരക്കുന്ന മലത്തിന്റെ ദുര്‍ഗന്ധവും ചേര്‍ത്ത് മുക്രി ഒരു തീര്‍പ്പിലെത്തിച്ചേരുകയായിരുന്നു. പൊടുന്നനെ, ഒരു സഹഭാവ സാമാന്യവത്കരണത്തിന്റെ ദുഷ്പ്രേരണയാല്‍ നിത്യതയുടെ നിഗൂഢസ്മിതത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം ഒറ്റക്കായിപ്പോയി. പക്ഷേ തിരിച്ചറിയാനാവാത്ത ആ നേരിയ ഗന്ധത്തിന്റെ അദൃശ്യതയോടെ വന്ന മരണത്തെ ആ കൂട്ടത്തില്‍ നിന്ന് ആദ്യം മണത്ത് പിടിച്ചവന്‍ എന്ന ഗര്‍വ്, തന്റെ ബാല്യകാലസുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള പ്രശ്നങ്ങളുടെമേല്‍ വ്യക്തമായ മേല്‍ക്കോയ്മ നേടി. അങ്ങനെ മുക്രി കൊച്ചുണ്ണി, മരണംവരെ മരണഭയം കൊണ്ട് തളര്‍ന്ന് കിടന്ന് പോയേക്കാവുന്ന ഒരു വന്‍ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു മനുഷ്യജീവിക്കുമില്ലാതിരുന്ന ആ അഗാധജ്നാനം വളരെ നീണ്ടുപോയ ഒരു നിമിഷം മുഴുവന്‍ ആസ്വദിച്ചതിനു ശേഷം അതെല്ലാവര്‍ക്കുമായി വെളിപ്പെടുത്തും വണ്ണം മന്ത്രിച്ചു:"ഇന്നാലിന്നാഹി വഇന്നാഇലൈഹി റാജിഊന്‍!".
രണ്ട്
പ്ലാസ്റ്റിക് കവറില്‍ കൈയുരയുന്ന ശബ്ദം കേട്ട് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് റസയും കുടുംബവുമെത്തിയത്. സ്വീകരണമുറിയില്‍ ആരുടേയോ കാല് തെറ്റിയ ശബ്ദമാണെന്നാണ് എലിസബത്ത് കരുതിയത്. തന്റെ മുറിയില്‍ ചിന്താനിമഗ്നനായി ഇരിക്കുകയായിരുന്നു റസ. "നാളെയെങ്കിലും അവിടെവരെയൊന്നു പോകണം" എന്ന മുഖവുരയോടേ പഴയ ഫ്ലാറ്റിനേയും അവിടുത്തെ താമസക്കാരെയും സംബന്ധിക്കുന്ന സംഭാഷണത്തിന് തുടക്കമിടുകയായിരുന്നു എലിസബത്ത്. റസ അതില്‍ പങ്കുചേരാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഏതോ മറവിയെക്കുറിച്ചുള്ള ഒരോര്‍മ അയാളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ അയാള്‍ക്ക് ഭാര്യ പറയുന്നതില്‍ മുഴുവന്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
ഇതുപോലെയുള്ള ചെറിയ ചെറിയ സംഗതികളെച്ചൊല്ലിയുള്ള ശ്രദ്ധാശൈഥില്യമൊഴിച്ചാല്‍ അയാള്‍ നര്‍മബോധമുള്ള ഒരു സരസനും ഒരൊന്നാന്തരം കാമുകനുമായിരുന്നു. രണ്ടു കുട്ടികളെ പ്രസവിച്ചതിനു ശേഷവും എലിസബത്തിനെ കാമുകിയെന്ന സ്വപ്നാവസ്ഥയില്‍ നിന്ന് ഭാര്യയെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞെട്ടിയുണര്‍ത്താന്‍ അയാളുടെ നര്‍മഭാവനകളും നിസാരകാര്യങ്ങളില്‍ പോലും വീണ്ടും വീണ്ടും അത്ഭുതം കൊള്ളുന്ന മനസ്സും ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഏറെ ശ്രമപ്പെട്ടതിനു ശേഷം സ്വീകരണമുറിയില്‍ നിന്ന് വന്ന ഏതോ ഒരു ശബ്ദമായിരുന്നു അതെന്നും കുഞ്ഞ് വീണതാണൊ എന്ന സംശയമാണ് തന്റെ മനസ്സിനെ ഇത്ര നേരം അലട്ടിയിരുന്നതെന്നും അയാള്‍ തെറ്റായി കണ്ടുപിടിച്ചു. അനു, എലിസബത്തിന്റെ വിരലില്‍ തൂങ്ങിനില്‍പുണ്ടായിരുന്നതിനാല്‍ ഇനി ആശങ്കയ്കടിസ്ഥാനമില്ലെന്ന് കണ്ട് തന്റെ ഹൃദയത്തില്‍ നിന്ന് ആ കറുത്ത പാട നീക്കി ഇനിയാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ പോലും ഓര്‍ക്കാനാവാത്ത വിധം അത് എന്നെന്നേക്കുമായി മറക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ടെലിഫോണ്‍ ശബ്ദിച്ചത്. അടുക്കളക്ക് മുന്നിലെ ഇടനാഴിയില്‍നിന്ന് ടെലിഫോണ്‍ ഇനിയും ശരിയായ ഒരിടത്തേക്ക് മാറ്റിയിട്ടില്ലെന്ന് കുണ്ഠിതപ്പെട്ട് എലിസബത്ത് ഫോണ്‍ എടുക്കാന്‍ പോയി. ധൃതിപിടിച്ച് താമസം മാറ്റിയത്‌മൂലമുണ്ടായ ചില്ലറ പാകപ്പിഴകളിലൊന്നായിരുന്നു അത്. അല്‍പസമയം കഴിഞ്ഞ് എലിസബത്ത് വിളിച്ചുപറഞ്ഞു. "ഇത് (പൂര്‍ണമായും) നിനക്കുള്ളതാണ്".
