ഒന്ന്
ജോലിത്തിരക്കില്ലാത്ത സമയങ്ങളില്‍, അല്‍പനേരത്തെ പൂര്‍വജ്ഞാനത്തിന്റെ അപൂര്‍വസിദ്ധി നല്‍കി ആദരിച്ചതിനു ശേഷം മാത്രമാണ് മരണം തന്റെ ഏറ്റവും പ്രിയപ്പെട്ട ഇരകളുടെ മേല്‍ കൈവെക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ബാക്കിയുള്ളവരുടെ ശബ്ധം താഴ്ത്തിവെച്ചും ചലനം പരിമിതപ്പെടുത്തിയും സ്വയം ആദരവ് പിടിച്ചുപറ്റാനും അതിനറിയാം.
മുറിയില്‍, കാര്യമായി എന്തെങ്കിലും സംഭവിക്കുന്നതുവരെ ആര്‍ക്കും ഒന്നും ചെയ്യേണ്ടതില്ലാത്ത വിധം അങ്ങനെ എല്ലാം ക്രമീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
രൂപങ്ങള്‍ അതിരുകളുടെ മൂര്‍ച്ച നഷ്ടപ്പെട്ട് അവയുടെ പശ്ചാത്തലവുമായി പഴകി ത്രിമാനസ്വഭാവം കൈവിട്ട് പകച്ച് നില്‍കെ, കട്ടിലിന് ചുറ്റും കാത്തുനിന്ന ബന്ധുജനങ്ങളുടെ അറിവിലേക്കായി മൂപ്പീന്ന് അവസാനമായി കണ്ണുതുറന്നു. കദീശുമ്മയ്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ തന്റെ കണ്ണടയാവശ്യപ്പെട്ടു. എന്നിട്ടതിലൂടെ, തന്റെ മുഖത്തിന് മുകളിലേക്ക് ശ്രദ്ധയോടെ ചാഞ്ഞുവന്ന കദീശുമ്മയെ നോക്കി, കൃഷ്ണമണി ശ്രമപ്പെട്ട് മേലേക്ക് ചലിപ്പിച്ചു.
സ്വസ്ഥത താരതമ്യേന വളരെ കുറവായിരുന്ന, അവരുടെ വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യജീവിതത്തിനിടയില്‍, താനനുഭവിച്ച മാനസികപീഢനങ്ങളെയെല്ലാം ഒരൊറ്റ ഞൊടിയിടയില്‍ വിസ്മൃതിയില്‍ മുക്കിക്കളഞ്ഞ തീരെ ദുര്‍ബലമായ ആ വിക്ഷേപം തനിക്ക് ഒരിക്കലും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് ഇപ്പോള്‍ തങ്ങള്‍ക്കിടയിലേക്ക് ഈ ഭൂതക്കണ്ണാടിയെടുത്ത് വെക്കപ്പെട്ടതെന്ന് കദീശുമ്മയ്ക്ക് തീര്‍ച്ചയായിരുന്നു.
ഹൃദയത്തില്‍ നിന്ന് ദ്രവരൂപത്തിലുള്ള ഒരു തേങ്ങല്‍ അവരുടെ ചുണ്ടുകളിലേക്ക് തികട്ടി വന്നു.
കൊച്ചുമകന്‍ സുഹെയിലിന് തന്റെ വലിഞ്ഞു മുറുകിയ കാല്‍വിരലില്‍ നിന്ന് മരണത്തിന്റെ തണുപ്പ്, തിരക്കിന്റെ കണ്ണുവെട്ടിച്ച് ഇടക്കിടെ സ്പര്‍ശിച്ചറിയാന്‍,
വര്‍ഷങ്ങളോളം തമ്മില്‍ പിണക്കത്തിലായിരുന്ന മൂത്തമകന്‍ അബ്ദുല്‍കരീമിന് ഇളയ സഹോദരന്‍ റസയോട് മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ "സമയമെന്തായെടാ.."യെന്ന് ചോദിച്ച് പിണക്കമവസാനിപ്പിക്കാന്‍,
വിശിഷ്യ, കദീശുമ്മയ്ക്ക് നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മക്കളേയും മരുമക്കളെയും കൊച്ചുമക്കളെയും ഒരുമിച്ച് കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദം പങ്കിടാന്‍,
അങ്ങനെ പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഏറെ അനന്തരഫലങ്ങളുടെ ഒരു കാരണമായി മൂപ്പീന്നിന്റെ ജീവിതമവസാനിക്കുമ്പോള്‍ അയാള്‍ അവസാനം പുറപ്പെടുവിച്ച ഒരു ദയനീയശബ്ദത്തിന്റെ മാറ്റൊലി കണക്കെ വിയര്‍പ്പുണങ്ങിയ കൈ പ്ലാസ്റ്റിക് കവറിനു മുകളിലൂടെ വലിക്കുന്ന ഒരു ശബ്ദം ദൂരെ പലയിടങ്ങളിലായി മാറിത്താമസിക്കുന്ന മക്കളുടെയെല്ലാം വീട്ടില്‍ ഒരേ സമയം മുഴങ്ങിക്കേട്ടു.
ആ സമയം മുക്രി കൊച്ചുണ്ണി, മൂപ്പീന്നിന്റെ നാസാരന്ധ്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നൂല്‍ തൂക്കിയിട്ട് ക്ഷമനശിച്ച ഒരു ചൂണ്ടക്കാരനെപ്പോലെ മരണം കാത്തിരിക്കുകയായിരുന്നു. വിളറിയ ദോലകചലനങ്ങളാല്‍ വിരസമാക്കപ്പെട്ടിരുന്ന വെളുത്ത നൂല്‍ വീര്‍പ്പടക്കി നിന്നു. മയങ്ങിപ്പരക്കുന്ന മലത്തിന്റെ ദുര്‍ഗന്ധവും ചേര്‍ത്ത് മുക്രി ഒരു തീര്‍പ്പിലെത്തിച്ചേരുകയായിരുന്നു. പൊടുന്നനെ, ഒരു സഹഭാവ സാമാന്യവത്കരണത്തിന്റെ ദുഷ്പ്രേരണയാല്‍ നിത്യതയുടെ നിഗൂഢസ്മിതത്തിനു മുന്നില്‍ അയാള്‍ ഒരു നിമിഷം ഒറ്റക്കായിപ്പോയി. പക്ഷേ തിരിച്ചറിയാനാവാത്ത ആ നേരിയ ഗന്ധത്തിന്റെ അദൃശ്യതയോടെ വന്ന മരണത്തെ ആ കൂട്ടത്തില്‍ നിന്ന് ആദ്യം മണത്ത് പിടിച്ചവന്‍ എന്ന ഗര്‍വ്, തന്റെ ബാല്യകാലസുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള പ്രശ്നങ്ങളുടെമേല്‍ വ്യക്തമായ മേല്‍ക്കോയ്മ നേടി. അങ്ങനെ മുക്രി കൊച്ചുണ്ണി, മരണംവരെ മരണഭയം കൊണ്ട് തളര്‍ന്ന് കിടന്ന് പോയേക്കാവുന്ന ഒരു വന്‍ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു മനുഷ്യജീവിക്കുമില്ലാതിരുന്ന ആ അഗാധജ്നാനം വളരെ നീണ്ടുപോയ ഒരു നിമിഷം മുഴുവന്‍ ആസ്വദിച്ചതിനു ശേഷം അതെല്ലാവര്‍ക്കുമായി വെളിപ്പെടുത്തും വണ്ണം മന്ത്രിച്ചു:"ഇന്നാലിന്നാഹി വഇന്നാഇലൈഹി റാജിഊന്‍!".
രണ്ട്
പ്ലാസ്റ്റിക് കവറില്‍ കൈയുരയുന്ന ശബ്ദം കേട്ട് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് റസയും കുടുംബവുമെത്തിയത്. സ്വീകരണമുറിയില്‍ ആരുടേയോ കാല് തെറ്റിയ ശബ്ദമാണെന്നാണ് എലിസബത്ത് കരുതിയത്. തന്റെ മുറിയില്‍ ചിന്താനിമഗ്നനായി ഇരിക്കുകയായിരുന്നു റസ. "നാളെയെങ്കിലും അവിടെവരെയൊന്നു പോകണം" എന്ന മുഖവുരയോടേ പഴയ ഫ്ലാറ്റിനേയും അവിടുത്തെ താമസക്കാരെയും സംബന്ധിക്കുന്ന സംഭാഷണത്തിന് തുടക്കമിടുകയായിരുന്നു എലിസബത്ത്. റസ അതില്‍ പങ്കുചേരാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഏതോ മറവിയെക്കുറിച്ചുള്ള ഒരോര്‍മ അയാളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ അയാള്‍ക്ക് ഭാര്യ പറയുന്നതില്‍ മുഴുവന്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
ഇതുപോലെയുള്ള ചെറിയ ചെറിയ സംഗതികളെച്ചൊല്ലിയുള്ള ശ്രദ്ധാശൈഥില്യമൊഴിച്ചാല്‍ അയാള്‍ നര്‍മബോധമുള്ള ഒരു സരസനും ഒരൊന്നാന്തരം കാമുകനുമായിരുന്നു. രണ്ടു കുട്ടികളെ പ്രസവിച്ചതിനു ശേഷവും എലിസബത്തിനെ കാമുകിയെന്ന സ്വപ്നാവസ്ഥയില്‍ നിന്ന് ഭാര്യയെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞെട്ടിയുണര്‍ത്താന്‍ അയാളുടെ നര്‍മഭാവനകളും നിസാരകാര്യങ്ങളില്‍ പോലും വീണ്ടും വീണ്ടും അത്ഭുതം കൊള്ളുന്ന മനസ്സും ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഏറെ ശ്രമപ്പെട്ടതിനു ശേഷം സ്വീകരണമുറിയില്‍ നിന്ന് വന്ന ഏതോ ഒരു ശബ്ദമായിരുന്നു അതെന്നും കുഞ്ഞ് വീണതാണൊ എന്ന സംശയമാണ് തന്റെ മനസ്സിനെ ഇത്ര നേരം അലട്ടിയിരുന്നതെന്നും അയാള്‍ തെറ്റായി കണ്ടുപിടിച്ചു. അനു, എലിസബത്തിന്റെ വിരലില്‍ തൂങ്ങിനില്‍പുണ്ടായിരുന്നതിനാല്‍ ഇനി ആശങ്കയ്കടിസ്ഥാനമില്ലെന്ന് കണ്ട് തന്റെ ഹൃദയത്തില്‍ നിന്ന് ആ കറുത്ത പാട നീക്കി ഇനിയാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ പോലും ഓര്‍ക്കാനാവാത്ത വിധം അത് എന്നെന്നേക്കുമായി മറക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ടെലിഫോണ്‍ ശബ്ദിച്ചത്. അടുക്കളക്ക് മുന്നിലെ ഇടനാഴിയില്‍നിന്ന് ടെലിഫോണ്‍ ഇനിയും ശരിയായ ഒരിടത്തേക്ക് മാറ്റിയിട്ടില്ലെന്ന് കുണ്ഠിതപ്പെട്ട് എലിസബത്ത് ഫോണ്‍ എടുക്കാന്‍ പോയി. ധൃതിപിടിച്ച് താമസം മാറ്റിയത്‌മൂലമുണ്ടായ ചില്ലറ പാകപ്പിഴകളിലൊന്നായിരുന്നു അത്. അല്‍പസമയം കഴിഞ്ഞ് എലിസബത്ത് വിളിച്ചുപറഞ്ഞു. "ഇത് (പൂര്‍ണമായും) നിനക്കുള്ളതാണ്".
