Wednesday, May 06, 2009

മിസ്സിസ്‌ ജെന്നിഫര്‍ കോശിയെ ആരോ നോക്കുന്നുണ്ട്‌.

അലെക്സിനെ ഓഫീസിലേക്ക്‌ യാത്രയാക്കി ഗേറ്റിന്റെ തണുത്ത ഇരുമ്പഴികളില്‍ കവിളമര്‍ത്തി വെറുതെ മുഴുകി നില്‍ക്കുമ്പോള്‍ വേറെ ഒരോര്‍മ തൊട്ടുവിളിക്കും പോലെ ജെന്നിഫര്‍ ഒന്നനങ്ങി.
തന്നെ ആരോ നോക്കുന്നുണ്ട്‌.
ഇത്തരം തോന്നലുകളെ ഒരാട്ടിന്‌ തുരത്താന്‍ അവള്‍ക്കറിയാഞ്ഞല്ല. ഓരോ തോന്നലുകളും ഓരോ നീക്കങ്ങള്‍ ആണ്‌. ദൈവവും സാത്താനും തമ്മിലുള്ള ചതുരംഗം മുന്നേറുന്നത്‌ അങ്ങനെയാണ്‌. ഏത്‌ ചേരിയാണെന്നറിയാതെ അവയെ ചിമ്മിയകറ്റുന്നത്‌ ദൈവഹിതമാവാനിടയില്ല.
തോന്നലുകള്‍ ഘനീഭവിച്ച്‌ ചെയ്തികളാകും മുന്‍പുള്ള നിര്‍ണായകമായ ഒരു ദശാസന്ധിയില്‍ അവ അവയുടെ ഉണ്മയേയും ഉറവിടത്തേയും പറ്റി ഒരു വെളിപാട്‌ മിന്നിക്കും. ആ സമയത്ത്‌ - അതിനി ജപമാല തിരയാനാണെങ്കില്‍ക്കൂടി - അവയില്‍ നിന്നും മുഖം തിരിക്കുന്നിടത്താണ്‌ പാപം തുടങ്ങുന്നതെന്നാണ്‌ ജെന്നിഫര്‍ കരുതുന്നത്‌.
തിരിഞ്ഞ്‌ നടക്കുമ്പോള്‍ മുറ്റത്ത്‌ കൊഴിഞ്ഞ്‌ നിരന്ന ഇലകളില്‍ നിന്ന്‌ കണക്കില്ലാതെ കുറേയെണ്ണിയെടുത്ത്‌ അവള്‍ പുറത്തേക്കെറിയും. ദിവസത്തിന്റെ കണക്കെടുക്കുന്ന മാലാഖമാരെ സഹായിക്കാനാണത്‌. സൂക്ഷ്മദൃക്കും കണിശക്കാരനുമായ ദൈവം, മിസിസ്‌ ജെന്നിഫര്‍ കോശിയുടെ ഏകസമാനമായ ദിനരാത്രങ്ങളെ തമ്മില്‍ തിരിച്ചറിയാന്‍ ഈ ഇലകളുടെ എണ്ണത്തെ ആശ്രയിക്കട്ടെ!.
ആകാശ നീല സാരിയണിഞ്ഞ ദിവസത്തില്‍ നിന്ന് പൊന്മാന്‍ നീല സാരിയണിഞ്ഞ ദിവസം എന്നതിനേക്കാള്‍ പതിനൊന്ന്‌ ഇലകള്‍ എറിഞ്ഞ ദിവസം പന്ത്രണ്ട്‌ ഇലകള്‍ എറിഞ്ഞ ദിവസത്തില്‍ നിന്ന്‌ എളുപ്പം വേര്‍തിരിച്ചറിയപ്പെടും.
എണ്ണത്തിന്റെ കണിശതയാണോ അതോ ശീലത്തിന്റെ കണിശതയാണോ അവളെക്കൊണ്ട്‌ അങ്ങനെ ചെയ്യിക്കുന്നതെന്ന് ഉറപ്പിക്കാനാവുമായിരുന്നില്ല.
ഗൈനക്കോളജിസ്റ്റുകളുടെ കാത്തിരിപ്പ്‌ തീണ്ടിയ മുറികളില്‍ മാസികകളില്‍ മറിയുന്ന മടുപ്പുകള്‍ക്കും കാറ്റിനേക്കാളേറെ വിരസത മന്ത്രിക്കുന്ന ഫാനിന്റെ ഉറങ്ങുറങ്ങ്‌ മൂളക്കത്തിനുമിടയിലാണ്‌ അവള്‍ 'എണ്ണിക്കളയല്‍' ഒരു ശീലമാക്കിയത്‌.