മൂന്ന്
സ്വത്ത് ഭാഗം ചെയ്തതിനു ശേഷം അങ്ങോട്ട് വന്നിട്ടില്ലായിരുന്ന മകള്‍ റസിയ ഇടക്ക് വെച്ചു തന്നെ കാറില്‍നിന്നിറങ്ങി കരഞ്ഞുകൊണ്ട് പാഞ്ഞ്, ചിതറിനില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ, തന്റെ വികാരവിക്ഷോഭവും വേഗതയും നിയന്ത്രിക്കാനാവാതെ ആയാസപ്പെട്ടൊരു വളവെടുത്ത് കട്ടില്‍ക്കാലിലേക്ക് വീണ് അലമുറയിടാന്‍ തുടങ്ങുമ്പോള്‍ മൂപ്പീന്നിന്റെ മയ്യിത്ത് കുളിപ്പിക്കാനായി അകത്തെമുറിയിലേക്ക് എടുത്തിരിക്കുകയായിരുന്നു. മയ്യിത്ത് കുളിപ്പിച്ച് പൊതുദര്‍ശനത്തിനായി ഉമ്മറത്ത് വെച്ചത് മുതല്‍ അതെടുക്കുന്നത് വരെ സുഹെയില്‍ അവിടെയുണ്ടായിരുന്നു. തന്റെ വെല്ലുപ്പയുടെ മരണത്തിന് കാരണം ത്വക്ക് ചുളിഞ്ഞുണ്ടായ വാര്‍ധക്യം എന്ന രോഗമാണെന്നും അത് വളര്‍ന്ന് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത് വൃഷണസഞ്ചികളിലേയും നിവര്‍ത്തിപ്പിടിച്ച കൈകളുടെ മുട്ടുകളിലേയും ചുക്കിച്ചുളിഞ്ഞ തൊലിയില്‍ നിന്നുമാണെന്നും അവന്റെ ഗവേഷണബുദ്ധിയാല്‍ അനുമാനിക്കപ്പെട്ടു.
ഒന്നോ രണ്ടോ തവണ മാത്രമാണ് അവന്‍ ആ മുറിവിട്ട് പുറത്ത് പോയത്. അകത്ത് നിന്നുയര്‍ന്ന അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും ഇടക്കവസാനിപ്പിച്ച നെടുവീര്‍പ്പുകള്‍ക്കുമിടയില്‍നിന്നുയര്‍ന്ന ഒരു കുഞ്ഞ്‌കരച്ചിലായിരുന്നു ഒരു കാരണം. ആ കരച്ചിലിനുടമ ദൂരെ പിണങ്ങി താമസിച്ചിരുന്ന തന്റെ കുഞ്ഞുമാമയുടെ മകള്‍ സുനുവാണെന്നറിഞ്ഞ്, തന്റെ ഏറ്റവും പുതിയ, ഇനിയും മുനച്ചിട്ടില്ലാത്ത വര്‍ണ്ണപ്പൂക്കളോടു കൂടിയ ക്യാംലിന്‍ പെന്‍സില്‍ കൊണ്ടുവന്ന് അപ്പോഴേക്കും താന്‍ എന്തിനാണ് കരയുന്നതെന്ന കാര്യം തന്നെ മറന്ന് ഏന്തിക്കൊണ്ടിരുന്ന അവള്‍ക്ക് കൊടുത്തു. ഒരു നിമിഷം. സംശയഭാവങ്ങളോടെ അവള്‍ അത് വാങ്ങി തന്റെ ഉടുപ്പിലൊളിപ്പിച്ചു. ആ പെന്‍സില്‍ താന്‍ സൂക്ഷിക്കേണ്ട കാലയളവിനെപ്പറ്റിയറിഞ്ഞാല്‍ അതിന്റെ ബാഹുല്യമെത്രയെന്ന് കണ്ട് അതിശയിക്കാന്‍ തക്ക പ്രായമുള്ള പെണ്‍കുട്ടിയായിരുന്നില്ല അന്നവള്‍.
രണ്ട് ദിവസങ്ങള്‍ക്കു ശേഷം എലിസബത്ത് ബാഗില്‍ എന്തോ തിരയുമ്പോള്‍ അതിനടിയില്‍ ഒളിച്ചിരുന്ന ഒരു പെന്‍സില്‍ കണ്ടെത്തി. മകളെ പറഞ്ഞ് സമാധാനിപ്പിച്ച് അത് സുഹെയിലിനെ തിരിച്ചേല്‍പ്പിച്ചു. പിന്നീട് എലിസബത്ത് മനോഹരങ്ങളായ പൂക്കളുള്ള ആ പെന്‍സിലിനെ കുറിച്ച് ഒന്നുമറിഞ്ഞില്ല. ഒരിക്കലും.
എന്തായാലും "ഉച്ചമയക്കങ്ങളാലും പക്ഷികളുടെയും മൃഗങ്ങളുടെയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കരച്ചിലുകളാലും മുതിര്‍ന്നവരില്‍ നിന്നും ഒറ്റപ്പെട്ടുപോയ തൊടിയിലെ കുഞ്ഞുകുഞ്ഞു സ്വകാര്യങ്ങളുടെ ഏകാന്തലോക" മെന്ന് പിന്നീട് സുഹെയില്‍ തന്നെ വിശേഷിപ്പിച്ച ഒരു മദ്ധ്യാഹ്ന്ത്തില്‍ ആ പെന്‍സില്‍ വീണ്ടും സുനുവിനെത്തിച്ചുകൊണ്ട് വളരെ ചെറിയപ്രായത്തില്‍ തന്നെ പ്രണയമവരെ കെണിയില്‍ പിടിച്ചു.