മൂന്ന്
സ്വത്ത് ഭാഗം ചെയ്തതിനു ശേഷം അങ്ങോട്ട് വന്നിട്ടില്ലായിരുന്ന മകള്‍ റസിയ ഇടക്ക് വെച്ചു തന്നെ കാറില്‍നിന്നിറങ്ങി കരഞ്ഞുകൊണ്ട് പാഞ്ഞ്, ചിതറിനില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ, തന്റെ വികാരവിക്ഷോഭവും വേഗതയും നിയന്ത്രിക്കാനാവാതെ ആയാസപ്പെട്ടൊരു വളവെടുത്ത് കട്ടില്‍ക്കാലിലേക്ക് വീണ് അലമുറയിടാന്‍ തുടങ്ങുമ്പോള്‍ മൂപ്പീന്നിന്റെ മയ്യിത്ത് കുളിപ്പിക്കാനായി അകത്തെമുറിയിലേക്ക് എടുത്തിരിക്കുകയായിരുന്നു. മയ്യിത്ത് കുളിപ്പിച്ച് പൊതുദര്‍ശനത്തിനായി ഉമ്മറത്ത് വെച്ചത് മുതല്‍ അതെടുക്കുന്നത് വരെ സുഹെയില്‍ അവിടെയുണ്ടായിരുന്നു. തന്റെ വെല്ലുപ്പയുടെ മരണത്തിന് കാരണം ത്വക്ക് ചുളിഞ്ഞുണ്ടായ വാര്‍ധക്യം എന്ന രോഗമാണെന്നും അത് വളര്‍ന്ന് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത് വൃഷണസഞ്ചികളിലേയും നിവര്‍ത്തിപ്പിടിച്ച കൈകളുടെ മുട്ടുകളിലേയും ചുക്കിച്ചുളിഞ്ഞ തൊലിയില്‍ നിന്നുമാണെന്നും അവന്റെ ഗവേഷണബുദ്ധിയാല്‍ അനുമാനിക്കപ്പെട്ടു.
ഒന്നോ രണ്ടോ തവണ മാത്രമാണ് അവന്‍ ആ മുറിവിട്ട് പുറത്ത് പോയത്. അകത്ത് നിന്നുയര്‍ന്ന അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും ഇടക്കവസാനിപ്പിച്ച നെടുവീര്‍പ്പുകള്‍ക്കുമിടയില്‍നിന്നുയര്‍ന്ന ഒരു കുഞ്ഞ്‌കരച്ചിലായിരുന്നു ഒരു കാരണം. ആ കരച്ചിലിനുടമ ദൂരെ പിണങ്ങി താമസിച്ചിരുന്ന തന്റെ കുഞ്ഞുമാമയുടെ മകള്‍ സുനുവാണെന്നറിഞ്ഞ്, തന്റെ ഏറ്റവും പുതിയ, ഇനിയും മുനച്ചിട്ടില്ലാത്ത വര്‍ണ്ണപ്പൂക്കളോടു കൂടിയ ക്യാംലിന്‍ പെന്‍സില്‍ കൊണ്ടുവന്ന് അപ്പോഴേക്കും താന്‍ എന്തിനാണ് കരയുന്നതെന്ന കാര്യം തന്നെ മറന്ന് ഏന്തിക്കൊണ്ടിരുന്ന അവള്‍ക്ക് കൊടുത്തു. ഒരു നിമിഷം. സംശയഭാവങ്ങളോടെ അവള്‍ അത് വാങ്ങി തന്റെ ഉടുപ്പിലൊളിപ്പിച്ചു. ആ പെന്‍സില്‍ താന്‍ സൂക്ഷിക്കേണ്ട കാലയളവിനെപ്പറ്റിയറിഞ്ഞാല്‍ അതിന്റെ ബാഹുല്യമെത്രയെന്ന് കണ്ട് അതിശയിക്കാന്‍ തക്ക പ്രായമുള്ള പെണ്‍കുട്ടിയായിരുന്നില്ല അന്നവള്‍.
രണ്ട് ദിവസങ്ങള്‍ക്കു ശേഷം എലിസബത്ത് ബാഗില്‍ എന്തോ തിരയുമ്പോള്‍ അതിനടിയില്‍ ഒളിച്ചിരുന്ന ഒരു പെന്‍സില്‍ കണ്ടെത്തി. മകളെ പറഞ്ഞ് സമാധാനിപ്പിച്ച് അത് സുഹെയിലിനെ തിരിച്ചേല്‍പ്പിച്ചു. പിന്നീട് എലിസബത്ത് മനോഹരങ്ങളായ പൂക്കളുള്ള ആ പെന്‍സിലിനെ കുറിച്ച് ഒന്നുമറിഞ്ഞില്ല. ഒരിക്കലും.
എന്തായാലും "ഉച്ചമയക്കങ്ങളാലും പക്ഷികളുടെയും മൃഗങ്ങളുടെയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കരച്ചിലുകളാലും മുതിര്‍ന്നവരില്‍ നിന്നും ഒറ്റപ്പെട്ടുപോയ തൊടിയിലെ കുഞ്ഞുകുഞ്ഞു സ്വകാര്യങ്ങളുടെ ഏകാന്തലോക" മെന്ന് പിന്നീട് സുഹെയില്‍ തന്നെ വിശേഷിപ്പിച്ച ഒരു മദ്ധ്യാഹ്ന്ത്തില്‍ ആ പെന്‍സില്‍ വീണ്ടും സുനുവിനെത്തിച്ചുകൊണ്ട് വളരെ ചെറിയപ്രായത്തില്‍ തന്നെ പ്രണയമവരെ കെണിയില്‍ പിടിച്ചു.
തന്റെ മധുവിധുനാളിലെ പ്രസന്നമായ ഒരു സായാഹ്നം വരെ, അതായത് ഒരു മഹാനഗരത്തിലെ ഒരു വന്‍കിട ഹോട്ടലലില്‍ വിവാഹസമ്മാനമായി ഒരുക്കപ്പെട്ട അതിവിശാലമായ കിടപ്പുമുറിയില്‍ വെച്ച് പരിപൂര്‍ണ്ണ നിര്‍വികാരതയോടെ തന്റെ കന്യകത്വം മിക്കവാറും അപരിചിതനായ ഒരുവന് അടിയറവെച്ചതിന്റെ പിറ്റേദിവസം വരെ ഏതാണ്ട് പതിനെട്ട് വര്‍ഷങ്ങളോളം സുനൈനക്ക് ആ പെന്‍സില്‍ അവളുടെ ശരീരത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ പ്രണയമറിഞ്ഞവര്‍ക്ക്, അതിന്റെ തീക്ഷ്ണത ശരിയായി ഉള്‍ക്കൊണ്ടിരുന്നില്ലെങ്കില്‍ കൂടി അവളുടേയാ ഒഴിഞ്ഞ നോട്ടം കണ്ടാല്‍ ആ പെന്‍സില്‍ ആദ്യമായി മുനച്ച് ഒരു കത്തിയേക്കാള്‍ മൂര്‍ച്ചകൂട്ടി അവളുടെതന്നെ ഹൃദയത്തില്‍ കുത്തിയിറക്കാന്‍ പോകുകയാണെന്ന് കരുതാതിരിക്കാന്‍ തക്ക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് ഹൃദയത്തിന് നേരെ ഉയര്‍ത്തി ശക്തിയോടെ ഒരു പൂര്‍ണവിരാമം!. ആ പെന്‍സിലിന് ഒരായുധത്തിന്റെ ദൃഢതയുണ്ടായിരുന്നുവെങ്കില്‍ അതിലും ഭംഗിയായി അത്തരമൊരു പ്രണയത്തിന് വിടവാങ്ങാന്‍ കഴിയില്ലെന്ന് അവര്‍ കരുതി.