കസേരകള്‍ , ഗോവണിപ്പടികള്‍, ജനലഴികള്‍ ഇങ്ങനെ സാവധാനം തുടങ്ങിയ ശീലം ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ പാന്റുകള്‍, അഞ്ച്‌ വാഷിംഗ്‌ മെഷീന്‍ തുറന്ന്, ആറ്‌ അതിലിട്ടടച്ച്‌, ഏഴ്‌ നോബ്‌ തിരിച്ച്‌ എന്ന രീതിയില്‍ നിലവിടാന്‍ തുടങ്ങിയിരുന്നു.ഗേറ്റില്‍ നിന്ന് റിസപ്ഷനിലേക്കുള്ള ദൂരം, റിസപ്ഷനില്‍ നിന്ന് ഡോക്റ്ററുടെ മുറുയിലേക്കുള്ള ദൂരം അങ്ങനെ ഓരോ കാല്‍വെയ്പ്പുകളും അവള്‍ എണ്ണിക്കളഞ്ഞു.
ഇടക്ക്‌ തറയില്‍ പാകിയ ആവശ്യത്തിലധികം വലിയ ടൈലുകള്‍ അവളുടെ മനക്കണക്ക്‌ തെറ്റിച്ചു. അപ്പോഴെല്ലാം അലെക്സിന്റെ ശ്രദ്ധയില്‍ പെടാതെ അല്‍പം കവച്ച്‌ ചാടി അനുപാതം ശരിയാക്കേണ്ടി വരികയോ എണ്ണല്‍തന്നെ പുനരാരംഭിക്കേണ്ടിവരികയോ ചെയ്യേണ്ടി വന്നു അവള്‍ക്ക്‌.
ജെന്നിഫര്‍ സ്വാതന്ത്ര്യത്തെ നേര്‍ക്കുനേര്‍ നേരിടുന്നത്‌ പലപ്പോഴും അടഞ്ഞ അകത്തളങ്ങളിലും പാതി ഇരുട്ടിലുമാണ്‌. അതിനായി അവള്‍ വാതിലുകള്‍ എല്ലാം അടച്ചു മുറുക്കും. അപ്പോഴേക്കും അവള്‍ക്ക്‌ പോക്കേണ്ട സമയം മുറിച്ചു കടക്കേണ്ട ഒരു കടല്‍ പോലെ ആ അടഞ്ഞ വീടിനകത്ത്‌ തളം കെട്ടും.
അലെക്സ്‌ ഓഫീസില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും പാതിരാത്രി കഴിയും. ഇപ്പോഴത്തെ പ്രൊജെക്റ്റിന്റെ ഡെഡ്‌ലൈന്‍ അടുത്ത മാസമായതിനാല്‍ അതിലും വൈകാനാണ്‌ അയാള്‍ക്കിഷ്ടം.
വാതില്‍ തഴുതിട്ട്‌ തനിച്ചാവുമ്പോള്‍ അനസ്യൂതവും ക്രമേണ തീവ്രവുമായി തീര്‍ന്നേക്കാവുന്ന ഒരാന്തരിക ചോദനയെ പ്രതിരോധിക്കാനായി അവള്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കും. ഗ്യാസടുപ്പിനേയോ അയേണ്‍ബോക്സിനേയോ ചൊല്ലി അല്‍പം ഉറക്കെത്തന്നെ ആവലാതിപ്പെട്ടുകൊണ്ട്‌ അവള്‍ അകത്തേക്ക്‌ പായും. കിടപ്പ്‌മുറിയുടെ കൊതിമൂത്ത വാതിലും താണ്ടി അടുക്കളയില്‍ പോയി പാത്രങ്ങള്‍ കഴുകി വെക്കും. മാറിയ തുണികള്‍ വാഷിംഗ്‌ മെഷീനില്‍ കഴുകാനിടും. തന്റെ തന്നെ തീരുമാനങ്ങളുടെ ദൃഢതയാല്‍ ഉത്തേജിതയാക്കപ്പെട്ട്‌ വീട്‌ മുഴുവന്‍ വൃത്തിയാക്കാന്‍ തുടങ്ങും. അധികം താമസിയാതെ താനെന്തെടുക്കാനാണ്‌ ഇവിടെ വന്നത്‌ എന്നോര്‍മ്മിക്കാനാവാതെ വീടിന്റെ ഏതെങ്കിലുമൊരു കോണില്‍ പോയി അവള്‍ തടഞ്ഞു നില്‍ക്കും.