തന്റെ മധുവിധുനാളിലെ പ്രസന്നമായ ഒരു സായാഹ്നം വരെ, അതായത് ഒരു മഹാനഗരത്തിലെ ഒരു വന്‍കിട ഹോട്ടലലില്‍ വിവാഹസമ്മാനമായി ഒരുക്കപ്പെട്ട അതിവിശാലമായ കിടപ്പുമുറിയില്‍ വെച്ച് പരിപൂര്‍ണ്ണ നിര്‍വികാരതയോടെ തന്റെ കന്യകത്വം മിക്കവാറും അപരിചിതനായ ഒരുവന് അടിയറവെച്ചതിന്റെ പിറ്റേദിവസം വരെ ഏതാണ്ട് പതിനെട്ട് വര്‍ഷങ്ങളോളം സുനൈനക്ക് ആ പെന്‍സില്‍ അവളുടെ ശരീരത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ പ്രണയമറിഞ്ഞവര്‍ക്ക്, അതിന്റെ തീക്ഷ്ണത ശരിയായി ഉള്‍ക്കൊണ്ടിരുന്നില്ലെങ്കില്‍ കൂടി അവളുടേയാ ഒഴിഞ്ഞ നോട്ടം കണ്ടാല്‍ ആ പെന്‍സില്‍ ആദ്യമായി മുനച്ച് ഒരു കത്തിയേക്കാള്‍ മൂര്‍ച്ചകൂട്ടി അവളുടെതന്നെ ഹൃദയത്തില്‍ കുത്തിയിറക്കാന്‍ പോകുകയാണെന്ന് കരുതാതിരിക്കാന്‍ തക്ക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് ഹൃദയത്തിന് നേരെ ഉയര്‍ത്തി ശക്തിയോടെ ഒരു പൂര്‍ണവിരാമം!. ആ പെന്‍സിലിന് ഒരായുധത്തിന്റെ ദൃഢതയുണ്ടായിരുന്നുവെങ്കില്‍ അതിലും ഭംഗിയായി അത്തരമൊരു പ്രണയത്തിന് വിടവാങ്ങാന്‍ കഴിയില്ലെന്ന് അവര്‍ കരുതി.
അവരെ കടന്ന്പോയ ഏതാണ്ടെല്ലാ ദിവസങ്ങളുടെയും ഓര്‍മക്കായി പക്ഷികളുടെയും മൃഗങ്ങളുടേയും മറ്റുപല ഉപകരണങ്ങളുടേയും കണക്കറ്റ ചെറുരൂപങ്ങള്‍ സുഹെയില്‍ ഉപഹാരങ്ങളായി അവള്‍ക്കയച്ചിരുന്നുവെങ്കിലും തങ്ങളെയും തങ്ങളുടെ ചിന്തകളേയും അദൃശ്യമായി ബന്ധിപ്പിക്കുന്നത് ആ പെന്‍സില്‍ തന്നെയാണെന്നവള്‍ പ്രേമത്തോടെ സങ്കല്‍പ്പിച്ചു.
യഥാര്‍ഥത്തില്‍ അനുരാഗത്തേക്കളുപരി, വിസ്മയകരമാംവിധം തങ്ങളിലലിഞ്ഞുപോയ ചിന്തകളെയും ഓര്‍മകളെയും വെറുമൊരു സ്നേഹോപഹാരത്തിലേക്ക് ലഘൂകരിക്കുന്ന സ്ത്രീകളുടെ മാത്രം ഒരു തന്ത്രമായിരുന്നു അത്.
ശേഷം എല്ലാം എളുപ്പമായിരുന്നു. തീരുമാനമെടുക്കേണ്ടിയിരുന്നത് വെറുമൊരു പെന്‍സിലിനെക്കുരിച്ചു മാത്രമായിരുന്നു.
അവള്‍ സാവകാശമെഴുന്നേറ്റു പോയി മുഖം വൃത്തിയായി കഴുകി. ആ ചെറിയ ചലനങ്ങളുടെ ഇടവേളകളില്‍, ഒരു പിടച്ചിലില്‍ ശരീരം ആവശ്യത്തിലധികം അനങ്ങിയ ഏതോ ഒരു നിമിഷം ആ പെന്‍സിലിനെ പറ്റി എല്ലാം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
യാദൃച്ഛികമാണെങ്കില്‍കൂടി അപ്പോള്‍ "ഒരു പ്രണയത്തില്‍ നിന്ന് രക്ഷപെടാന്‍ പെണ്‍കുട്ടികള്‍ക്ക് ശരിയായൊന്ന് തലകുടയാനുള്ള സാവകാശം മാത്രം കിട്ടിയാല്‍ മതി"യെന്ന സുഹെയിലിന്റെ വരികള്‍ അറംപറ്റുകയായിരുന്നു
അന്ന് വൈകുന്നേരം, തികച്ചും പ്രസന്നമായ ആ സായാഹ്നത്തില്‍ തിരക്കേറിയ നഗരവീഥിയിലൂടെ ഭര്‍ത്താവിനോടൊത്ത് കൈകോര്‍ത്ത് നടക്കുമ്പോള്‍, തങ്ങളെ കടന്ന് പാഞ്ഞ്‌പോകുന്ന വാഹനങ്ങളെ നോക്കികൊണ്ടിരിക്കുമ്പോള്‍, പണ്ട് കോളേജില്‍ ആണ്‍കുട്ടികള്‍ പോക്കറ്റില്‍ കൈയിടുമ്പോള്‍ തങ്ങള്‍ പറയാറുള്ള തമാശ ഭര്‍ത്താവിനോട് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍, ഒരു നേരം നാലോ അഞ്ചോ കാര്യം ചെയ്യുന്നതിനിടയില്‍ അശ്രദ്ധയാല്‍ നഷ്ടപ്പെട്ട എന്തിനേയോ പോലെ ആ മനോഹരമായ പെന്‍സില്‍ അവളുടെ വിരലുകള്‍ക്കിടയിലൂടെ ആ ജനസഞ്ചയത്തിനിടയിലേക്ക് ഊര്‍ത്തിയിട്ട് കളഞ്ഞുകൊണ്ട് സുനൈന ഒരു വശത്ത് നിന്നും കൊട്ടിയടക്കുംവരെ അവരുടെ സ്നേഹം വിശുദ്ധപ്രണയത്തിന്റെ ഏതൊരു അംഗീകൃതമാപിനിക്കും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തില്‍ ഒന്നാമതായി നിലകൊണ്ടിരുന്നു.