അവരെ കടന്ന്പോയ ഏതാണ്ടെല്ലാ ദിവസങ്ങളുടെയും ഓര്‍മക്കായി പക്ഷികളുടെയും മൃഗങ്ങളുടേയും മറ്റുപല ഉപകരണങ്ങളുടേയും കണക്കറ്റ ചെറുരൂപങ്ങള്‍ സുഹെയില്‍ ഉപഹാരങ്ങളായി അവള്‍ക്കയച്ചിരുന്നുവെങ്കിലും തങ്ങളെയും തങ്ങളുടെ ചിന്തകളേയും അദൃശ്യമായി ബന്ധിപ്പിക്കുന്നത് ആ പെന്‍സില്‍ തന്നെയാണെന്നവള്‍ പ്രേമത്തോടെ സങ്കല്‍പ്പിച്ചു.
യഥാര്‍ഥത്തില്‍ അനുരാഗത്തേക്കളുപരി, വിസ്മയകരമാംവിധം തങ്ങളിലലിഞ്ഞുപോയ ചിന്തകളെയും ഓര്‍മകളെയും വെറുമൊരു സ്നേഹോപഹാരത്തിലേക്ക് ലഘൂകരിക്കുന്ന സ്ത്രീകളുടെ മാത്രം ഒരു തന്ത്രമായിരുന്നു അത്.
ശേഷം എല്ലാം എളുപ്പമായിരുന്നു. തീരുമാനമെടുക്കേണ്ടിയിരുന്നത് വെറുമൊരു പെന്‍സിലിനെക്കുരിച്ചു മാത്രമായിരുന്നു.
അവള്‍ സാവകാശമെഴുന്നേറ്റു പോയി മുഖം വൃത്തിയായി കഴുകി. ആ ചെറിയ ചലനങ്ങളുടെ ഇടവേളകളില്‍, ഒരു പിടച്ചിലില്‍ ശരീരം ആവശ്യത്തിലധികം അനങ്ങിയ ഏതോ ഒരു നിമിഷം ആ പെന്‍സിലിനെ പറ്റി എല്ലാം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
യാദൃച്ഛികമാണെങ്കില്‍കൂടി അപ്പോള്‍ "ഒരു പ്രണയത്തില്‍ നിന്ന് രക്ഷപെടാന്‍ പെണ്‍കുട്ടികള്‍ക്ക് ശരിയായൊന്ന് തലകുടയാനുള്ള സാവകാശം മാത്രം കിട്ടിയാല്‍ മതി"യെന്ന സുഹെയിലിന്റെ വരികള്‍ അറംപറ്റുകയായിരുന്നു
അന്ന് വൈകുന്നേരം, തികച്ചും പ്രസന്നമായ ആ സായാഹ്നത്തില്‍ തിരക്കേറിയ നഗരവീഥിയിലൂടെ ഭര്‍ത്താവിനോടൊത്ത് കൈകോര്‍ത്ത് നടക്കുമ്പോള്‍, തങ്ങളെ കടന്ന് പാഞ്ഞ്‌പോകുന്ന വാഹനങ്ങളെ നോക്കികൊണ്ടിരിക്കുമ്പോള്‍, പണ്ട് കോളേജില്‍ ആണ്‍കുട്ടികള്‍ പോക്കറ്റില്‍ കൈയിടുമ്പോള്‍ തങ്ങള്‍ പറയാറുള്ള തമാശ ഭര്‍ത്താവിനോട് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍, ഒരു നേരം നാലോ അഞ്ചോ കാര്യം ചെയ്യുന്നതിനിടയില്‍ അശ്രദ്ധയാല്‍ നഷ്ടപ്പെട്ട എന്തിനേയോ പോലെ ആ മനോഹരമായ പെന്‍സില്‍ അവളുടെ വിരലുകള്‍ക്കിടയിലൂടെ ആ ജനസഞ്ചയത്തിനിടയിലേക്ക് ഊര്‍ത്തിയിട്ട് കളഞ്ഞുകൊണ്ട് സുനൈന ഒരു വശത്ത് നിന്നും കൊട്ടിയടക്കുംവരെ അവരുടെ സ്നേഹം വിശുദ്ധപ്രണയത്തിന്റെ ഏതൊരു അംഗീകൃതമാപിനിക്കും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തില്‍ ഒന്നാമതായി നിലകൊണ്ടിരുന്നു.
ഏറെത്താമസിയാതെ നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരര്‍ദ്ധരാത്രിയില്‍ വൈപിന്‍ ബോട്ട്ജെട്ടിക്കടുത്തുള്ള ഒരു ലൈറ്റ്‌ഹൌസ് ടവറിനുമുകളില്‍ ആകാശം നോക്കി മലര്‍ന്നുകിടക്കെ, സഫ്‌വാന്‍ സുഹെയിലിന് ആകാശം മുഴുവന്‍ തന്റെ നെഞ്ചിനകത്തേക്ക് വലിഞ്ഞുകയറുന്നതായും തന്റെ ശരീരത്തിന് നന്മകളില്‍ നിന്ന് നന്മകളിലേക്ക് മാത്രം പറന്നിറങ്ങുന്ന ഒരു മാലാഖയുടെ ചിറകിനെപ്പോലെ ഭാരം കുറഞ്ഞതായും തോന്നി. പെട്ടെന്നുള്ള ഉന്മാദത്തില്‍ "ഇത്രനാള്‍ ഞാനെന്റെ സ്വപ്നങ്ങളെ ചൂഷണം ചെയ്തതിന് പകരമായിതാ, ഞാന്‍ തൂവല്‍പോലെ പറന്ന് രസിച്ച ഏതോ ഒരു സ്വപ്നം എന്നോട് പകരം ചോദിക്കുന്നു"വെന്ന് തന്റെ ആരാധകര്‍ക്ക് തിടുക്കത്തിലൊരു കുറിപ്പെഴുതി പോക്കറ്റില്‍ വെച്ചതിനു ശേഷം കൈകള്‍ ചിറകായി വിടര്‍ത്തി തല മുകളിലേക്ക് ചെരിച്ചു താഴേക്കു പറക്കുമ്പോള്‍ അതിനകം ഏറെ പ്രശസ്തനായിക്കഴിഞ്ഞിരുന്ന അയാള്‍ക്ക് ഒരു വിശുദ്ധന്റെ പ്രായവും പ്രണയത്തില്‍ പരിക്കേറ്റവന്റെ മുഖവുമായിരുന്നു.
നാല്
സ്വാഗതമരുളുന്ന കമാനവും വര്‍ണകടലാസുകളാലലംകൃതമായ പന്തലും ഇതുവരെ ആകാത്തതെന്തന്ന അതിശയത്തോടെ കല്യാണ വീട്ടിലേക്ക് വരുന്നവരെ അടുത്ത ഞായറാഴ്‌ച്ചയിലെ വിവാഹം ഇവിടെയല്ല ഇനിയും മുന്നോട്ട് പോകുമ്പോള്‍ നാലഞ്ചു വീടുകള്‍ക്കപ്പുറത്താണെന്ന് പറഞ്ഞു മനസ്സിലാക്കേണ്ട മട്ടില്‍ ബഹളമയവും സന്തോഷകരവുമായിരുന്നു മരണം കഴിഞ്ഞ് അടിയന്തിരംവരെയുള്ള ഏഴുദിനങ്ങള്‍. അന്വേഷകരുടെ തിരക്ക് കൂടിയ ഒരു ദിവസം കുട്ടികള്‍ക്ക് തങ്ങളുടെ ക്രിക്കറ്റ് കളി തടസ്സപ്പെടാതിരിക്കാന്‍ ഊഴംവെച്ച് ഈരണ്ട് പേരെ അതിനായി മാത്രം ഗേറ്റില്‍ നിര്‍ത്തേണ്ടി വന്നുവെന്നതുതന്നെ ആഹ്ലാദകരമായ ഒരു കൂടിച്ചേരലിന്റെ വര്‍ണാഭമായ ചിഹ്നങ്ങളാണ് അവിടെനിന്നുയര്‍ന്നിരുന്നതെന്നതിനുള്ള വ്യക്തമായ തെളിവായിരുന്നു.
"ഈ പ്രിയൂര് മാങ്ങയും കരിമീനും തിന്നാനാണ് ഞാനിങ്ങോട്ട് വന്നതു തന്നെ"യെന്ന രണ്ടാമത്തെ മകന്‍ ബഷീറിന്റെ ഭാര്യ രഹ്‌നയുടെ അബദ്ധത്തില്‍ വന്ന ഒരു പ്രസ്താവന അല്‍പം ആശയകുഴപ്പവും ചില്ലറ വൈഷമ്യങ്ങളും ഉണ്ടാക്കിയതൊഴിച്ചാല്‍ ഓരൊ ഭക്ഷണസമയവും ആഹ്ലാദജനകങ്ങളായ ഓരോരോ സംഭവങ്ങള്‍ തന്നെയായിരുന്നു.അത്തരം സന്ദര്‍ഭങ്ങളില്‍ സുഹെയില്‍ തന്റെ സ്വതഃസിദ്ധമായ വിശകലനബുദ്ധിയോടെ കാര്യങ്ങള്‍ മനസ്സിലാക്കി എന്തെങ്കിലും വിളിച്ചുപറയാതിരിക്കാന്‍ അവന്റെ ഉമ്മ സുഹറയ്ക്ക് തന്റെ ദൈനംദിന പ്രാര്‍ഥനകള്‍ക്കിടയില്‍ പൊന്നുരുന്നി പള്ളിപ്പടി ഔലിയായുടെ മധ്യസ്ഥതയിലുള്ള ഒരു പ്രത്യേക പ്രാര്‍ഥനയും ഉള്‍പെടുത്തേണ്ടിവന്നു. ഭര്‍ത്താവിന്റെ നേരത്തെയുള്ള നിര്യാണംമൂലം നിരാലംബയായി താന്‍ ജനിച്ച വീട്ടില്‍തന്നെ വന്നു താമസിച്ചിരുന്ന അവര്‍ക്ക് തന്റെ മകന്‍ അനവസരത്തില്‍ എന്തെങ്കിലും വിളിച്ച് പറഞ്ഞ് ബാക്കിയുള്ളവരുടെ അനിഷ്ടം പിടിച്ചുപറ്റുന്നത് സഹിക്കാനാകുമായിരുന്നില്ല. തീന്മേശയില്‍ അത്തരമൊരു കല്ലുകടി നടന്നത് തന്റെ ഭാര്യയുടെ കുഴപ്പം കൊണ്ടല്ലെന്നും മറിച്ച് അവള്‍ക്ക് അല്‍പം ധൃതികൂടിയത് കൊണ്ട് മാത്രമാണെന്നും ഡോക്ടര്‍ ബഷീര്‍ കരുതി. ആളുകള്‍ കൂടിയിരിക്കുമ്പോള്‍ ചിന്തകളും സംഭാഷണങ്ങളും അവര്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടെന്നും ഊഴം വരുമ്പോള്‍ ഓരോരുത്തരും അതെത്തിപ്പിടിച്ച് പറഞ്ഞുതീര്‍ക്കുകയാണെന്നും അയാള്‍ കരുതി. "നിന്റെ ഒടുക്കത്തൊരു ധിറ്‌തികാരണമാണ്, ഇത്തിരി നേരം കഴിഞ്ഞാല്‍ ആ എലിസബത്തെങ്ങാനും പറയേണ്ടതായിരുന്നു അത്" എന്നു മാത്രമാണ് അന്ന് രാത്രി അയാള്‍ ആ സംഭവത്തെപ്പറ്റി ഭാര്യയോട് പറഞ്ഞത്.