ഒടുവില്‍ അല്ലാത്ത സമയങ്ങളിലെല്ലാം ഒരചഞ്ചല വിശ്വാസിയായിരിക്കുന്നതിന്റെ സൌജന്യമെടുത്ത്‌ മരണം വരെ വെറുതെ ചുരുണ്ട്‌കൂടി കിടന്നാലും അത്‌ ജീവിതമാണ്‌ എന്ന നിഗമനത്തിലേക്കെത്തിച്ചേരും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒടുവില്‍ ഒരേ സമ്മാനം നല്‍കപ്പെടുന്ന ഒരു സൌഹൃദമത്സരത്തില്‍ കഠിനാദ്ധ്വാനം കൊണ്ടും അശ്രാന്ത പരിശ്രമം കൊണ്ടും തീരുമാനിക്കപ്പെടേണ്ടതായി ഒന്നുമില്ല.
അവള്‍ നേരെ പോയി ദിനപത്രമെടുക്കും. പത്രവായന തുടങ്ങിയതിനു ശേഷമാണ്‌ അടച്ചുപൂട്ടിയ മുറിയില്‍ പോലും തന്നെയാരോ നോക്കുന്നുണ്ടെന്ന് അവള്‍ക്ക്‌ തോന്നിതുടങ്ങിയത്‌. മുന്‍പ്‌ ഭര്‍ത്താവിനോടൊപ്പമുള്ള ഒരു ദീര്‍ഘയാത്രയില്‍ തന്റെ വീര്‍പ്പുമുട്ടി നിന്ന മാറിടത്തിനരികിലായി പിന്‍സീറ്റിനിടയിലൂടെ നീണ്ട്‌വന്ന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഏകാഗ്രതയോടെ നിന്ന് വിറച്ച കൈവിരലുകളെപ്പ്പ്പോലെ അതവളെ സമ്മിശ്രത്തിലാക്കി. നേരിയ സംഭ്രമത്തിലാക്കി.
അന്ന് വലത്തേ മുലയില്‍ പെരുമ്പറ കൊട്ടി മിടിക്കുന്ന ഒരു ഏകകോശജീവിയായി മാറിയ ആ നിമിഷങ്ങള്‍ അവളെ പലപ്പോഴും അസംഗതമായി ഉജ്ജ്വലിപ്പിച്ചു.
തുടരെത്തുടരെയുള്ള ഹെയര്‍പിന്നുകളാല്‍ മാടിയൊതുക്കിയ തേയിലത്തോട്ടങ്ങളും തണുത്ത കാറ്റും സൂയിസൈഡ്‌ പോയിന്റില്‍ നിന്ന്‌ താഴേക്കു നോക്കുമ്പോഴുള്ള അതേ സംഭ്രമവും ആ യാത്രക്കു ശേഷം അവളെ ഓര്‍മിപ്പിക്കുന്നതും അവളനുഭവിക്കുന്നതും ഇപ്പോള്‍ ദിനപ്പത്രത്തിന്റെ ഈ ഉള്‍പേജുകള്‍ വായിച്ചു പോകുമ്പോഴാണ്‌.
പുരുഷന്റെ വര്‍ത്തമാനമൂല്യത്തെ പ്രതിനിധീകരിക്കാന്‍ ദിനപ്പത്രത്തേക്കാള്‍ പ്രാപ്തി വേറൊന്നിനുമില്ല. പുറം പേജുകള്‍ ഹസ്തദാനവും സ്നേഹപ്രകടനങ്ങളും കൊണ്ട്‌ നിറയും.അവിടെ അവന്‍ ഏറ്റവും നല്ല ചിരി ചിരിക്കും. ബഹിരാകാശ യാത്ര നടത്തുകയുംതൊട്ടതിലെല്ലാം ലോക റെക്കോര്‍ഡ്‌ സ്ഥാപിക്കുകയും ചിരിച്ചു കൊണ്ട്‌ കൈവീശുകയും ചെയ്യും.
ഉള്‍പേജുകളില്‍ അക്ഷരങ്ങള്‍ ഇടതൂര്‍ന്ന്‌ വരും. കൊള്ളിവെയ്പ്പ്‌, കൊലപാതകം, വഞ്ചന, ആള്‍മാറാട്ടം, ബലാല്‍സംഗം. ഏഴുമുതല്‍ എഴുപതു വയസ്സുകാരിയെ വരെ അവന്‍ ബലാല്‍സംഗം ചെയ്ത്‌ പീഢിപ്പിച്ച്‌ കഴുത്ത്‌ ഞെരിച്ച്‌ കൊന്ന് കളയും.