ഏറെത്താമസിയാതെ നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരര്‍ദ്ധരാത്രിയില്‍ വൈപിന്‍ ബോട്ട്ജെട്ടിക്കടുത്തുള്ള ഒരു ലൈറ്റ്‌ഹൌസ് ടവറിനുമുകളില്‍ ആകാശം നോക്കി മലര്‍ന്നുകിടക്കെ, സഫ്‌വാന്‍ സുഹെയിലിന് ആകാശം മുഴുവന്‍ തന്റെ നെഞ്ചിനകത്തേക്ക് വലിഞ്ഞുകയറുന്നതായും തന്റെ ശരീരത്തിന് നന്മകളില്‍ നിന്ന് നന്മകളിലേക്ക് മാത്രം പറന്നിറങ്ങുന്ന ഒരു മാലാഖയുടെ ചിറകിനെപ്പോലെ ഭാരം കുറഞ്ഞതായും തോന്നി. പെട്ടെന്നുള്ള ഉന്മാദത്തില്‍ "ഇത്രനാള്‍ ഞാനെന്റെ സ്വപ്നങ്ങളെ ചൂഷണം ചെയ്തതിന് പകരമായിതാ, ഞാന്‍ തൂവല്‍പോലെ പറന്ന് രസിച്ച ഏതോ ഒരു സ്വപ്നം എന്നോട് പകരം ചോദിക്കുന്നു"വെന്ന് തന്റെ ആരാധകര്‍ക്ക് തിടുക്കത്തിലൊരു കുറിപ്പെഴുതി പോക്കറ്റില്‍ വെച്ചതിനു ശേഷം കൈകള്‍ ചിറകായി വിടര്‍ത്തി തല മുകളിലേക്ക് ചെരിച്ചു താഴേക്കു പറക്കുമ്പോള്‍ അതിനകം ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്ന അയാള്‍ക്ക് ഒരു വിശുദ്ധന്റെ പ്രായവും പ്രണയത്തില്‍ പരിക്കേറ്റവന്റെ മുഖവുമായിരുന്നു.
നാല്
സ്വാഗതമരുളുന്ന കമാനവും വര്‍ണകടലാസുകളാലലംകൃതമായ പന്തലും ഇതുവരെ ആകാത്തതെന്തന്ന അതിശയത്തോടെ കല്യാണ വീട്ടിലേക്ക് വരുന്നവരെ അടുത്ത ഞായറാഴ്‌ച്ചയിലെ വിവാഹം ഇവിടെയല്ല ഇനിയും മുന്നോട്ട് പോകുമ്പോള്‍ നാലഞ്ചു വീടുകള്‍ക്കപ്പുറത്താണെന്ന് പറഞ്ഞു മനസ്സിലാക്കേണ്ട മട്ടില്‍ ബഹളമയവും സന്തോഷകരവുമായിരുന്നു മരണം കഴിഞ്ഞ് അടിയന്തിരംവരെയുള്ള ഏഴുദിനങ്ങള്‍. അന്വേഷകരുടെ തിരക്ക് കൂടിയ ഒരു ദിവസം കുട്ടികള്‍ക്ക് തങ്ങളുടെ ക്രിക്കറ്റ് കളി തടസ്സപ്പെടാതിരിക്കാന്‍ ഊഴംവെച്ച് ഈരണ്ട് പേരെ അതിനായി മാത്രം ഗേറ്റില്‍ നിര്‍ത്തേണ്ടി വന്നുവെന്നതുതന്നെ ആഹ്ലാദകരമായ ഒരു കൂടിച്ചേരലിന്റെ വര്‍ണാഭമായ ചിഹ്നങ്ങളാണ് അവിടെനിന്നുയര്‍ന്നിരുന്നതെന്നതിനുള്ള വ്യക്തമായ തെളിവായിരുന്നു.
"ഈ പ്രിയൂര് മാങ്ങയും കരിമീനും തിന്നാനാണ് ഞാനിങ്ങോട്ട് വന്നതു തന്നെ"യെന്ന രണ്ടാമത്തെ മകന്‍ ബഷീറിന്റെ ഭാര്യ രഹ്‌നയുടെ അബദ്ധത്തില്‍ വന്ന ഒരു പ്രസ്താവന അല്‍പം ആശയകുഴപ്പവും ചില്ലറ വൈഷമ്യങ്ങളും ഉണ്ടാക്കിയതൊഴിച്ചാല്‍ ഓരൊ ഭക്ഷണസമയവും ആഹ്ലാദജനകങ്ങളായ ഓരോരോ സംഭവങ്ങള്‍ തന്നെയായിരുന്നു.അത്തരം സന്ദര്‍ഭങ്ങളില്‍ സുഹെയില്‍ തന്റെ സ്വതഃസിദ്ധമായ വിശകലനബുദ്ധിയോടെ കാര്യങ്ങള്‍ മനസ്സിലാക്കി എന്തെങ്കിലും വിളിച്ചുപറയാതിരിക്കാന്‍ അവന്റെ ഉമ്മ സുഹറയ്ക്ക് തന്റെ ദൈനംദിന പ്രാര്‍ഥനകള്‍ക്കിടയില്‍ പൊന്നുരുന്നി പള്ളിപ്പടി ഔലിയായുടെ മധ്യസ്ഥതയിലുള്ള ഒരു പ്രത്യേക പ്രാര്‍ഥനയും ഉള്‍പെടുത്തേണ്ടിവന്നു. ഭര്‍ത്താവിന്റെ നേരത്തെയുള്ള നിര്യാണംമൂലം നിരാലംബയായി താന്‍ ജനിച്ച വീട്ടില്‍തന്നെ വന്നു താമസിച്ചിരുന്ന അവര്‍ക്ക് തന്റെ മകന്‍ അനവസരത്തില്‍ എന്തെങ്കിലും വിളിച്ച് പറഞ്ഞ് ബാക്കിയുള്ളവരുടെ അനിഷ്ടം പിടിച്ചുപറ്റുന്നത് സഹിക്കാനാകുമായിരുന്നില്ല. തീന്മേശയില്‍ അത്തരമൊരു കല്ലുകടി നടന്നത് തന്റെ ഭാര്യയുടെ കുഴപ്പം കൊണ്ടല്ലെന്നും മറിച്ച് അവള്‍ക്ക് അല്‍പം ധൃതികൂടിയത് കൊണ്ട് മാത്രമാണെന്നും ഡോക്ടര്‍ ബഷീര്‍ കരുതി. ആളുകള്‍ കൂടിയിരിക്കുമ്പോള്‍ ചിന്തകളും സംഭാഷണങ്ങളും അവര്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടെന്നും ഊഴം വരുമ്പോള്‍ ഓരോരുത്തരും അതെത്തിപ്പിടിച്ച് പറഞ്ഞുതീര്‍ക്കുകയാണെന്നും അയാള്‍ കരുതി. "നിന്റെ ഒടുക്കത്തൊരു ധിറ്‌തികാരണമാണ്, ഇത്തിരി നേരം കഴിഞ്ഞാല്‍ ആ എലിസബത്തെങ്ങാനും പറയേണ്ടതായിരുന്നു അത്" എന്നു മാത്രമാണ് അന്ന് രാത്രി അയാള്‍ ആ സംഭവത്തെപ്പറ്റി ഭാര്യയോട് പറഞ്ഞത്.