അഞ്ച്
അവസാനദിവസം എല്ലാവരും പോകുന്നതിന് അല്‍പം മുന്‍പ് കരീമിന്റെ കൈ പിടിച്ച് റസ പണ്ട് താന്‍ പറഞ്ഞുപോയതെല്ലാം മറക്കണമെന്നപേക്ഷിച്ചു. യഥാര്‍ഥത്തില്‍ അതെല്ലാം മറന്ന സമയം തന്നെയാണ് പിണങ്ങിയതിന് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ റസ, കരീമിനോട് ആദ്യമായി പറഞ്ഞിരുന്നത്. താന്‍ ധരിച്ചിരുന്ന വാച്ച് ഊരി തന്റെ ഇക്കയ്ക്ക് സമ്മാനമായി നല്‍കിയിട്ട് നിറകണ്ണുകളോടെയാണ് അയാള്‍ പിരിഞ്ഞത്.
അതിനുശേഷമുള്ള മൂന്നാമത്തെ മഴക്കാലത്ത്, ഒരു പേപ്പര്‍മില്ലിലേക്ക് വേസ്റ്റ്‌പേപ്പര്‍ കൊണ്ടുപോകുകയായിരുന്ന ഒരു കെ.എല്‍.ഇ 6610 നമ്പര്‍ ടെമ്പോയുടെ പിന്‍ചക്രം "ഏതെങ്കിലുമൊരു തമിഴ്‌സിനിമ കണ്ടിട്ടുവരാമെന്ന്" പറഞ്ഞ് എറണാകുളത്തേക്ക് പോയ കരീമിന്റെ തലയിലൂടെ കയറിപ്പോയപ്പോള്‍ വീട്ടുകാര്‍ക്ക് അയാളുടെ തിരിച്ചറിയാനാവാത്ത മുഖത്തില്‍ നോക്കാതെ തന്നെ അയാളെ തിരിച്ചറിയാന്‍ സഹായിച്ചത് സ്വര്‍ണനിറമുള്ള 'പാരാഷോക്ക്, 21 ജുവല്‍സ്' എന്നെഴുതിയ ആ റാഡോ വാച്ചായിരുന്നു.
ആറ്
അടിയന്തിരത്തിന്‍ പിറ്റേദിവസമുള്ള എല്ലാവരുടേയും തിരിച്ചുപോക്ക് കദീശുമ്മയ്ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേക്കാള്‍ തന്നെ വേദനിപ്പിക്കുന്നത് ഈ വിയോഗം തന്നെയാണെന്ന് അവര്‍ തെല്ലും കുറ്റബോധമില്ലാതെ ഓര്‍ത്തു. തലേദിവസം വരെ ഈയല്‍ പോലെ പറന്ന് നടന്ന കദീശുമ്മയെ അന്ന് പിടിച്ചാണ്‍ കട്ടിലില്‍ നിന്നെഴുന്നേല്‍പ്പിച്ചത്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവര്‍ ഏന്തിക്കരഞ്ഞു. ചുറ്റും നിന്നവരെ നോക്കി അവര്‍ വിതുമ്പി. "ന്യെപ്പ്ഴാ ഇങ്ങ്‌നെ ?"
വിയോഗദുഃഖത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ ശിഥിലമാക്കപ്പെട്ടു കിടന്നിരുന്ന എല്ലാവരുടേയും ചിന്തകളെ മുഴുവന്‍ പെട്ടെന്ന് ഒരൊറ്റ ദിശയിലേക്ക് തിരിക്കുന്ന ഒരു കാന്തികതരംഗം കണക്കെയാണ് ആ ചോദ്യം അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഒരഞ്ചുവയസ്സുകാരനു പോലും എത്തിപ്പിടിക്കാനാവും വിധം അവര്‍ക്കിടയിലേക്ക് താണുപറന്ന ഏകചിന്ത ഇനിയെപ്പോഴാണ് ഇങ്ങനെയൊരു കൂടിച്ചേരല്‍ എന്ന സംശയത്തിന്റെ മറുപടി തന്നെയായിരുന്നു. ആ തരംഗത്തിന്റെ സ്വാധീനത്തില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രമാവാന്‍ എല്ലാവരുടേയും - പ്രത്യേകിച്ച് കുട്ടികളുടെ -ശ്രദ്ധതിരിക്കുന്ന എന്തെങ്കിലും ശബ്ദമോ അനക്കമോ ഉണ്ടാക്കണമെന്ന് പലര്‍ക്കും തോന്നിയെങ്കിലും അര്‍ഥ്ഗര്‍ഭമായ ആ നിശബ്ദതയില്‍ അതെല്ലാവരും കേള്‍ക്കെയുള്ള ഒരു കുറ്റസമ്മതമായി മാറുമെന്ന് ഭയന്ന് ആരൊമൊന്നും മിണ്ടിയില്ല.
പ്രത്യേകപ്രാര്‍ഥനയുടെ ഫലമായി സുഹെയിലിപ്പോള്‍ ഏറെ വിവേകമുള്ളവനായിരിക്കുന്നു. വെല്ലുമ്മയുടെ സംശയത്തിന് മറുപടിയെന്നോണം അവന്‍ വാര്‍ധക്യം പൂര്‍ണവളര്‍ച്ചയെത്താറായ അവരുടെ ശരീരത്തോട് കവിളമര്‍ത്തി ചേര്‍ന്ന് നിന്നു. പുതിയ തിരിച്ചറിവുകള്‍ക്കൊന്നും അപായപ്പെടുത്താന്‍ കഴിയാത്ത വിധം മരണംവരെ അവനില്‍ നിറഞ്ഞുനിന്നിരുന്ന അപാര സ്നേഹത്തോടെ...
**************************
Saturday, October 14, 2006
Sunday, October 01, 2006
അബ്ര, ബ്രാക്കറ്റില്‍ കാദബ്ര
മരുന്നില്ലാത്ത ഒരു മാരകരോഗമാണ് ചിലര്‍ക്ക് കൌമാരം.
പതിമൂന്നാം വയസ്സിന്റെ തുടക്കത്തിലെ തല്ലിത്തകര്‍ത്തു മഴ പെയ്ത ഒരു ഞായറാഴ്ചയാണ് അബ്ര തന്റെ ആദ്യത്തെ പ്രണയലേഖനം എഴുതിത്തീര്‍ത്തത്.അടച്ചു പൂട്ടിയ തന്റെ മുറിയില്‍ അകാരണമായുയര്‍ന്ന ഭയാശങ്കകളേയും പതുങ്ങിയിരിക്കുമ്പോള്‍ പിടികൂടാറുള്ള കഠിനമായ മൂത്രശങ്കയേയും അതിജീവിച്ചും അനുരാഗത്തിന്റെ തിരത്തള്ളലുകളെ നിയന്ത്രിക്കാനാവാതെ ശ്വാസം കഴിക്കാന്‍ മറന്നും നീണ്ട മൂന്നു മൂന്നര മണിക്കൂര്‍ ഏടുത്താണ് പത്തിരുപത് വരികളുള്ള ആ അപേക്ഷാഫോറം അവന്‍ പൂര്‍ത്തിയാക്കിയത്.
എന്നിട്ട് തന്റെ പുതിയ പാഠപുസ്തകത്തിന്റെ നടുപ്പേജിലേക്ക് മുഖമാഴ്‌ത്തി പ്രണയത്തിന്റേയും ഗൃഹാതുരതയുടെയും ഗന്ധം ആവോളം വലിച്ചെടുത്തു. പ്രേമത്തെ കുറിച്ച് പിന്നീട് തിരുത്താനിടയില്ലാത്ത ദാര്‍ശനികമായ രണ്ട് കണ്ടുപിടുത്തങ്ങള്‍ നടത്തി. കൂടുതല്‍ ആത്മവിശ്വാസമാര്‍ജിച്ച്, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ വേര്‍തിരിച്ചറിയാനാവാത്ത കാരണങ്ങളാല്‍ ചെറുനാരങ്ങയുടെ ഗന്ധത്തോടൊപ്പം എപ്പോഴും ഓര്‍മിക്കപ്പെട്ട കെമിസ്റ്റ്രി ടീച്ചറിനുള്ളതടക്കം വേറെ മൂന്ന് പ്രേമലേഖനങ്ങള്‍ കൂടി എഴുതി പൂര്‍ത്തിയാക്കി.