പുരുഷന്‍ ഉള്‍പേജുകളില്‍ എന്താണെന്നറിയാന്‍ ദിനപ്പത്രം വെറുതെ മലര്‍ത്തിയിട്ടാല്‍ മതി."
ബലാല്‍സംഗം ചെയ്തു കൊള്ളൂ, പക്ഷെ ഈ ക്രൂരന്മാര്‍ ജീവനെടുക്കുന്നതെന്തിനാണ്‌?" ജെന്നിഫറിനു മനസ്സിലാവാത്തത്‌ അതാണ്‌.
അത്‌ കേട്ട്‌ അലെക്സിനു ചിരിയാണ്‌ വന്നത്‌. അത്‌ മറച്ചു വെക്കാതെ തന്നെ അയാള്‍ ന്യായം പറഞ്ഞു. സ്ത്രീകള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ഭൂമുഖത്ത്‌ നിന്ന് ബലാല്‍സംഗം ഉന്മൂലനം ചെയ്യാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. അവര്‍ സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ പരിഗണിക്കാതെ എതിര്‍ക്കുകയും ഒച്ച വെച്ച്‌ ആളെ കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌പ്രധാന പ്രതിസന്ധി. അവന്‍ ചിരിച്ചു.
ദേഷ്യം വന്ന് ജെന്നിഫറിന്റെ മുഖം പുകഞ്ഞു.
"സ്ത്രീകള്‍ക്ക്‌ നിങ്ങള്‍ പുരുഷന്മാരേ പ്പോലെ പാപികളായി ജീവിക്കാന്‍ ഇഷ്ടമില്ല.".
"ശരിയാണ്‌". അലെക്സ്‌ ഗൌരവം ഭാവിച്ചു.
പാപികളുടെ എണ്ണം ഗണ്യമായി കുറക്കുന്നു എന്നതാണ്‌ ലൈംഗികപീഡനങ്ങളുടെ പ്രധാന നേട്ടം.മുറ പോലെ രണ്ടു പേരടങ്ങുന്ന ഒരു പാപം പൂര്‍ത്തിയാക്കപ്പെടുകയും പാപത്തിന്റെ വരവ്‌ പുസ്തകത്തില്‍ ഒരാള്‍ മാത്രം പങ്കാളിയാവുകയും ചെയ്യുന്ന ഒരതിശയപ്രവൃത്തി!.
ഈ പുലഭ്യത്തിന്‌ മറുപടി അര്‍ഹിക്കുന്നില്ല.
ജെന്നിഫര്‍ കുലുങ്ങിത്തെറിച്ച്‌ തിരിഞ്ഞ്‌ കിടന്നു. കുളിച്ചപ്പോള്‍ വെള്ളം പോയടഞ്ഞ അവളുടെ ചെവി തുറന്ന് ഒരു ഹുങ്കാരം പോയി.
ഓരോ തവണ ദിനപ്പത്രത്തില്‍ നിന്നുയരുമ്പോഴും അവള്‍ക്കോര്‍മ വരുന്നത്‌ റെയില്‍വേ സ്റ്റേഷനടുത്ത്‌ നിന്ന് അവളുടെ വീടിനടുത്തുള്ള മെയിന്‍ റോഡില്‍ വന്നു ചേരുന്ന ഗുഡ്‌സ്ഷെഡ്‌ റോഡിനെക്കുറിച്ചാണ്‌. നഗരത്തിന്റെ വടക്ക്‌ ഭാഗത്ത്‌ നിന്ന് റെയില്‍വേ ക്രോസ്സ്‌ കടന്ന് റെയില്‍വേ സ്റ്റേഷനിലേക്കും മാര്‍ക്കറ്റിലേക്കുമുള്ള ഏറ്റവും കുറഞ്ഞ ദൂരം. വെറും അഞ്ചു മിനിറ്റ്‌ നടത്തം. അല്ലാതെ ഓവര്‍ബ്രിഡ്ജ്‌ കയറി കറങ്ങി പോവുകയാണെങ്കില്‍ ഓട്ടോറിക്ഷയില്‍ പോയാല്‍ പോലും ഇരട്ടി സമയം വേണം. എന്നിട്ടും മാനം മര്യാദയുള്ള ആരും അതിലെ പോകുന്നതായി കണ്ടില്ല. ജെന്നിഫര്‍ തന്നെ ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകും. ഒരിക്കല്‍ പോലും അതു വഴി നടന്നു പോകാനുള്ള ധൈര്യം അവള്‍ക്കിതേ വരെ കിട്ടിയിട്ടില്ല.