അഞ്ച്
അവസാനദിവസം എല്ലാവരും പോകുന്നതിന് അല്‍പം മുന്‍പ് കരീമിന്റെ കൈ പിടിച്ച് റസ പണ്ട് താന്‍ പറഞ്ഞുപോയതെല്ലാം മറക്കണമെന്നപേക്ഷിച്ചു. യഥാര്‍ഥത്തില്‍ അതെല്ലാം മറന്ന സമയം തന്നെയാണ് പിണങ്ങിയതിന് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ റസ, കരീമിനോട് ആദ്യമായി പറഞ്ഞിരുന്നത്. താന്‍ ധരിച്ചിരുന്ന വാച്ച് ഊരി തന്റെ ഇക്കയ്ക്ക് സമ്മാനമായി നല്‍കിയിട്ട് നിറകണ്ണുകളോടെയാണ് അയാള്‍ പിരിഞ്ഞത്.
അതിനുശേഷമുള്ള മൂന്നാമത്തെ മഴക്കാലത്ത്, ഒരു പേപ്പര്‍മില്ലിലേക്ക് വേസ്റ്റ്‌പേപ്പര്‍ കൊണ്ടുപോകുകയായിരുന്ന ഒരു കെ.എല്‍.ഇ 6610 നമ്പര്‍ ടെമ്പോയുടെ പിന്‍ചക്രം "ഏതെങ്കിലുമൊരു തമിഴ്‌സിനിമ കണ്ടിട്ടുവരാമെന്ന്" പറഞ്ഞ് എറണാകുളത്തേക്ക് പോയ കരീമിന്റെ തലയിലൂടെ കയറിപ്പോയപ്പോള്‍ വീട്ടുകാര്‍ക്ക് അയാളുടെ തിരിച്ചറിയാനാവാത്ത മുഖത്തില്‍ നോക്കാതെ തന്നെ അയാളെ തിരിച്ചറിയാന്‍ സഹായിച്ചത് സ്വര്‍ണനിറമുള്ള 'പാരാഷോക്ക്, 21 ജുവല്‍സ്' എന്നെഴുതിയ ആ റാഡോ വാച്ചായിരുന്നു.
ആറ്
അടിയന്തിരത്തിന്‍ പിറ്റേദിവസമുള്ള എല്ലാവരുടേയും തിരിച്ചുപോക്ക് കദീശുമ്മയ്ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേക്കാള്‍ തന്നെ വേദനിപ്പിക്കുന്നത് ഈ വിയോഗം തന്നെയാണെന്ന് അവര്‍ തെല്ലും കുറ്റബോധമില്ലാതെ ഓര്‍ത്തു. തലേദിവസം വരെ ഈയല്‍ പോലെ പറന്ന് നടന്ന കദീശുമ്മയെ അന്ന് പിടിച്ചാണ്‍ കട്ടിലില്‍ നിന്നെഴുന്നേല്‍പ്പിച്ചത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവര്‍ ഏന്തിക്കരഞ്ഞു. ചുറ്റും നിന്നവരെ നോക്കി അവര്‍ വിതുമ്പി. "ന്യെപ്പ്ഴാ ഇങ്ങ്‌നെ ?"
വിയോഗദുഃഖത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ ശിഥിലമാക്കപ്പെട്ടു കിടന്നിരുന്ന എല്ലാവരുടേയും ചിന്തകളെ മുഴുവന്‍ പെട്ടെന്ന് ഒരൊറ്റ ദിശയിലേക്ക് തിരിക്കുന്ന ഒരു കാന്തികതരംഗം കണക്കെയാണ് ആ ചോദ്യം അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഒരഞ്ചുവയസ്സുകാരനു പോലും എത്തിപ്പിടിക്കാനാവും വിധം അവര്‍ക്കിടയിലേക്ക് താണുപറന്ന ഏകചിന്ത ഇനിയെപ്പോഴാണ് ഇങ്ങനെയൊരു കൂടിച്ചേരല്‍ എന്ന സംശയത്തിന്റെ മറുപടി തന്നെയായിരുന്നു. ആ തരംഗത്തിന്റെ സ്വാധീനത്തില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രമാവാന്‍ എല്ലാവരുടേയും - പ്രത്യേകിച്ച് കുട്ടികളുടെ -ശ്രദ്ധതിരിക്കുന്ന എന്തെങ്കിലും ശബ്ദമോ അനക്കമോ ഉണ്ടാക്കണമെന്ന് പലര്‍ക്കും തോന്നിയെങ്കിലും അര്‍ഥ്ഗര്‍ഭമായ ആ നിശബ്ദതയില്‍ അതെല്ലാവരും കേള്‍ക്കെയുള്ള ഒരു കുറ്റസമ്മതമായി മാറുമെന്ന് ഭയന്ന് ആരൊമൊന്നും മിണ്ടിയില്ല.
പ്രത്യേകപ്രാര്‍ഥനയുടെ ഫലമായി സുഹെയിലിപ്പോള്‍ ഏറെ വിവേകമുള്ളവനായിരിക്കുന്നു. വെല്ലുമ്മയുടെ സംശയത്തിന് മറുപടിയെന്നോണം അവന്‍ വാര്‍ധക്യം പൂര്‍ണവളര്‍ച്ചയെത്താറായ അവരുടെ ശരീരത്തോട് കവിളമര്‍ത്തി ചേര്‍ന്ന് നിന്നു. പുതിയ തിരിച്ചറിവുകള്‍ക്കൊന്നും അപായപ്പെടുത്താന്‍ കഴിയാത്ത വിധം മരണംവരെ അവനില്‍ നിറഞ്ഞുനിന്നിരുന്ന അപാര സ്നേഹത്തോടെ...
**************************
Saturday, October 14, 2006
Subscribe to:
Post Comments (Atom)
23 comments:
മരണം പ്രണയം മുതലായവ...
മറിയത്തിന്റെ പുതിയ കഥയിലെ,
ഒന്ന്, രണ്ട്.