പക്ഷേ, പിന്നീട് അത്ര തന്നെ എളുപ്പമായിരുന്നില്ല സംഗതികള്‍. നിഴല്‍ പോലെ അവനെ പിന്തുടര്‍ന്ന നശിച്ച വിറയലും വിധിയുടെ അനുപമായ ആകസ്മികതയും കാര്യങ്ങള്‍ അപ്പാടെ കുഴച്ചു മറിച്ചു. ഇനിയും അല്‍പനേരത്തേക്കിത് തുടര്‍ന്നാല്‍ താന്‍ മരിച്ചു പോയേക്കുമെന്ന് ഭയന്ന്, വെള്ളം കെട്ടിനില്‍ക്കുന്ന ഇടവഴിയിലൂടെ പാവാടത്തുമ്പ് പാദസരം വരെ ഉയര്‍ത്തി താളം വിടാതെ കണക്ക് ട്യൂഷനുപോയിരുന്ന പെണ്‍കുട്ടിയെ കാത്ത് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി വളവ് തിരിഞ്ഞ് ജലദോഷം മൂര്‍ച്‌ഛിച്ച് വായും മൂക്കും എക്കാലത്തേക്കുമായി ചുവന്നുപോയ വെളുത്ത പെണ്‍കുട്ടി വന്നു.
പലപ്പോഴും പേരുമാറിയ പ്രണയലേഖനവുമായി നിന്ന് അവന്‍ അടിമുടി വിറച്ചു...
അത്രയും ഹൃദയാലുവായ ഒരു പയ്യനെ എങ്ങനെ ഗുണദോഷിക്കുമെന്നറിയാതെ പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ കുഴങ്ങി.
അബ്ര സുന്ദരനായിരുന്നു. അവന്‍ കണ്ണില്‍ നോക്കി സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലിലും ഒന്ന് പിടിച്ചുനില്‍ക്കാന്‍ തോന്നി. കണ്ണുകളില്‍ വിചാരമുളള, മെലിഞ്ഞു കൊലുന്നനെയുളള പെണ്‍കുട്ടികള്‍ അവനെ ഒരിക്കലും വെറുത്തില്ല. തങ്ങളുടെ ഊഴം വരുമ്പോഴെങ്കിലും അവന് ഉറച്ചുനിന്ന് തങ്ങളുടെ പേരില്‍ തന്നെയുള്ള കത്ത് തരാന്‍ ധൈര്യം കൊടുക്കണേയെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. ഏഴു വയസ്സുള്ള കുഞ്ഞു പെണ്‍കുട്ടികളുടെ ഗൃഹാതുരതയോടെയാണ് അവര്‍ അവനെയോര്‍ത്തത്. ജീവിതകാലം മുഴുവന്‍ അവനോടൊത്ത് എത്ര സുന്ദരവും നിഷ്‌കളങ്കവുമായി ജീവിക്കുമായിരുന്നുവെന്നോര്‍ത്ത് അവര്‍ തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞു. മുതിര്‍ന്നപ്പോള്‍ നീണ്ട വിരലുകളും സംസാരിക്കുമ്പോള്‍ കഴുത്തിന് കുറുകെയോടുന്ന ഇളം പച്ച ഞരമ്പുകളും ഓര്‍മയിലവശേഷിപ്പിച്ച് അവര്‍ വിസ്മൃതിയിലേക്ക് വിവാഹിതരായിപ്പോയി.
മുതിര്‍ന്ന സ്ത്രീകളുടെ, പിന്‍ഭാഗം താഴ്ത്തി വെട്ടിയ ബ്ലൌസിന് മുകളിലെ മാംസളതയില്‍ - തന്നെപ്പോലെയുള്ള കുഞ്ഞു കവികളുടെ ഭാവന വിഹരിക്കുന്ന തുറസ്സില്‍ - ചൂണ്ട് വിരലു കൊണ്ട് ഇങ്ഗ്ലീഷ അക്ഷരമാലയിലെ ചെറിയക്ഷരം 'ജി' എഴുതിക്കൊടുക്കുന്ന അത്യാകര്‍ഷകമായ ഒരു പദ്ധതിയുമായാണ് അബ്ര പിന്നീട് വന്നത്. അസംതൃപ്തരായ കുടുംബിനികളുടെ മേല്‍ സമയത്തിന്റെ ധൂര്‍ത്തില്ലാതെ ആയാസരഹിതമായി പ്രയോഗിക്കാവുന്ന ഒരൊറ്റമൂലിയെന്ന നിലയില്‍ അവരുടെ മാര്‍ഗദര്‍ശികളായ കുടുംബ വാരികകളിലേതെങ്കിലുമൊന്നിന്റെ മുഴുവന്‍ പേജും അപഹരിക്കാന്‍ പോന്ന ഒരു പുത്തന്‍ സ്കൂപ്പ്.
'ജി' അതിന്റെ അവസാന വളവെടുത്ത് മുകളിലേക്കുയരുമ്പോഴേക്കും ഏതൊരു തറവാടിയായ സ്ത്രീയും നിര്‍വൃതിയുടെ നെറുകയിലിടിച്ച് തളര്‍ന്നു വീണുപോകുമായിരുന്നു.
പക്ഷേ, ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിലും അഞ്ചു മിനുട്ടിലധികം എടുക്കാത്ത സാമൂഹിക ഇടപെടലുകളിലും അത്തരം അസംതൃപ്തി പരിഗണിക്കപ്പെട്ടതേയില്ല. പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര സാവകാശം കിട്ടാത്തതിലുള്ള വെപ്രാളം. കൈവിരലിലേക്ക് തന്റെ ഏകാഗ്രത സന്നിവേശിപ്പിക്കുമ്പോഴുണ്ടാകുന്ന വിറയല്‍.
അവന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നാന്‍ ഇവ ധാരാളമായിരുന്നു.
പേരറിയാവുന്നവരുടെ ഇടിയേറ്റ് അവന്‍ ഇരുന്ന് പോയി. പിടിച്ചെഴുന്നേല്‍പ്പിച്ച് അവനെ നേരെ കൊണ്ട്‌പോയത് നഗരത്തിലെ പ്രശസ്ത മനോരോഗ വിദഗ്ദ്ധന്റെ അടുത്തേക്കാണ്. അയാളുടെ മരുന്ന് കഴിച്ച് അവന്റെ കണ്‍പോളകള്‍ തൂങ്ങി ശരീരം നന്നായി തടിച്ചു. ബൌളിംഗ് ആക്ഷന്‍ കൂടുതല്‍ സങ്കീര്‍ണമായി. ഒട്ടും സഹായകരമല്ല്ലാത്ത പ്രതലത്തില്‍ നിന്ന് പോലും ടേണ്‍ ലഭിച്ച് തുടങ്ങിയതോടെ ലോക്കല്‍ ടൂര്‍ണമെന്റുകളിലെ ഏറ്റവും അപകടകാരിയായ സ്പിന്‍ ബൌളറായി മാറി. ഇടക്ക് എന്‍ജിനീയറിംഗ് പഠനത്തിനായി തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പോയ ഒന്നര വര്‍ഷം മാത്രമാണ് അബ്രയുടെ കൌമാരത്തില്‍ നിന്ന് ഞങ്ങള്‍ നാട്ടുകാരുടെ ഓര്‍മകളില്‍ രേഖപ്പെടുത്താതെ പോയത്. ആഴ്ച്ചയില്‍ മൂന്ന് മണിക്കൂറുള്ള ഇലക്ട്രിക്കല്‍ ലാബുകളില്‍ ഒരു വര്‍ഷത്തോളം ഷോക്കടിക്കാതെ കഴിച്ചുകൂട്ടുകയെന്ന മഹത്തായ നേട്ടം കൈവരിച്ചതിനു ശേഷം അവന്‍ തന്റെ പഠനവും കൌമാരവുമവസാനിപ്പിച്ച് ഞങ്ങളുടെ സ്മൃതിമണ്ഡലങ്ങളിലേക്ക് തിരികെ പോന്നു.
ചരിത്രം ഒരുവനെ മഹത്വമാരോപിച്ച് തന്നിലേക്കെടുക്കുമ്പോള്‍ ഏറെ ഇഷ്ടവും ആദരവും തോന്നിയ നിമിഷങ്ങള്‍ കൊണ്ട് അവനെക്കുറിച്ചുള്ള ഓര്‍മകളെ ശുദ്ധീകരിച്ചെടുക്കാറുണ്ട്. ആധികാരികത നിറഞ്ഞ അത്തരമൊരു ദുശ്ശീലത്തിന്റെ ശാഠ്യങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും ഞങ്ങളുടെ സ്മൃതിമണ്ഡലങ്ങള്‍ തൂത്ത് വൃത്തിയാക്കപ്പെട്ടിരുന്നു. പകരം സുവര്‍ണ ലിപികളാല്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "ബാലനായ അബ്ര കൂട്ടുകാരോടൊത്ത് ഒരു കുന്നിന്‍ചെരുവില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് അതിവേഗം ഇഴഞ്ഞു പോകുന്ന ഒരു ചെറിയ പാമ്പ് അവരുടെ ദൃഷ്ടിയില്‍ പെട്ടു. വികൃതികളായ കുട്ടികള്‍ കല്ലുകളുമെടുത്ത് അതിനു പിറകേ ഓടി. പക്ഷെ, അത്ര വേഗതയും പെട്ടെന്ന് ദിശ മാറ്റാന്‍ കഴിവുമുള്ള ഒരു ജീവിയെ വീഴ്ത്താന്‍ വെറും മത്സരബുദ്ധിയും സഹജമായ ഉന്നവും മാത്രം പോരായിരുന്നു. അബ്ര ഒരു ചെറിയ കല്ലെടുത്ത് കണ്ണിനു നേരെ ഉയര്‍ത്തി. മറുകണ്ണടച്ച് പാമ്പിനെ നോക്കി. വളഞ്ഞുയരുന്ന ഒരു കാറ്റിന്റെ അനായാസതയോടെ ഒന്നു കൈവീശി. കല്ല് പാറിച്ചെന്ന് പാമ്പിന്റെ തലയില്‍ ജീവനിരിക്കുന്നിടത്ത് തന്നെ കൊണ്ടു. എന്തോ മറന്നതു പോലെ പാമ്പ് പെട്ടെന്നു നിന്നു. നാവ് ചേര്‍ത്ത് എരിവു വലിച്ച് നുണഞ്ഞതിനു ശേഷം മരിക്കും മുന്‍പ് പാമ്പ് അബ്രയെ ആദരവോടെ നോക്കി.