ഗുഡ്‌സ്‌ഷെഡില്‍ ചുമടെടുക്കുന്ന ക്രൂരന്മാരായ ബലിഷ്ടകായര്‍, റെയില്‍വേസ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കുന്ന പോക്കറ്റടിക്കാര്‍, പിടിച്ചുപറിക്കാര്‍, തെരുവു വേശ്യകള്‍, ഗുണ്ടകള്‍ ഇവരെല്ലാം കൂട്ടുകുടുംബമായി താമസിക്കുന്ന ഒരിടം.
ദിനപ്പത്രത്തിന്റെ ഉള്‍പേജുകളിലേക്ക്‌ ആളുകള്‍ ഇറങ്ങി വരുന്നത്‌ എവിടെ നിന്നെന്നറിയാന്‍ കവടി നിരത്തേണ്ടതുണ്ടായിരുന്നില്ല.
ഉള്‍പേജുകളില്‍ അഭിരമിച്ചു തീരാറാവുമ്പോഴേക്കും ഒരു തീരുമാനത്തിലെത്തിയതിന്റെ ശാന്തതയും സ്ഥൈര്യവും അവള്‍ കൈവരിക്കും. അപ്പോള്‍ വാതില്‍ തഴുതിട്ട്‌ തനിച്ചായത്‌ മുതല്‍ ഒതുങ്ങിയും പതുങ്ങിയും അവളോടൊപ്പമുള്ള ഒരാന്തരിക പ്രേരണ തനിക്കു താന്‍ പോന്നവനെ പോലെ നേരെ മുന്‍പില്‍ വന്ന് അവള്‍ക്കൊരു ഷേക്‌ക്‍ഹാന്‍ഡ്‌ കൊടുക്കും.
സമയം കളയാതെ ദിനപ്പത്രം കുടഞ്ഞു കളഞ്ഞ്‌ അവള്‍ കിടപ്പു മുറിയിലെത്തും. ഒരു നിമിഷം ശ്വാസമടക്കി നിന്നതിനു ശേഷം കൈകള്‍ അല്‍പം മുന്നിലേക്ക്‌ വിടര്‍ത്തി ശരീരം അയച്ച്‌ അവള്‍ അവളുടെ ലക്ഷണമൊത്ത്‌ മിടിക്കുന്ന ഉടലിനെ കിടപ്പു മുറിയിലെ ദുര മൂത്തു നില്‍ക്കുന്ന നിലക്കണ്ണാടിക്ക്‌ മുന്നിലേക്ക്‌ അഴിച്ചു വിടും.
"ഇതാ ഞാന്‍".
കണ്ണാടിക്കു മുന്‍പില്‍ പൂര്‍ണനഗ്നയായ ആദ്യത്തെ ദിവസം രാത്രി അവള്‍ അലെക്സിന്റെ മുഖത്ത്‌ നോക്കിയില്ല. ഭക്ഷണം കഴിക്കുമ്പോഴും മുടികെട്ടി കിടക്കാനൊരുങ്ങുമ്പോഴും ഇടതടവില്ലാതെ സംസാരിച്ചു കൊണ്ട്‌ അവള്‍ തന്റെ കുറ്റബോധത്തെ അതിജീവിച്ചു.
തികച്ചും ബോധ്യത്തോടെയാണ്‌ അവളാ രണ്ട്‌ കാര്യങ്ങളും - പത്രവായനയും കണ്ണാടിക്കു മുന്നിലെ വിശ്രമവും- ചെയ്തിരുന്നതെങ്കിലും കുറ്റബോധത്തോടെയല്ലാതെ പിന്നീട്‌ അതിനെ ക്കുറിച്ച്‌ ആലോചിക്കാനാവുമായിരുന്നില്ല. ദിവസേന പത്രവായന കഴിഞ്ഞ്‌ കിടപ്പു മുറിയില്‍ വിശ്രമിക്കുന്നതില്‍ ദൈവത്തിനോ സാത്താനോ കാര്യങ്ങള്‍ ഒന്നുമില്ല. പക്ഷേ അവളുടെ തന്നെ - ദൈവത്തിന്റേതല്ല -ചില അതിരുകളുടെ നിഷ്കര്‍ഷയാല്‍ അവ ഇനി ചെയ്യേണ്ടതില്ല എന്നവള്‍ ഓരോ തവണയും തീരുമാനിക്കും. കൃത്യം അത്രയും തവണ അവളത്‌ ലംഘിക്കുകയും ചെയ്തു.