മരണത്തിന്റെ നിശ്ശബ്ദതയും കാത്തിരിപ്പും ഭംഗിയായി വിവരിച്ചിരിക്കുന്നു. മരണം അസഹ്യമായി കാത്തിരിക്കുന്നത്
പുരോഹിതന്‍ മാത്രമാണ്. മരണത്തിന്റെ അറിയിപ്പ് വിദൂരസ്ഥലികളില്‍ അതിന്റെ ബന്ധപ്പെട്ടവരെ അറിയിക്കുന്നത്, (‘കൈ പ്ലാസ്റ്റിക് കവറിന് മുകളിലൂടെ ചലിപ്പിക്കുന്ന ശബ്ദം’)
അദൃശ്യമായ, കേള്‍ക്കാന്‍ കൌതുകമുണര്‍ത്തുന്ന സംഗതിയാണ്. സൂക്ഷ്മതയോടെ കഥ കൈകാര്യം ചെയ്യുന്നതിന്റെ ആഹ്ലാദം അനുഭവിക്കുന്നു.
മൂന്ന്,
വാര്‍ദ്ധക്യത്തിന്റെ കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഭംഗിയോടെ ഊഹിക്കപ്പെട്ടിട്ടുണ്ട്. സുഹൈലിന്റെ ഊഹം, അതിസരസമെങ്കിലും ചിന്തോദ്ദീപകമാകുന്നു.
സ്തീകളുടെ അതിവിശേഷമായ കരണം മറിച്ചില്‍, മരിയത്തിന്റെ കൂടുതല്‍ രചനകള്‍ ലൈംഗികമായ ചേരിതിരിവില്‍ ഏത് ചേരിയോടൊപ്പം നില്‍ക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമായേക്കും,
കാരണമുണ്ടാകുന്ന കാമുകഹൃദയത്തിന്റെ നൊമ്പരങ്ങള്‍ അത്ര തീവ്രമല്ലെങ്കിലും മനസ്സില്‍ തട്ടും വിധം ഫലിപ്പിച്ചിരിക്കുന്നു.
നാല്.
ഈ ഭാഗം അടിയന്തിരത്തിന്റെ ഭക്ഷണകാഴ്ച എന്ന രീതിയില്‍ ഒഴിവാക്കാനാകാത്തതാണ്. മരുമകള്‍ അറിയാതെ പറയുന്ന കരിമീനിന്റെ
രുചി വിശേഷം ബന്ധങ്ങളില്‍ വെച്ച് പുലര്‍ത്തുന്ന നിസ്സാരത വെളിവാക്കുന്നു.
അഞ്ച്.
മരണത്തിന്റെ നിസ്സാരമായ കടന്ന് വരവിന്റെ ലാളിത്യഭംഗി അതിശയിപ്പിക്കുന്നു. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ.
ആറ്.
കദീശുമ്മയുടെ ചോദ്യം, എന്റെയും വാ പൊളിച്ചു.
വിശ്വാസങ്ങളിലെ മധ്യസ്ഥതയെ പറ്റിയുള്ള പരാമര്‍ശവും ഒരു പിടച്ചിലില്‍ ശരീരം ആവശ്യത്തിലധികം അനങ്ങിയ നിമിഷവുമെല്ലാം
കഥയുടെ സമ്പുഷ്ടമായ അനുഭവത്തിനെ സാധൂകരിക്കുന്നു.
കാലത്തെ അതിവിദഗ്ദമായി, അതിശയകരമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
വീണ്ടും മറിയം മാജിക്ക്.
(ഒരു പുനര്‍വായനക്ക് ശേഷം തിരിച്ച് വരാം.)
മറിയത്തിന്റെ ഏതെങ്കിലുമൊരു കഥ ആദ്യമായി വായിയ്ക്കുകയാണ്..
വാചകങ്ങളിലൊളിപ്പിച്ച കവിതയും നിസ്സംഗതയുമൊക്കെ പിടിച്ചെടുക്കാന്‍ രണ്ടാവര്‍ത്തി വായിയ്ക്കേണ്ടി വന്നു..അതി മനോഹരം എന്ന ഒറ്റവാക്കില്‍ എല്ലാമൊതുക്കാന്‍ ഒരു പാഴ്ശ്രമം നടത്തിക്കോട്ടെ...സുഖമുള്ളൊരു വായനാനുഭവം,വായനക്കാരനെന്ന നിലയില്‍ ആദ്യമായി നന്ദി..
മരണമെന്ന നിര്‍വ്വികാരത വായനക്കാരില്‍ അവശേഷിപ്പിയ്ക്കുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചിരിയ്ക്കുന്നു..ഭാഷയിലും ആഖ്യാനത്തിലും നാളത്തെ അറിയപ്പെടുന്നൊരുഴുത്തുകാരിയെ കണ്ടെത്തുന്നത് ഒരു വെളിപാടാണോ?.
ഇനിയും രണ്ടുമൂന്നാവര്‍ത്തി സുഖമുള്ളൊരു ചിന്തപോലെ വായിയ്ക്കാനാകുമെന്ന പ്രതീക്ഷയോടെ..
മറ്റു സൃഷ്ടികളും ഇനി വായിയ്ക്കേണ്ടിയിരിയ്ക്കുന്നു...
ഓരോ എണ്ണമിട്ട പടികളും വായിക്കുമ്പോള്‍ ഓരോ പടി കയറി വേറെയേതോ ലോകത്ത് പോവുന്നത് പോലെ..
വായിച്ച് തീര്‍ന്ന് ഒന്ന് തലകുടഞ്ഞ് കളയേണ്ടി വന്നു മറിയത്തിന്റെ കഥാപാത്രങ്ങളെ..
ഗംഭീരം, എന്ന് ഒറ്റവാക്കില്‍ പറയാം,വളരെ പ്രൊഫഷണലായ ഒരു തൂലികായാണിതെന്ന് ഞാനറിയുന്നു.
-പാര്‍വതി.
ക്ഷമിയ്ക്കൂ...എഴുത്തുകാരിയല്ല,എഴുത്തുകാരന്‍..പ്രൊഫൈലു കണ്ടപ്പോഴാണ് മനസ്സിലായത്...
അയ്യോ !
മറിയത്തിന്റെ ഈ കഥ വായിക്കാന്‍ ഞാന്‍ വിട്ടുപോയതെന്താണ് ?
***
മറിയം. ഈ കമന്റൊഴിവാക്കാന്‍ പല തവണ ശ്രമിച്ചതാണ്. പറ്റുന്നില്ല.