'നൂറ്റാണ്ടിന്റെ ഏറായിരുന്നു അത്'.
പശ്ചാത്താപ വിവശനായ അവന്‍ പിന്നീട് ഒരു ഉറുമ്പിനെപ്പോലും നോവിച്ചില്ല. കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ് ഏകനായിരുന്നവന്‍ ധ്യാനത്തില്‍ മുഴുകി".
അബ്ര വാഹനങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സാവധാനമാണ്. ഒരിക്കല്‍ കണ്ട വണ്ടിയെപ്പോലും മുഖം കണ്ടും ശബ്ദം കേട്ടും അയാള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഭാരം വലിക്കുന്ന വലിയ വണ്ടിക്ക് ആശ്വാസമേകുന്ന ആലിംഗനസമാനമായ ഒരു തലോടല്‍. സ്ത്രൈണത തുളുമ്പുന്ന കാറുകളുടെ പിന്‍ഭാഗത്ത് വിറക്കുന്ന ഒരു കൈവിരല്‍ സ്പര്‍ശം. സഹജീവികളൊടെന്നവണ്ണമാണ് അയാള്‍ അവയോട് പെരുമാറിയത്. സൈക്കിളുകള്‍ ഫോസിലുകളെപ്പ്പ്പോലെ കാണപ്പെടുന്നതിലെ ദൃഷ്ടാന്തം അയാളെ അതിശയപ്പെടുത്തി. ഭൂമിയുടെ അവസാനനാളുകളില്‍ മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താന്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പായുന്നത് ഒരുപക്ഷേ, സൈക്കിളുകളിലായിരിക്കും.
അബ്ര വാഹനങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സാവധാനമാണ്. ഒരിക്കല്‍ കണ്ട വണ്ടിയെപ്പോലും മുഖം കണ്ടും ശബ്ദം കേട്ടും അയാള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഭാരം വലിക്കുന്ന വലിയ വണ്ടിക്ക് ആശ്വാസമേകുന്ന ആലിംഗനസമാനമായ ഒരു തലോടല്‍. സ്ത്രൈണത തുളുമ്പുന്ന കാറുകളുടെ പിന്‍ഭാഗത്ത് വിറക്കുന്ന ഒരു കൈവിരല്‍ സ്പര്‍ശം. സഹജീവികളൊടെന്നവണ്ണമാണ് അയാള്‍ അവയോട് പെരുമാറിയത്. സൈക്കിളുകള്‍ ഫോസിലുകളെപ്പ്പ്പോലെ കാണപ്പെടുന്നതിലെ ദൃഷ്ടാന്തം അയാളെ അതിശയപ്പെടുത്തി. ഭൂമിയുടെ അവസാനനാളുകളില്‍ മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താന്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പായുന്നത് ഒരുപക്ഷേ, സൈക്കിളുകളിലായിരിക്കും.
റോഡിന്‍ വശത്തായി കുറ്റിക്കാടുകള്‍ക്കിടയിലൂടെ താഴേക്കിറങ്ങി ചീട്ട് കളിക്കാന്‍ പോയ ആരെയോ കാത്ത് മഴ നനഞ്ഞിരിക്കുന്ന ഒരു പച്ച സൈക്കിളിന്റെ ഓര്‍മ അയാളെ ആജീവനാന്തം അലട്ടി. ആകാശം മുട്ടെ വൈക്കോല്‍ നിറച്ച് വന്ന ഒരു ലോറിയുടെ ഓര്‍മയില്‍ നിന്ന് അയാളുടെ മനസ്സിലേക്ക് വിഭൂതി പൊടിഞ്ഞു.
വിശ്വസിക്കുക, വാഹങ്ങളുടെ പരമമായ സത്യം അയാള്‍ കണ്ടുപിടിച്ചുപോകുമായിരുന്നു.
ഒരിക്കല്‍ വാഹനത്തോട് തീരെ ആദരവില്ലാത്ത ഒരുവനോടിക്കുന്ന ബസ്സില്‍ അബ്രക്ക് യാത്ര ചെയ്യേണ്ടി വന്നു. അയാള്‍ വശത്തേക്ക് തിരിഞ്ഞ് ഉറക്കെ സംസാരിക്കുകയും അലസമായി ഗിയറില്‍ പിടിച്ച് വലിക്കുകയും തുടരെ തുടരെ ഹോണ്‍ മുഴക്കുകയും ചെയ്തു. യാത്ര ദുസ്സഹമായപ്പോള്‍ അബ്ര എഴുന്നേറ്റു. തന്റെ അച്ചന്റെ പ്രായമുള്ള ഡ്രൈവറോട് "കുഞ്ഞേ, ഓടുന്ന വണ്ടിക്കൊരു സത്യമുണ്ടെ" ന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി.
വണ്ടി ആ യാത്ര മുഴുമിപ്പിച്ചില്ല. രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളുമടക്കം ഏഴു പേരുടെ ജീവനപഹരിച്ചു കൊണ്ട് അത് അമ്പാട്ട്‌കാവിനടുത്തുള്ള പാടത്തേക്കു മറിഞ്ഞു.
അതിനു ശേഷമാണ് ആളുകള്‍ അബ്രയെത്തേടി വന്നു തുടങ്ങിയത്.
വണ്ടിക്കച്ചവടക്കാരൂം ബ്രോക്കര്‍മാരും ആയിരുന്നു വന്നവരിലേറെയും. തങ്ങളുടെ വാഹനങ്ങളെ കുറിച്ചുള്ള ഒരഭിപ്രായത്തിനായി അവര്‍ ക്ഷമയോടെ കാത്തുനിന്നു.അബ്രയുടെ വീടിനു മുന്‍വശത്തെ വലിയ ഹാളിലെ തണുത്ത് മിനുസമേറിയ തറയിലുടെ അവര്‍ പൂച്ചകളെപ്പോലെ ശബ്ദമുണ്ടാക്കാതെ പതുങ്ങിനടന്നു.
കണിയാന്‍കുന്നിന്റെ മുകളില്‍നിന്ന് എഞ്ചിന്‍ ഓഫ് ചെയ്തതിന് ശേഷം താഴേക്കുരുട്ടുന്ന വണ്ടിയില്‍ ഇരുന്ന് അതിന്റെ ആന്തരികാവയവങ്ങളുടെ താളത്തിനു കാതോര്‍ക്കും എന്നിട്ട് തന്റെ പഴയ പ്രണയലേഖനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സ്വന്തം കവിതകളോ ഇഷ്ടകവികളുടെ ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന നാലുവരി കവിതയൊ സന്ദര്‍ഭമനുസരിച്ച് ചൊല്ലും. നാട്ടിലെ വിദഗ്ദ്ധരായ മെക്കാനിക്കുകള്‍ "പ്രാകൃതം" എന്നു പരിഹസിച്ച ഇത്തരമൊരു രീതിയാണ് അബ്ര വാഹനങ്ങളുടെ തീര്‍പ്പിനായി അവലംബിച്ചത്.
ഈ നാലുവരി കവിതയില്‍ കവിയുടെ ഉദ്ദേശ്യമെന്തെന്നറിയാന്‍ കച്ചവടക്കാരും ബ്രോക്കര്‍മാരും പരസ്പരം നോക്കി. ബാറുകളിലും ചായക്കടകളിലുമിരുന്ന് തങ്ങളുടെ വാഹനങ്ങളെ കുറിച്ചുള്ള എന്തെങ്കിലും സൂചനകള്‍ക്കായി അവര്‍ കവിതകളെ തലനാരിഴ കീറി. കൂട്ടത്തില്‍ പലരും ചെറിയ ക്ലാസ്സുകളില്‍ പഠിച്ച പദ്യശകലങ്ങല്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
"ഉണരുവിന്‍ ഗുണമുണരുവിന്‍
സ്വരഗുണമോലും ചെറുകിളിക്കിടാങ്ങളെ
ഉണര്‍ന്നു നോക്കുവിനുലകിതുള്‍ക്കാമ്പില്‍..."സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും കവികള്‍ ഇത്രയേറെ ആദരണീയരായിരിക്കുന്നതെന്തെന്ന് അവര്‍ക്ക് മനസ്സിലായി.
ഇത്തരം നൂലാമാലകള്‍ക്ക് ഒരു പരിഹാരമായാണ് P.S.K കൌത്ത എത്തിച്ചേര്‍ന്നത്.
"കാറ്റടി കീറിപ്പൊളിച്ച കുപ്പായവും കൂട്ടിപ്പിടിച്ച്
കടിച്ചു പറിക്കും തണുപ്പിന്റെ നായ്ക്കളെ കെട്ടിപ്പിടിച്ച്
ആത്മാവിലെ തീക്കട്ട മാത്രമെരിച്ച്" ... ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ട ഒരു ബസ്സിന് പെര്‍മിറ്റടക്കം മൂന്ന് ലക്ഷത്തി അമ്പത്തയ്യായിരം വിട്ടു പോകില്ലെന്ന വ്യാഖ്യാനിക്കത്തക്ക കണിശതയോടെയാണ് കൌത്ത വന്നത്.