ആദ്യകാല സാഹസികത ഒഴിച്ചാല്‍ കോട്ടുവാ കൊണ്ടോടുന്ന ഒരു ശകടമായിരുന്നു അവരുടെ ദാമ്പത്യം. കാലിലെ ഒരു മുറിവ്‌ വേദനയോടെ വെച്ചു കെട്ടുകയാണ്‌ എന്ന മട്ടിലുള്ള അവരുടെ മധുവിധു കാല ഇണചേരലുകള്‍ പോകെപ്പോകെ പരസ്പരം എന്തോ മറന്ന് വെച്ചത്‌ പോലെ തുടങ്ങുന്ന ഒരനുഷ്ടാനമായി മാറിയിരുന്നു."ഞാനത്‌ ഇവിടെയെവിടെയോ വെച്ചിരുന്നല്ലോ" എന്നു തുടങ്ങുകയും "കണ്ടതായി ഓര്‍ക്കുന്നില്ല ഇവിടെയാങ്ങാനും നോക്കൂ, ഞാനും സഹായിക്കാം" എന്നു പുരോഗമിക്കുകയും ചെയ്യുന്ന ഒരു തട്ടിക്കൂട്ട്‌ സംഗതി. ഇടയില്‍ അലെക്സ്‌ താഴെ മേശക്കടിയിലേക്കു പോയ ഒരു ചെറിയ സ്ക്രൂവോ മറ്റോ തപ്പിയ്യെടുക്കുന്നത്‌ പോലെ തല മുകളിലേക്കുയര്‍ത്തി ഒരൂഹം വെച്ച്‌ കയ്യിട്ട്‌ പരതി വശം കെടും.
ഒടുവില്‍ ലക്ഷ്യം കാണാതെ കിതച്ചു നിന്നേക്കുമെന്ന ഒരു ഘട്ടത്തില്‍ 'വളര്‍ത്തുദോഷ"മെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാത്തത്ര കയ്യടക്കത്തോടെയും സ്വഭാവികതയോടെയും അവള്‍ അടിപ്പാവാടയുടെ വലിക്കേണ്ട വള്ളി അയാളുടെ വിരലുകള്‍ക്കിടയിലേക്ക്‌ തിരുകി വെച്ചു കൊടുക്കും.
സമയോചിതമായ അത്തരം ഇടപെടലുകളിലൂടെ അവള്‍, പലപ്പോഴും വഴിമുട്ടി നിന്നു പോയേക്കാവുന്ന ആ ശകടത്തെ വീണ്ടും ചില ഊടുവഴികളിലൂടെ തിരിച്ചു വിടുമായിരുന്നു.
***
അന്ന് സാധനങ്ങള്‍ വാങ്ങാന്‍ ജെന്നിഫര്‍ പതിവിലും വൈകിയാണിറങ്ങിയത്‌. പലഹാരങ്ങള്‍ വാങ്ങി പച്ചക്കറിക്കടയിലെത്തുമ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.
പച്ചക്കറിക്കാരന്‍ പയ്യന്‍ ലക്ഷണമൊത്ത ഒരു പച്ചക്കറിയില്‍ തൊട്ടു ചിരിച്ചു.
"ഇതെടുക്കട്ടേ ചേച്ചീ"
ദേഷ്യം കൊണ്ട്‌ ജെന്നിഫറിന്റെ മുഖം പുകഞ്ഞു.
പയ്യന്‍ ഷര്‍ട്ടിടാതെ വിടന്റെ ചിരി വീണ്ടും ചിരിച്ചു. മുഴുവന്‍ കെട്ടും മട്ടും സൂചിപ്പിച്ച്‌ അവന്‍ പച്ചക്കറിയില്‍ തലോടി.
"നല്ല ഫ്രഷാ ചേച്ചീ, എടുക്കട്ടെ"
"ഛീ പട്ടിക്കഴ്‌വേറീടാ മോനെ, അപ്പൊ നീ നിന്റെ കൊല്ലമുളക്‌ എന്തോ ചെയ്യും?".
ചോദിച്ചില്ല.
ജെന്നിഫര്‍ ഒരക്ഷരം മിണ്ടിയില്ല.