മറിയത്തിന്റെ ഈ മനോഹരമായ ആഖ്യാനത്തിന് വെറും ആറ് കമന്റും, ഞാനൊക്കെ എഴുതുന്ന വിഡ്ഡിത്തരങ്ങള്‍ക്ക് അതിന്റെ പലയിരട്ടി എണ്ണം കമന്റുകളും !
ഈ കഥയ്ക്ക് ഇത്തിരി നീളം കൂടിപ്പോയതുകൊണ്ടാണോ ആവോ... എന്തു തന്നെയായാലും ഈ കഥ ഇതിലും വളരെ വളരെ കൂടുതല്‍ ശ്രദ്ധിയര്‍ഹിക്കുന്നു.
എത്ര ശ്രമിച്ചിട്ടും ഇത്രയെങ്കിലും പറയാതിരിക്കാനാവുന്നില്ല.
***
അതെന്തുമാവട്ടെ, ‘മരണം പ്രണയം മുതലായവ‘ നൂറുവട്ടം ഇഷ്ടപ്പെട്ടിരിക്കുന്നു.
അതിമനോഹരമായ ആഖ്യാനം.
ഓരോ പാരഗ്രാഫിലും വായനക്കാരനെ കൊളുത്തിവലിയ്ക്കുന്ന ചടുലത.
ഉദ്ധരണികളായി പോലും ഉപയോഗിക്കാവുന്ന വാചകങ്ങള്‍.
തീവ്രമായ വായനാനുഭവം.
*
‘ഇബ്രു’വിന്റെ ആസ്വാദനവും ഇഷ്ടപ്പെട്ടു.
***
‘മറിയം’ എന്ന പേരിലെഴുതുന്നത് ആരായാലും, ഒരു കാര്യം ഉറപ്പ്. ബൂലോകത്തില്‍ ഒതുങ്ങിനില്‍ക്കേണ്ട എഴുത്തല്ല മറിയത്തിന്റേത്.
വെറും ആറ് കമന്റുകള്‍ മാത്രം നേടി അശ്രദ്ധയിലാണ്ടു പോകേണ്ട എഴുത്തുകളല്ല മറിയത്തിന്റേത്.
മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രൊഫഷണല്‍ എഴുത്തുകാരുടെ നിലവാരത്തിലേയ്ക്ക് മറിയത്തിന്റെ രചനകള്‍ ഉയര്‍ന്ന് നില്‍ക്കുന്നു.
(മറിയം ഒരു സാഹിത്യപ്രതിഭയായി മറ്റെവിടേയെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടാവണം, ശരിയല്ലേ ?)
***
ആശംസകള്‍, മറിയം. ആശംസകള്‍
സസ്നേഹം...
ദിവാസ്വപ്നം
ക്ഷമനശിച്ച ഒരു ചൂണ്ടക്കാരനെപ്പോലെ കാത്തിരിക്കപ്പെടുന്ന മരണം .വര്‍ണ്ണപ്പൂക്കളോടു കൂടിയ ക്യാംലിന്‍ പെന്‍സില്‍ അവളുടെ ശരീരത്തിന്റെ ഭാഗം തന്നെയായിരുന്നു. പ്രണയമറിഞ്ഞവര്‍ക്ക് അതു ശരിക്കും മനസ്സിലാകുന്നുണ്ടു്.
രംഗങ്ങളില്‍ നിന്നു് രംഗങ്ങളിലേയ്ക്കു് അനുവാചകനെ അനായാസമായി കൈ പിടിച്ചു കൊണ്ടു പോകുന്ന ഈ രചനാ പാടവം, മറിയം ഗ്രൈറ്റ്.
ഇബ്രൂ,
നന്ദി വായനക്കും ആസ്വാദനത്തിനും.
തണുപ്പന്‍,
എവിടെ..?
അരവി,
നന്ദി, കഥയും പ്രൊഫയിലും വായിച്ചതിന്.
പാര്‍വതി, വേണു,
വീണ്ടും വീണ്ടും വന്നതിനു നന്ദി.
ദിവാ,
സന്തോാഷം.
(കമെന്റുകള്‍ കുറഞ്ഞതില്‍ പരിഭവമില്ല.കമെന്റുകള്‍ അയല്‍വക്കത്തെ കല്യാണത്തിനു കൊടുക്കുന്ന സമ്മാനത്തുക പോലെയാണ്. :-))
ദിവാ
അവസാനത്തെ ഊഹം തെറ്റാണെന്നു പറയാന്‍ മറന്നു.
എഴുത്തില്‍ താല്‍പര്യമുള്ളവര്‍ എന്തായാലും വായിച്ചിരിക്കേണ്ടവയാണ്, മറിയത്തിന്റേയും മുരളിമേനോന്റേയും മറ്റും രചനകള്‍. മരണവും പ്രണയവും, രണ്ടും ജീവിതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവ. അവതരണത്തിലെ കയ്യടക്കം അത്ഭുതപ്പെടുത്തുന്നു. കഥയെന്നൊക്കെയുള്ള ലേബല്‍ വച്ച് ഞാനൊക്കെ പടച്ചുവിടുന്നത് ജീവപര്യന്തം ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്ന് ഇതൊക്കെ വായിക്കുമ്പോള്‍ ശരിക്കും തിരിച്ചറിയുന്നു. ബന്ധങ്ങളിലെ പൊള്ളത്തരങ്ങള്‍ അഥവാ മൂല്യച്യുതികള്‍ വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞുവച്ചിരിക്കുന്നു. മരണത്തിന്റെ ഗന്ധം പലപ്പോഴും അനുഭവപ്പെടുന്നു. വാക്കുകളിലൂടെ വിസ്മയകരമായൊരു തീവ്രതയേകുന്നു മറിയം. മരണത്തേയും പ്രണയത്തേയും വായനക്കാരുടെ മനസ്സിലേക്ക് ഒരു നിറഞ്ഞ അനുഭവമാക്കി പകര്‍ന്നതിന് നന്ദി മറിയം.
കാദബ്ര എന്ന മിഴിവുറ്റ കഥപാത്രത്തിനു ശേഷം വന്നതു കൊണ്ടൊ, മരണവും പ്രണയവും എനിക്ക് വായിച്ച് മടുത്തതു കൊണ്ടൊ ഒരു രുചികുറവനുഭവപ്പെട്ടു ഇത്തവണ.