ഓര്‍മ വെക്കുമ്പോള്‍ കൌത്ത എസ്.എസ്.എല്‍.സി ക്ക് പഠിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നീടുള്ള അയാളുടെ ചരിത്രപരമായ ഇടപെടലുകളുടെ നൈരന്തര്യം പരിശോധിക്കുമ്പോള്‍ പത്തില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചറിനെ ചാണകമെറിഞ്ഞ് സ്കൂളില്‍ നിന്ന് പുറത്താകുന്നത് വരെ അവന്‍ നിശബ്ദനായി എന്തെടുക്കുകയായിരുന്നു എന്നതിശയിക്കേണ്ടിവരുമായിരുന്നു.
അവന്റെ ഉള്ളില്‍ ഒരു സാഹസികനുണ്ട്. കുരുത്തം കെട്ടവന്‍. പതിമൂന്ന് സെക്കന്റില്‍ നൂറു മീറ്റര്‍ ഓടിത്തീര്‍ക്കുന്നവന്‍. തലക്കു മുകളിലൂടെ മൂളിപ്പായുന്ന പന്തുകളില്‍ നിന്ന് ഒരു നിമിഷത്തിന്റെ കീഴ്‌മേല്‍ മറിച്ചിലില്‍ തന്റെ ടീമിന് ഗോള്‍ നേടിക്കൊടുക്കുന്നതവനാണ്. തങ്ങളുടെ നാടകത്തിന് ഒന്നാം സമ്മാനം ലഭിക്കാത്തതിന് വിധികര്‍ത്താക്കളിലൊരാളായ കുഞ്ഞമ്മ ടീച്ചറിന്റെ ദേഹത്ത് ചാണകവെള്ളം ഒഴിച്ചതും അതേ അവനായിരുന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദം സഹിക്കാനാവാതെ അവന്‍ പഠനമവസാനിപ്പിച്ച് നേരെ പോയി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.ത്യാഗോജ്വലങ്ങളായ സ്വാതന്ത്ര്യ സമരകഥകള്‍ അവനെ പുളകമണിയിച്ചു. രാഷ്ട്രീയത്തിലാണ് തന്റെ ഭാവി എന്ന് അവന്‍ ഉറച്ച് വിശ്വസിച്ചു. 1984 ഒക്ടോബര്‍ 31 വരെ ഞങ്ങളും അങ്ങനെയാണ് കരുതിയത്. അന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ഓഫീസിലേക്ക് പോകുകയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മാറിലേക്ക് അവരുടെ അംഗരക്ഷകര്‍ മൂന്നു റൌണ്ട് നിറയൊഴിച്ചു.
വീണത് കൌത്തയായിരുന്നു. അന്ന് സന്ധ്യ വരെ രഘുവിന്റെ ചാരായ ഷാപ്പില്‍ കിടന്ന ശേഷം രാത്രി കടുങ്ങല്ലൂര്‍ കവലക്ക് നടുവില്‍ ഇട്ടിരുന്ന ടാര്‍ വീപ്പയുടെ മുകളില്‍ കയറി നിന്ന് ഒന്നൊന്നര മണിക്കൂര്‍ നീണ്ട, തെറിവാക്കുകള്‍ മാത്രമടങ്ങുന്ന ഒരു വിടവാങ്ങല്‍ പ്രസംഗം നടത്തി. രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് ഏഴും എട്ടും വയസുള്ള ബുദ്ധിമാന്മാരായ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളോട് കവലയില്‍ വെച്ച് കൌത്ത എന്താണ് പറഞ്ഞതെന്ന് ചോദിച്ചു. കാലാകാലങ്ങളായി പിതൃ-പുതൃബന്ധങ്ങളില്‍ അനുവര്‍ത്തിച്ചു പോന്ന മര്യാദകളെയും മുന്‍കരുതലുകളേയും അല്‍പം പോലും അവഗണിക്കാതെ കൂടുതല്‍ വിശദീകരിച്ച് തങ്ങളുടെ ഉറക്കത്തിന് ഭംഗം വരുത്താന്‍ കൂട്ടാക്കാതെ അവര്‍ ആ പ്രസംഗത്തെ തങ്ങളുടെ കുട്ടികള്‍ക്കായി രണ്ടോ മൂന്നോ വാക്കുകളിലേക്ക് സംഗ്രഹിച്ചു.
"ഇനിയാര്‍ക്കും ഒരു കോപ്പുമില്ല."
പിന്നീടയാള്‍ ആലുവ-എറണാകുളം റൂട്ടില്‍ മത്സരിച്ചോടുന്ന ബസ്സുകളിലൊന്നിലെ ഡോറാപ്പീസറായി സ്ഥാനമേറ്റു. തികഞ്ഞ മനസ്സാന്നിധ്യവും രക്തസമ്മര്‍ദത്തിനടിമപ്പെടാത്ത ഒരു മൂളിപ്പാട്ടുമായി കൌത്ത മുന്‍വശത്തെ ഡോറില്‍ വെന്നിക്കൊടി പാറിച്ചു. മുകളിലെ കമ്പിയില്‍ ഒറ്റക്കയ്യില്‍ തൂങ്ങിനിന്ന് പെണ്‍കുട്ടികള്‍ അവനെ പാളിനോക്കി ചിരിച്ചു. അയാള്‍ കൃഷ്ണമണികള്‍ ഒരേ സമയം രണ്ട് ദിശയിലേക്ക് ചലിപ്പിച്ചു. അയാള്‍ക്ക് വയറെക്കിപ്പിടിച്ച്, നെഞ്ചിടിപ്പ് അഞ്ച് മിനുട്ടിലധികം നിറുത്തിക്കളയാന്‍ കഴിയുമായിരുന്നെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്. സംശയമുള്ള പെണ്‍കുട്ടികള്‍ അയാളുടെ നെഞ്ചോട് ചേര്‍ത്ത് ചെവിവെച്ചു നോക്കി.
എന്തൊരതിശയം. ആ യാത്രകള്‍ അവര്‍ക്ക് ഓര്‍മകളേക്കാള്‍ സുന്ദരമായിരുന്നു.
മത്സരയോട്ടത്തിനിടയിലൊരിക്കല്‍ അടുത്ത ബസ്സിലെ ഡ്രൈവറെ, അല്‍പം പിന്നോട്ട് വളഞ്ഞ്"ഇതാ,ഇത് നീ സൌജന്യമായി എടുത്തുകൊള്‍ക" എന്ന ശ്ലീലമല്ലാത്ത ഒരു വിക്ഷേപത്തിന് ശേഷം ആളുകള്‍ കൂട്ടം ചേര്‍ന്ന് ധൃതി പിടിച്ചുള്ള ഒരരമണിക്കൂറിനിടയില്‍ പെട്ട് കൌത്തയുടെ ഇടതുകാല്‍ പൂര്‍വസ്ഥിതി ഊഹിച്ചെടുക്കനാവാത്ത വിധം തകര്‍ന്നുപോയി.
ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശം അക്ഷരംപ്രതി അനുസരിക്കുകയാണെന്ന മട്ടില്‍ കൌത്ത ആശുപത്രിയില്‍ നിന്ന് നേരെ വന്നത് അബ്രയുടെ അടുത്തേക്കായിരുന്നു.അതോടെ കാര്യങ്ങള്‍ക്ക് ഒരടുക്കും ചിട്ടയുമായി. അബ്രയുടേത് ഒരുന്മാദിയുടെ വെറും ജല്‍പനങ്ങളല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കൌത്ത ഏറ്റെടുത്തു. ആര്‍ക്കും എപ്പൊഴും കയറി വരാവുന്ന ഒരവസ്ഥയില്‍ നിന്ന് അബ്ര പതുക്കെ ഉയരാന്‍ തുടങ്ങി. ദര്‍ശനത്തിനായി മുന്‍കൂട്ടി ചീട്ടെടുത്ത് ക്യൂ നില്‍ക്കേണ്ടി വന്നു.
അതിനു ശേഷമാണ് ഞങ്ങളുടെ നാട് നിന്നിടത്തു നിന്ന് പെരുകാന്‍ തുടങ്ങിയത്. മൂന്ന് കാലില്‍ നിന്ന് അടയാളമിട്ടിട്ട്‌പോയ ശുനകന്‍മാര്‍ തിരികെ വരുമ്പോള്‍ വഴിയറിയാതെ നിന്നു പകച്ചത്. രാവിലെ ഉറക്കമുണരാന്‍ അല്‍പം വൈകിയവര്‍ക്ക് പോലും ഞങ്ങളുടെ നാട് അപരിചിതമാവാന്‍ തുടങ്ങിയത്. യാത്ര പോയിരുന്നവര്‍ തിരികെ വരുമ്പോള്‍ നാടിന്റെ വളര്‍ച്ച കണ്ട് അന്തംവിടും. പഞ്ചായത്ത് കിണറിനടുത്ത് കളിക്കുന്ന കുരുത്തം കെട്ട പിള്ളാരോട് ചോദിക്കും:"ദെന്തൂട്ട്‌റദ്?".
ഞങ്ങള്‍ ഗ്രാമവാസികള്‍ ജീവിതത്തിലൊരിക്കലെങ്കിലും കാണാനും തൊടാന്‍ പോലും ആഗ്രഹിച്ച വലിയ ആളുകള്‍ ഞങ്ങളുടെ നിരത്തുകളിലും കവലകളിലും പതിവുകാരെപ്പോലെ നിന്നു. അസ്സയ്നാരിക്കായുടെ കടയില്‍ നിന്നു ചായ പറയുകയും ശ്രീധരന്‍ നായരുടെ കടയില്‍ നിന്ന സിഗരറ്റ് വലിക്കുകയും ചെയ്തു.