സ്വീകരണമുറിയിലെ വെളുത്ത പ്ലേറ്റുകളില്‍ മാത്രം കണ്ടിട്ടുള്ള ആരും തിന്നു കണ്ടിട്ടില്ലാത്ത രണ്ട്‌ സഞ്ചി നിറയെ മധുര പലഹാരങ്ങളുമായി അവള്‍ റെയില്‍വേസ്റ്റേഷന്‍ മൈതാനി മുറിച്ചു നടന്നു. പോകുന്ന പോക്കില്‍ അന്ത്യനാളിലെ വിധിപറച്ചില്‍ ദിവസത്തില്‍ സ്വര്‍ഗസ്ഥരുടെ കൂട്ടത്തിലേക്ക്‌ പേര്‌ വിളിച്ച്‌ ആനയിക്കപ്പെടുമ്പോള്‍ തന്റെ മുഖത്ത്‌ ഒരു തരിമ്പ്‌ പോലും പതര്‍ച്ച പ്രകടമാവാതിരിക്കാനായി ഓട്ടോറിക്ഷാക്കരനു കൊടുക്കാന്‍ ചില്ലറ കയ്യിലില്ല എന്നവള്‍ വീണ്ടും വീണ്ടും ഉറപ്പു വരുത്തി.
മൂന്നാല്‌ മിനിറ്റ്‌ കൊണ്ട്‌ നടന്നെത്താവുന്ന ഒരെളുപ്പ വഴിയുള്ളപ്പോള്‍ ഓട്ടോറിക്ഷാക്കാരനുമായി ചില്ലറയില്ലാത്തതിനെ ചൊല്ലി അടികൂടുക.
ഇതില്‍ ദൈവഹിതമേതെന്നറിയാന്‍ തല്‍ക്കാലം വെളിപാടിനു കാത്തുനില്‍ക്കേണ്ടതില്ലെന്ന് അവള്‍ക്ക്‌ തോന്നി. അതും ഈ നേരമില്ലാത്ത നേരത്ത്‌.
നടക്കുന്നതിനിടയില്‍ അവള്‍ പരസ്പര ബന്ധമില്ലാത്ത ഇംഗ്ലീഷ്‌ വാക്കുകള്‍ ഉപയോഗിച്ച്‌ പിറിപിറുത്തു.
പിടിച്ചിടത്ത്‌ നില്‍ക്കാത്ത തന്റെ ഷിഫോണ്‍ സാരി വലിച്ചു കീറുക എളുപ്പമല്ല. പോര്‍ച്ചട്ട പോലെ മുറുകി വലിഞ്ഞ തന്റെ ബ്ലൌസ്‌ പരമാവധി ഏകാഗ്രതയോടെ ഒരു മൂന്നാല്‌ നിമിഷം വീര്‍പ്പടക്കി നിന്നാലേ തനിക്കു പോലും അഴിക്കാനാവൂ.
പക്ഷെ വിദഗ്‌ധന്മാര്‍ക്ക്‌ ജീവിക്കാന്‍ അത്രമാത്രം സമയം ആവശ്യമില്ല!.
അവരുടെ മര്‍മം കരുതിയുള്ള ഒരു സ്പര്‍ശത്തില്‍ തന്നെ ഒരു പക്ഷെ തന്റെ ബ്ലൌസ്‌ പൊട്ടിത്തെറിച്ച്‌ പല കഷണങ്ങളായിത്തിരിഞ്ഞ്‌ ശലഭങ്ങളായി പറന്നേക്കും. ഏതായാലും ഒരാളെയാവില്ല നേരിടേണ്ടതെന്ന് അവള്‍ക്കുറപ്പായിരുന്നു.അവര്‍ക്കിത്‌ അത്ര പുത്തരിയൊന്നുമാവില്ല. ഒന്ന് വാവിട്ട്‌ കരയാനോ ഓടി രക്ഷപേടാനോ ശ്രമിക്കും മുന്‍പ്‌ വാ പൊത്തുകയും മിക്കവാറും ബലിഷ്ടകായനായ ഒരുവന്‍ തന്നെ പിറകില്‍ നിന്ന് കോര്‍ത്ത്‌ പിടിക്കുകയും ചെയ്യും. പിന്നെ ഒന്നു മൂളാനോ ഞരങ്ങാനോ വല്ലപ്പോഴും കാലുകള്‍കൊണ്ട്‌ ചവിട്ടാനോ കഴിഞ്ഞേക്കും. അത്രമാത്രം.
ഇതു പോലുള്ള ഒരു അസുലഭ ശരീരം നോക്കി ആരും വെറുതെ കൈകെട്ടി നില്‍കുമെന്ന് അവള്‍ കരുതുന്നില്ല. ഒരു പക്ഷെ തീരെ ദുര്‍ബലനായ ഒരുവന്‍ തന്റെ ഊഴം കാത്ത്‌ മാറി നിന്ന് ബീഡി വലിക്കുകയോ അല്ലെങ്കില്‍ ബഹളം കേട്ട്‌ എന്താണ്‌ കാര്യമെന്നറിയാന്‍ വരുന്ന മുട്ടയില്‍ നിന്ന് വിരിയാത്ത പിള്ളാരെ "ടാ പോട ക്‍ടാങ്ങളേ" എന്നാര്‍ത്ത്‌ വിളിച്ചോടിച്ച്‌ അക്ഷമയോടെ കാത്തുനില്‍ക്കുകയോ ചെയ്യും.