ആശയങ്ങളാണ് ധാരാളം.
"യഥാര്‍ഥത്തില്‍ അനുരാഗത്തേക്കളുപരി, വിസ്മയകരമാംവിധം തങ്ങളിലലിഞ്ഞുപോയ ചിന്തകളെയും ഓര്‍മകളെയും വെറുമൊരു സ്നേഹോപഹാരത്തിലേക്ക് ലഘൂകരിക്കുന്ന സ്ത്രീകളുടെ മാത്രം ഒരു തന്ത്രമായിരുന്നു അത്."
നല്ല വാചകം. കുറെ ചിന്തിക്കനുള്ള വകുപ്പുണ്ട്.
ഒരു കഥാപത്രതിന്റെ മുഴുവന്‍ കഥ പറഞ്ഞു തീര്‍ക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു. പലപ്പോഴും കഥ വായിക്കുമ്പോഴും സിനിമ കാണുമ്പോഴും ആ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചിരിക്കും പിന്നിട് എന്ന് ചിന്തിക്കറുണ്ട് (കഥാകരാന്‍ അങ്ങനെവീണ്ടും ചിന്തിക്കുമ്പോള്‍ കഥയുടെ രണ്ടാം ഭാഗം ഉണ്ടാകുന്നു.)
ഓഫ്: ഇതെന്റെ സമ്മാനതുക ;). സമ്മാനതുക മുന്‍കൂട്ടി കണ്ട് പെണ്‍മക്കളുടെ കല്യാണം നടത്തുന്നവരുണ്ടായിരുന്നു കോക്കാന്‍ച്ചിറയില്‍. ( ആലഹയുടെ പെണ്മക്കള്‍)
മറിയം, താങ്കളുടെ വരികള്‍ / ശൈലി എവിടെയൊ, നിര്‍മ്മല്‍ കുമാറിന്റെ കഥകളെ ഓര്‍മ്മിപ്പിച്ചു. കുറ്റമായിപറഞ്ഞതല്ല.
വ്യത്യസ്തമായിരിക്കുന്നു, എന്നാലും കുറച്ചുകൂടി ചുരുക്കാമായിരുന്നില്ലേ എന്നു തോന്നി. പക്ഷെ മറിച്ചുചിന്തിച്ചാല്‍ മരണനാടകത്തിന്റെ തിരക്കഥയില്‍ നീളന്‍ വരികള്‍ സ്വാഭാവികം തന്നെ.
പോസ്റ്റുകള്‍ ചെയ്യുന്നില്ലെങ്കിലും, ഇടക്കു കമന്റണേ മറിയം..
താങ്കളുടെ കമന്റുകളുടെ ഒരാരാധകന്‍.
( പോസ്റ്റു വായിച്ചു മനസ്സിലാവാത്തത് എന്റെ കുറ്റം തന്നെ ;) )
മറിയം, ഒരാവര്‍ത്തിവായിച്ചാലൊന്നും കമന്റിടാനാവാത്ത തരം ശൈലിയും അവതരണവും. കാദബ്രയും ഇതും എന്റെ ബ്ലോഗുവായനയില്‍ വ്യത്യസ്ഥത പുലര്‍ത്തിയ കൃതികള്‍.ഇബ്രുവിന്റെ വിശകലനം കൂടി ചേര്‍ത്തുവായിക്കുവാന്‍ പ്രിന്റെടുക്കുന്നു.ഈ ശൈലി എവിടെയോ വായിച്ച് മറന്നത് പോലെ, എവിടെ, അറിയില്ല. ഒരു പക്ഷേ താങ്കളുടെ ചില കഥകളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാകാം, ശരിയല്ലേ?
മറിയം,
രണ്ടാവര്‍ത്തി വായിച്ചു. ഇനിയും വായിക്കും. ഇന്നത്തെ ബ്ലോഗ് വായന ധന്യമായി. നന്ദി!
ഓടോ: ബ്ലോഗിന് പുറത്ത് ഈ തൂലിക അറിയപ്പെട്ടിട്ടിലെങ്കില്‍ അത് സഹൃദയര്‍ക്കൊറ്രു നഷ്ടം തന്നെയാണ്.
പ്രിന്റൌട്ടെടുത്ത് സ്വസ്ഥമായി വായിച്ചു..
മരണം പ്രണയം മുതലായവയെക്കുറിച്ച് മനോഹരമായി പറഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ട മറിയമേ
അബ്രയേക്കാള്‍ എനിക്ക് ഇഷ്ടപെട്ടുവിത്. മരണമിങ്ങിനെ വളഞ്ഞു പുളഞ്ഞ് പലരേയും ഒര് പ്രണയത്തേയും തൊട്ട് ഇങ്ങിനെ സുന്ദരമായി കടന്നുപോയത്....എന്താ പറയാ?
രണ്ട് മൂന്ന് തവണ വേണ്ടി വന്നു ശരിക്കും മനസ്സിലാവാന്‍. പേരൊക്കെ ഇച്ചിരെ കണ്‍ഫ്യൂഷനാക്കി. സാധാരണ പാട്ടൊ ടി.വിയോ ഒക്കെ വെച്ചാണ് കഥകള്‍ വായിക്കാ. ശരിക്കും മനസ്സിലാക്കാന്‍ അതെല്ലാം നിറുത്തേണ്ടി വന്നു.
വളരെ വളരെ നന്നായിട്ടുണ്ട്. പിടിച്ചു പോച്ച്!
100 years of solitude
vayichirunno...?
വായിച്ചിരിക്കാറുണ്ട്. :-)
മറിയം
ആദ്യമായാണ് ഇവിടെ എത്തുന്നത്. അതിനു കാരണമായത് കൈപ്പള്ളിയുടെ “ഗോമ്പെറ്റീഷനും”
ബ്ലോഗില്‍ പുതിയ ആളാണ്,പലരേയും അറിഞ്ഞു വരുന്നേ ഉള്ളൂ.
ഈ അറിവ് ഒരു കുളിര്‍മയായി. ഈ എഴുത്ത് ഒരു നൊമ്പരവും. മരണങ്ങള്‍ എപ്പോഴും നൊമ്പരമാണല്ലോ.
ബാക്കി കൂടി വായിച്ച് തിരികെ വരാം.
നന്ദി കിച്ചു
Post a Comment