കാലാകാലങ്ങളായി മനുഷ്യന്‍ യന്ത്രങ്ങളോട് ചെയ്ത്‌കൂട്ടിയ കൊടിയ ക്രൂരതകളെല്ലാം നിശിതമായി അപലപിക്കപ്പെട്ടു. അത്യന്താധുനിക സങ്കേതികത്തികവോടെയുള്ള ഒരു കൂറ്റന്‍ വാഹന വര്‍ക്‍ഷോപ് മന്ത്രിമാരാല്‍ മത്സരിച്ചുത്‌കാടനം ചെയ്യപ്പെട്ടു. ആദ്യത്തെ വിമുഖത മാറിയപ്പോള്‍ ജനനേതാക്കളും സാംസ്കാരികനായകരും കാര്യങ്ങള്‍ ബൊദ്ധ്യപ്പെട്ട് കൂടുതല്‍ കൂടുതല്‍ ഉത്ബുദ്ധരായി.
പാസ്സ്‌പോര്‍ട് സൈസ് ഫോട്ടോയിലെ ഒരു പൊട്ടിച്ചിരിയായി അത്.
കാറ്റില്‍ പറന്നുയരുന്ന ഒരു കടലാസ് കണക്കെ പെട്ടെന്ന് പറന്നുയര്‍ന്ന് കൂടുതല്‍ അനുയോജ്യമായൊരിടം നോക്കി പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഞങ്ങളുടെ നാടിനെ അതിവേഗ ട്രെയിനുകളോടുന്ന ഒരു റെയില്‍പ്പാത ഉപയോഗിച്ച് ഭൂമിയുമായി തുന്നിച്ചേര്‍ത്തു. തെക്കുംഭാഗം, വടക്കുംഭാഗം എന്നു രണ്ടായി തിരിച്ച് നാടിനു നടുവിലൂടെ ഒരു നാലുവരിപ്പാത അതിവേഗത്തില്‍ പാഞ്ഞുപോയി.വര്‍ധിച്ചുവരുന്ന വിശ്വാസികളുടെ സൌകര്യത്തിനായി കൌത്തയുടെ മേല്‍നോട്ടത്തില്‍ പ്രഭാവലയ വ്യാപനത്തിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചു.
അബ്ര ആത്മസംസ്കരണത്തിന്റെ ഓരോ പടികള്‍ താണ്ടുമ്പോഴും കൌത്ത ഒരുടപ്പിറപ്പിനെപോലെ കൂടിരുന്നു. മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്കുള്ള പരിണാമഘട്ടങ്ങളിലൊരിക്കല്‍ പോലും അസ്വാഭാവികതയോ അപരിചിതത്വമോ തോന്നാതിരിക്കാന്‍ എല്ലാം തയ്യാറാക്കപെട്ടിരുന്നു. പ്രഹര്‍ഷോന്മാദത്തിന് ശേഷമുള്ള വിവശതയില്‍ ഒരു കല്ലുസോഡ കുടിക്കണമെന്നുള്ള ആഗ്രഹം പോലും നിറവേറ്റപ്പെട്ടു.
പഞ്ചഭൂതങ്ങള്‍ അബ്രക്ക് വഴിപ്പെടുന്നതിനു മുന്‍പായിരിക്കണം ഓര്‍മകള്‍ മാത്രം പെയ്ത ഒരു മഴ വന്നു. നാലു ദിവസം വിശ്രമമില്ലാതെ പെയ്ത മഴ.
മഴ തോര്‍ന്ന ദിവസം.
ആകാശത്തെ വിഷാദം മുഴുവന്‍ വാര്‍ന്നു തീരാത്ത മേഘക്കീറുകള്‍ക്കിടയില്‍ നിന്ന് ഒരു മഞ്ഞ ജനല്‍വെളിച്ചം വീണ് സായാഹ്നം പ്രസന്നമായി. ദൂരെ കളിസ്ഥലത്ത് നിന്നുയരുന്ന കുട്ടികളുടെ ആഹ്ലാദത്തിമിര്‍പ്പും സന്തോഷാധിക്യത്താലുള്ള ഓരിയിടലുകളും അബ്ര കേട്ടു. വര്‍ഷങ്ങല്‍ താണ്ടിയെത്തും പോലെ അവ തീരെ ദുര്‍ബലവും പുരാതനവുമായി തോന്നി. പ്രാചീന സ്മൃതികളുടെ ഒരുണര്‍ത്തുപാട്ട് പോലെ തോന്നിയ അവ കാതോര്‍ക്കും തോറും കൂടുതല്‍ ദയനീയവും വിഷാദാത്മകവുമായിത്തീര്‍ന്നു. അയാള്‍ കിടക്ക വിട്ടെഴുന്നെറ്റിരുന്നില്ല.രണ്ട് മൂന്ന് ദിവസങ്ങളായി ഓര്‍മകളല്ലാതെ കാര്യമായൊന്നും താന്‍ കഴിട്ടില്ലെന്നു അയാളോര്‍ത്തു. വിങ്ങുന്ന തലയും വീങ്ങിയ കണ്ണുകളുമായി അയാള്‍ പതുക്കെ എഴുന്നേറ്റു. മട്ടുപ്പാവിലേക്ക് വേച്ച് നടന്നു. അവിടെ എത്തുമ്പോഴേക്കും അയാള്‍ ഒരു പുതിയ വേഗവും പുതുമയും കൈവരിച്ചിരുന്നു. ചുറ്റുമുള്ള തണുത്ത വായു അയാളെ ഉന്മത്തനാക്കി.
ആ മട്ടുപ്പാവിന്റെ ഉയരത്തില്‍ നിന്ന് ലോകത്തുള്ള സകലമാന ജീവജാലങ്ങളും കേള്‍ക്കെ അയാള്‍ക്ക് ഉറക്കെ കരയാന്‍ തോന്നി. കാരണമില്ലാതെ കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍ വന്ന് അയാളുടെ വായും മൂക്കും നനച്ചു.
ഏറെനാള്‍ കൂടി അയാള്‍ ആകാശം കാണുകയായിരുന്നു.കാറ്റിലാടുന്ന മരങ്ങളെയും പുഴകളേയും പെണ്‍കുട്ടികളേയും. എല്ലാം അയാള്‍ മറന്നിരുന്നു.
അരമതിലില്‍ കൈകളൂന്നി ഒരു വീര്‍പ്പെടുത്തുയരുമ്പോള്‍ ബാല്യത്തില്‍ കണ്ടിരുന്ന മൂന്ന് നക്ഷത്രങ്ങള്‍ ആകാശത്ത് നേര്‍രേഖയില്‍ ദൃശ്യമായി.ദൈവികമായ ഒരു തിരിച്ചറിവില്‍ അയാളുടെ ആത്മാവ് പതഞ്ഞ് തൂവി. അകംപുറം മറിയാതിരിക്കാനായി കണ്ണുംവായും പൂട്ടി അയാള്‍ എറെനേരം അങ്ങനെ നിന്നു.
കാറ്റും മഴയും അടങ്ങി.മഴവെള്ളം കുത്തിയൊലിച്ച വിള്ളലുകളില്‍ വേരുകള്‍ നഗ്നരായി.
തനിക്ക് ചുറ്റുമായി നിയന്ത്രണാതീതമായി പടര്‍ന്ന് പന്തലിച്ച ആശകളുടേയും പ്രതീക്ഷകളുടേയും നിബിഡാന്ധകാരത്തിലേക്ക് ഒരിലക്കീറിന്റെ വാവട്ടത്തില്‍ ഒരുതുള്ളി വെളിച്ചം.രണ്ടാമതൊരിക്കല്‍ കൂടി അതുണ്ടായേക്കില്ല.
അയാള്‍ കൌത്തയെ വിളിച്ചു. ബാല്യകാലത്ത് കൂട്ടുകാരനോടൊത്ത് സംസാരിച്ചു നടക്കുമ്പോള്‍ പൊന്തകള്‍ക്കിടയില്‍ ഒളിച്ച് അവന്‍ അയാളെ ഒറ്റപ്പെടുത്തിയിരുന്നത് പോലെ ജീവിതത്തില്‍ അയാള്‍ അയാളെത്തന്നെയും ഒറ്റപ്പെടുത്തിയിരിക്കുന്നു. തിരിച്ചു നടന്ന് ഏതു പൊന്തയിലാണ് ജീവിതത്തിന്റെ എല്ലാ ഒളിച്ചേ കണ്ടേ കളികളുടെയും രസങ്ങളുമായി താന്‍ പതുങ്ങിയിരിക്കുന്നതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പുതിയ തീര്‍പ്പുകളുടെയും തീരുമാനങ്ങളുടേയും തായമ്പക തീരുമ്പോള്‍ ഏറെനാളായി അയാളുടെ ശരീരത്തിന്റെ ഇറുക്കങ്ങളിലെവിടെയോ തടഞ്ഞുനിന്നിരുന്ന ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്ന് സ്വതന്ത്രമായി.
കൌത്ത തയ്യാറാക്കിയ ഒരു ഗ്ലാസ്സ് പാലും കുടിച്ച് ഉറങ്ങാന്‍ കിടന്നു.
അടുത്ത ദിവസം ഉറക്കമുണരാനാവാതെ, മടങ്ങിയിരിക്കുന്ന വലതു കൈയിലേക്ക് ശരീരം കയേറ്റീവ്ച്ച് മുകളില്‍നിന്ന് താഴേക്ക് വീണവനെപ്പോലെ കമിഴ്ന്ന് കിടന്ന് മരിച്ചു പോയി.
(അഡ്വക്കറ്റ് ജനറലിന്റെ ശക്തമായ ശിപാര്‍ശയോടെ തിരുശരീരം പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നൊഴിവാക്കണമെന്ന കൌത്തയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. എന്തെന്നാല്‍, നിത്യ ചൈതന്യത്തിലേക്ക് നീരാവി പോലുയരുന്ന ജീവന്‍ ശരീരത്തില്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കുന്നില്ല.)
Subscribe to:
Posts (Atom)