കാര്യം വേശ്യകള്‍ ആണെങ്കിലും ഇതിനെതിരെ ഏതെങ്കിലുമൊരു സ്ത്രീ ശബ്ദമുയര്‍ത്തുകയോ കണ്ടതായി നടിക്കുകയോ ചെയ്യുമെന്നും അവള്‍ കരുതുന്നില്ല. ഒന്നോര്‍ത്താല്‍ അവറ്റകള്‍ വരാതിരിക്കുന്നതാണ്‌ ഭേദം. തന്റെ അഴിഞ്ഞു വീണ സാരിയുമായി കടന്നുകളഞ്ഞാല്‍ ഇരുട്ടാണെങ്കിലും വീട്ടില്‍ തിരിച്ചെത്തുക ഒരു പക്ഷെ അസാധ്യമായേക്കും.
ടാക്സി സ്റ്റാന്റും പാര്‍ക്ക്‌ ചെയ്ത ഇരുചക്രവാഹനങ്ങളേയും കടന്ന് അവള്‍ ഗുഡ്‌സ്ഷെഡ്‌ റോഡിനു മുന്നിലെത്തി.
ഒരു നിമിഷം ശ്വസമടക്കി നിന്നതിനു ശേഷം കൈകല്‍ അല്‍പം മുന്നിലേക്ക്‌ വിടര്‍ത്തി ശരീരം അയച്ച്‌ അവള്‍ അവളുടെ ലക്ഷണമൊത്ത്‌ മിടിക്കുന്ന ഉടലിനെ ദുരമൂത്ത്‌ നില്‍ക്കുന്ന ഗുഡ്‌സ്ഷെഡ്‌ റോഡിലേക്ക്‌ അഴിച്ചു വിട്ടു.
"ഇതാ ഞാന്‍!".
അപ്പോള്‍ ജെന്നിഫെറിന്റെ മിനുസമാര്‍ന്ന അതിരുകളില്‍ വേറേ ഒരു കാറ്റ്‌ വീശി.
***
പിറ്റേന്ന് രാവിലെ ജെന്നിഫര്‍ പല്ലു തേച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഗേറ്റില്‍ പാല്‍ വന്നത്‌. അതെടുക്കാന്‍ പോകുമ്പോള്‍ സിറ്റൌട്ടില്‍ ദിനപ്പത്രം പുതുമണം വിടാതെ കിടക്കുന്നത്‌ കണ്ടു.
"കള്ളം" അവളത്‌ ഒരായത്തില്‍ കുനിഞ്ഞെടുത്തു. "പച്ചക്കള്ളം" ദുരിശത്തിലത്‌ അകത്തേക്കെറിഞ്ഞിട്ട്‌ അവള്‍ പാല്‍ എടുക്കാന്‍ പോയി.
---

5 comments:

mariam said...

മിസ്സിസ്‌ ജെന്നിഫര്‍ കോശിയെ ആരോ നോക്കുന്നുണ്ട്‌.

അ‌ബ്ദു. said...

വീണ്ടും വന്നുവല്ലേ

സെറീന said...

ചില ആഴങ്ങള്‍ വാക്കുകള്‍ക്കു പിടി തരില്ല.. എന്നാലും
ഒന്നും പറയാതിരിക്കുന്നതെങ്ങനെ...
ഉടലും ഉയിരും ഏകാന്തതയുടെ
മഞ്ഞുപെയ്തു ഉറഞ്ഞു പോകുമ്പൊള്‍
"മരണം വരെ വെറുതെ ചുരുണ്ട്‌കൂടി കിടന്നാലും
അത്‌ ജീവിതമാണ്‌ എന്ന നിഗമനത്തിലേക്കെത്തിച്ചേരുന്നു" എങ്കില്‍
വരട്ടെ, ആരെങ്കിലും വലിച്ചെറിഞ്ഞുടയ്ക്കുന്ന ഒച്ചയെങ്കിലും,
മുറിച്ചു കീറുമ്പോഴെങ്കിലും അറിയുമല്ലോ ജീവനുണ്ടെന്നു.
മടങ്ങി വരവ് ഗംഭീരമായി

സിജി said...

വളരെ മികച്ച ആഖ്യാനം.

റോബി said...

Stranger than fiction?